പനാജി: ഗോവയിലെ കടലോര റിസോർട്ടിലെ നടപ്പാതയിലൂടെ സൈക്കിളിൽ പോകുന്നയാളെ കണ്ടവർ ഒരു നിമിഷത്തെയ്ക്കു അമ്പരന്നു. പിന്നെയും സമയമെടുത്തു കണ്ടതു കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയാണെന്നു വിശ്വസിക്കാൻ. പാർട്ടിയുടെ അധ്യക്ഷനായി രാഹുൽ ഗാന്ധിയെ നിയമിച്ചതോടെ പതിയെ പാർട്ടിയുടെ ചുമതലകളിൽ നിന്നും ഒഴിവായാണ് സോണിയ വിശ്രമ ജീവിതത്തിലേക്ക് നീങ്ങിയത്.

മകന്റെ സ്ഥാനാരോഹണവും ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലുകളിലും കഴിഞ്ഞ ശേഷമാണ് സോണിയ ഗാന്ധി ഗോവയിൽ അവധി ആഘോഷിക്കാൻ എത്തിയത്. രാഹുൽ തിരക്കിലായിരിക്കുന്ന വേളയിൽ തന്നെയാണ് സോണിയ ഗാന്ധി തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും പിൻവാങ്ങി ഗോവയിൽ ഒഴിവു വേളകൾ ആസ്വദിക്കാൻ ഗോവയിലെ ലീല ഹോട്ടലിൽ എത്തിയത്. ചൊവ്വാഴ്‌ച്ച ഗോവയിലെ ലീല ഹോട്ടലിൽ എത്തിയ സോണിയ ഗാന്ധി ജനുവരി ആദ്യ ആഴ്‌ച്ച വരെ അവിടുണ്ടാകുമെന്നാണ് വിവരം.

കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതൽ കാലം വഹിച്ചിട്ടുള്ള സോണിയാ ഗാന്ധി, ആ തിരക്കുകളിൽനിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങൾ ആസ്വദിക്കകയാണ് ഇവിടെ. പുലർച്ചകളിൽ ചെറിയ സൈക്കൾ സവാരി. ഇടയ്ക്ക് റിസോർട്ടിലെ മറ്റ് അതിഥികൾ സോണിയയോടൊപ്പം സെൽഫിയെടുക്കാനെത്തുന്നു. എല്ലാവരോടും ഒരുപോലെ സൗഹൃദം പങ്കിട്ട് സോണിയ. ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യൻ വിഭവമായ മസാല ദോശ ഓർഡർ ചെയ്ത് ഭക്ഷണമേശയിൽ ക്ഷമയോടെയുള്ള കാത്തിരിപ്പ്.

അടുത്ത ഏതാനും സുഹൃത്തുക്കൾക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയിൽ ഒഴിവുദിവസങ്ങൾ ചെലവഴിക്കാനെത്തിയത്. വാർത്തകൾ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങൾ വായിച്ചുമാണ് സോണിയ സമയം ചിലവഴിക്കുന്നതെന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇത് ആദ്യമായല്ല സോണിയ ഗാന്ധി ഗോവയിൽ ലീല റിസോർട്ടിലെത്തുന്നത്.

ഏതാനും മാസങ്ങൾക്കു മുമ്പ് ഡൽഹി അന്തരീക്ഷ മലിനീകരണം കൊണ്ട് ബുദ്ധിമുട്ടിയപ്പോൾ ആസ്തമ രോഗിയായ സോണിയ ഗാന്ധി ഇവിടെ ദിവസങ്ങളോളം ചിലവഴിച്ചിരുന്നു. ഡൽഹിയിൽ നിന്ന് മാറിനിൽക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. ഈ മാസം ആദ്യമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുത്തത്. ഇതോടെ സോണിയ വിശ്രമ ജീവിതത്തിലേയ്ക്ക് നീങ്ങിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിക്കൊണ്ട് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.