ന്യൂഡൽഹി: ഭരണ പ്രതിപക്ഷ പാർട്ടികളുടെ അളവറ്റ പിന്തുണയോടെയാണ് ആൾദൈവം ആശാറാം ബാപ്പു തഴച്ചു വളർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്ര ഗുരു എന്ന് വിളിച്ചാണ് പീഡന കേസിലെ പ്രതിയായ സ്വാമിയെ ആദരിച്ചിരുന്നത്. മുഖ്യമന്ത്രിയായ മോദി പ്രധാനമന്ത്രിയാകുമെന്ന പ്രവചനം ആശാറാം ബാപ്പു നടത്തിയിരുന്നു. അസാറാമിനെ രാഷ്ട്രഗുരുവെന്ന് പ്രകീർത്തിച്ച നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതൽ തുടങ്ങിയ ബന്ധം പ്രധാനമന്ത്രിയായപ്പോഴും തുടർന്നു. തങ്ങൾക്ക് ആത്മബന്ധമുള്ള രാഷ്ട്രഗുരു പകർന്നുനൽകുന്ന ഊർജം ഭാവിയിലെ പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് മോദി പലപ്പോഴും ആവർത്തിച്ചു. ഇതോടെ ആശാറാം ബാപ്പു നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട ഗുരുവായി മാറി. നിരവധി രാഷ്ട്രീയ നേതാക്കളുടെ ആശ്രിത വത്സലനായാണ് ആശാറാം ബാപ്പു തന്റെ സാമ്രാജ്യം വളർത്തി എടുത്തത്്.

ഗുജറാത്തും മധ്യപ്രദേശം അദ്ദേഹത്തിന് സൗജന്യമായ ഭൂമി വരെ നൽകി. ബിജെപിക്കൊപ്പം കോൺഗ്രസും വിവാദ ആൾദൈവത്തെ കൈയയച്ച് സഹായിച്ചു. ഇരു പാർട്ടികളുടെയും പിന്തുണ കൂടിയായപ്പോൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ആശാറാം ബാപ്പു പടർന്നുപന്തലിച്ചത്. അനധികൃതമായി ഭൂമി അനുവദിച്ചും ആശ്രമത്തിലെ കുറ്റകൃത്യങ്ങൾക്കെതിരെ കണ്ണടച്ചുമായിരുന്നു അസാറാമിന് ഇരുപാർട്ടികളും സംരക്ഷണമൊരുക്കിയത്.

1981ലും 1992ലും ഗുജറാത്തിലെ കോൺഗ്രസ് സർക്കാരുകൾ 14,515 ചതുരശ്ര മീറ്റർ ഭൂമി അനുവദിച്ചു. മധ്യപ്രദേശിലെ ദിഗ്‌വിജയ്‌സിങ്ങ് സർക്കാർ 1998ൽ ഏഴ് ഏക്കർ ഭൂമി അനുവദിച്ചു. ഗുരുദക്ഷിണ എന്ന പേരിൽ വർഷം ഒരു രൂപമാത്രം ഈടാക്കിയാണ് ഭൂമി പാട്ടത്തിനുനൽകിയത്. ഇതുവഴി സംസ്ഥാന ഖജനാവിന് അഞ്ചുകോടി രൂപയുടെ നഷ്ടമുണ്ടായി. അസാറാമിന്റെ കാലുതൊട്ട് വണങ്ങുന്ന ദിഗ്‌വിജയ് സിങ്ങിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സൂറത്തെിലെയും മറ്റും ആശ്രമങ്ങളുടെ പ്രവർത്തനത്തിന് അകമഴിഞ്ഞ പിന്തുണ നൽകി. മുഖ്യമന്ത്രി പദത്തിൽ നിന്ന് താങ്കൾ പ്രധാനമന്ത്രി പദത്തിലേക്ക് ഉയരുമെന്ന് പറഞ്ഞ അസാറാമിനെ സത്‌സംഗത്തിൽ വച്ച് കെട്ടിപ്പിടിച്ചാണ് മോദി നന്ദി പ്രകാശിപ്പിച്ചത്. ഒന്നുമല്ലാതിരുന്ന കാലംമുതൽ അസാറാം തന്ന ഊർജമാണ് തന്നെ വളർത്തിയതെന്ന് മോദി പറഞ്ഞിരുന്നു. അസാറാമിനൊപ്പം ഭജനയിൽ പങ്കെടുത്ത മോദിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അസാറാമിന്റെ ആശ്രമത്തിന് 1997ലും 1999ലുമായി ബിജെപി സർക്കാർ 25,000 ചതുരശ്ര മീറ്റർ ഭൂമി അനുവദിച്ചിരുന്നു.

അഹമ്മദാബാദിലെ സബർമതി നദീതീരത്ത് 1970കളിൽ ആരംഭിച്ച ആശ്രമം ഇന്ത്യയിലും വിദേശത്തുമായി 400 ആശ്രമങ്ങളായി പടർന്നുപന്തലിച്ചു. 2008ൽ ബന്ധുക്കളായ രണ്ട് യുവാക്കൾ ആശ്രമത്തിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. വൻ അനുയായികളുടെ പിന്തുണയുള്ള ആശാറാം തരാതരംപോലെ ബിജെപിയെയും കോൺഗ്രസിനെയും പിന്തുണച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെ ശക്തമായ പിന്തുണയുമായി ബിജെപി രംഗത്തുവന്നു. കോൺഗ്രസിനെ ആക്രമിക്കാനും ആശാറാമിന്റെ പതിനായിരക്കണക്കിനുവരുന്ന അനുയായികളുടെ പിന്തുണ ഉറപ്പിക്കാനുമുള്ള അവസരമായാണ് ബിജെപി ഇതിനെ കണ്ടത്. കോൺഗ്രസ് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ആശാറാമിനെതിരായ കേസ് ഗൂഢാലോചനയാണെന്നുമായിരുന്നു ബിജെപി നേതാവ് ഉമാഭാരതിയുടെ പ്രതികരണം.

രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ചത്തീസ്ഗഡ്, പഞ്ചാബ് സംസ്ഥാന സർക്കാരുകൾ മുഖ്യ അതിഥി പദവിയാണ് ആശാറാമിന് നൽകിയിരുന്നത്. മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയ്, എൽ കെ അദ്വാനി, ജോർജ് ഫെർണാണ്ടസ്, ഉമാ ഭാരതി, കമൽനാഥ്, കപിൽ സിബൽ തുടങ്ങിയവരും അടുത്തബന്ധം പുലർത്തിയിരുന്നു.