ന്യൂഡൽഹി: രണ്ട് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തില അവരുടെ മൃതദേഹം പോലും വെറുതേവിടാതെ വികൃതമാക്കിയ പാക്കിസ്ഥാനെതിരെ കടുത്ത വികാരമാണ് ഇന്ത്യൻ മനസുകളിൽ. പാക്കിസ്ഥാന്റെ ക്രൂരതയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇന്ത്യയിൽ നുഴഞ്ഞു കയറി ഭീകരാക്രമണം നടത്തിയ പാക് ഭീകരരെ തുരക്കാൻ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ രണ്ടാം ഭാഗത്തിന് സമയമായെന്നാണ് പൊതുവികാരം. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നാണ് ഓരോ ഭാരതീയരും ആവശ്യപ്പെടുന്നത്.

സോഷ്യൽ മീഡിയയിലും രണ്ടാം സർജിക്കൽ സ്‌ട്രൈക്കിന് സമയമായെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. എത്രകാലം നമ്മൾ കാത്തിരിക്കും. ഇനിയും സന്ധി സംഭാഷണം പാടില്ല. നമ്മൾ ചെയ്യേണ്ടത് ശക്തമായ സർജിക്കൾ സ്‌ട്രൈക്കാണ്. സി കെ റോഷൻ എന്നയാൾ ട്വിറ്ററിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. സമാനമായ രീതിയിൽ ശക്തമായ തിരിച്ചടി പാക്കിസ്്ഥാന് നൽകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് പ്രചരണവും ശക്തമായിട്ടുണ്ട്.

ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും സൈന്യത്തിന് വൻ നാശനഷ്ടമുണ്ടാകുന്നു. സൈന്യത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ട നടപടികളാണ് വേണ്ടത്. അതുണ്ടാകുന്നില്ലെങ്കിൽ അതിർത്തിയിലെ ദുരന്തങ്ങൾ തുടരുമെന്നും ചിലർ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്ക് റേഞ്ചേഴ്‌സ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് രണ്ടു സൈനികർക്കു വീരമൃത്യു സംഭവിച്ചത്. റോക്കറ്റാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെ ആക്രമിച്ച പാക്ക് സൈന്യം, കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയായിരുന്നു.

ഇതിനിടെ പാക്ക് സൈന്യത്തിന്റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി. ഒരു സൈന്യത്തിൽനിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റേതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയതോടെ അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായി.

കഴിഞ്ഞ വർഷം സെപ്റ്റംബർ 29ാം തിയ്യതിയാണ് ഇന്ത്യൻ സേന അതിർത്തി കടന്ന് പാക്കിസ്ഥാന് കനത്ത പ്രഹരം ഏൽപ്പിച്ച സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. പാക്കിസ്ഥാന്റെ ഭാഗത്ത് കനത്ത ആൾനാശമാണ് ഇന്ത്യൻ സർജിക്കൽ സ്‌ട്രൈക്കിൽ ഉണ്ടായത്. ഏതെങ്കിലും പ്രത്യേക കേന്ദ്രത്തെ ലക്ഷ്യമിട്ട് ദ്രുതഗതിയിൽ നടത്തുന്ന ശക്തമായ ആക്രമണത്തെയാണ് സൈന്യത്തിന്റെ ഭാഷയിൽ സർജിക്കൽ സ്ട്രൈക്ക് എന്ന് പറയുന്നത്. ഇത്തരം ആക്രമണങ്ങളിൽ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളെ പൂർണമായും തകർക്കുന്നതാണ് സൈന്യത്തിന്റെ രീതി. എന്നാൽ ചുറ്റുമുള്ള പ്രദേശങ്ങളിൽ വിപത്ത് ഒന്നും തന്നെ ഉണ്ടാകില്ല. പാക്കിസ്ഥാനുമായി യുദ്ധമുണ്ടായാൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന തന്ത്രങ്ങളിലൊന്നാണ് സർജിക്കൽ സ്ട്രൈക്ക്.

മൂന്ന് സേനാ വിഭാഗങ്ങൾക്കും സർജിക്കൽ സ്ട്രൈക്ക് നടത്താൻ പരിശീലനം ലഭിച്ചിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്കിൽ ആകാശമാർഗമോ കരമാർഗമോ ലക്ഷ്യകേന്ദ്രത്തിൽ എത്തിയാണ് ആക്രമണം നടത്തുന്നത്. പാക് അധിനിവേശ കശ്മീരിൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ ആകാശമാർഗമാണ് സൈന്യം തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത കമാൻഡോകളെ പാരച്യുട്ട് വഴി ഇറക്കിയായിരുന്നു ആക്രമണം.

ശത്രുവിന് തിരിച്ചടിക്കാൻ അവസരം ലഭിക്കുന്നതിന് മുൻപേ സൈന്യം ആക്രമണം നടത്തും. പ്രധാന ഓപ്പറേഷൻ നടത്തുന്ന ടീമിനെ സഹായിക്കുന്നതിന് സഹായക സംഘവും ഒപ്പമുണ്ടാകും. സി4ഐഎസ്ആർ പിന്തുണ എന്നാണ് സൈന്യം ഇതിനെ വിശേഷിപ്പിക്കുന്നത്. ചടുലമായ നീക്കങ്ങളും കൃത്യമായ ആശയവിനിമയവുമാണ് സർജിക്കൽ സ്ട്രൈക്കിനെ വിജയിപ്പിക്കുന്നത്.