ന്യൂഡൽഹി: ഉത്തരേന്ത്യയിലെ കരുത്തനായ ആൾ ദൈവമാണ് അസാറാം ബാപ്പു. പതിനാറുവയസ്സുകാരിയെ ബലാൽസംഗം ചെയ്തകേസിൽ ആൾദൈവം ആസാറാം ബാപ്പു ജീവപര്യന്തം തടവിലാകുന്നത് പെൺകുട്ടിയെ നിശ്ചയദാർഡ്യം കൊണ്ട് മാത്രമാണ്. ഇയാളടക്കം മൂന്നു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റു രണ്ട് പേർക്ക് 20 വർഷം തടവിനും ശിക്ഷിച്ചു. വിധിപ്രസ്താവം കേട്ട് കോടതിയിൽ ആസാറാം കുഴഞ്ഞു വീണു.

ഉത്തരേന്ത്യയിലെ നൂറിലേറെ ആശ്രമങ്ങളുടെ സ്ഥാപകനും സ്വയം പ്രഖ്യാപിത ആൾദൈവവുമാണ് ആസാറാം ബാപ്പു. ശിക്ഷാവിധിപ്രഖ്യാപനത്തിന്റെ മുന്നോടിയായി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ജോധ്പുർ സെൻട്രൽ ജയിലിന് മുന്നിലും വൻ സുരക്ഷാ സന്നാഹമുണ്ട്. ഡൽഹിയിലെ ആശ്രമവു പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. എട്ടോളം അനുയായികളെ ഇതിനോടകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ മൂന്ന് സാക്ഷികളാണ് കൊല്ലപ്പെട്ടത്. ഒൻപത് പേരെ ആക്രമിച്ച് മൊഴി മാറ്റാനും ശ്രമിച്ചു. പക്ഷേ ഇതൊന്നും ആസാറാം ബാപ്പുവിന് തുണയായില്ല. രാജസ്ഥാനിലെ ജോധ്പുരിൽ പട്ടികജാതി-പട്ടിക വർഗക്കാരുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ബുധനാഴ്‌ച്ച രാവിലെയാണ് ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മധുസൂദൻ ശർമയാണ് കേസിൽ വിധി പ്രസ്താവിച്ചത്.

2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുർ മനായിലുള്ള ആശ്രമത്തിൽ വെച്ച് 16കാരിയെ ബലാൽസംഗം ചെയ്‌തെന്നാണ് ആസാറാം ബാപ്പുവിനെതിരേയുള്ള കേസ്. പതിനാറുകാരിയുടെ പരാതിയെത്തുടർന്ന് പോക്‌സോ, ബാലനീതിനിയമം, പട്ടികജാതി-വർഗ (അതിക്രമം തടയൽ) നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം അദ്ദേഹത്തിന്റെ പേരിൽ കുറ്റം ചുമത്തിയിരുന്നു. ഈ കേസിലാണ് ജീവപര്യന്തം ശിക്ഷം. പ്രായം 77കഴിഞ്ഞു. അതുകൊണ്ട് തന്നെ അസാറാം ബാപ്പുവിന് ജയിലിൽ തന്നെയാകും അന്ത്യ ജീവിത നാളുകളും. വിധിപ്രസ്താവനാ ദിവസം ഇരയുടെ വീടിനും പരിസരത്തും ജില്ലാ ഭരണകൂടം സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

ജയിലിലും ആസാറാം ബാപ്പുവിനെ സഹായിക്കാൻ നിരവധി പേരുണ്ട്. പണത്തിന്റെ തിളക്കമാണ് ഇതിന് കാരണം. അങ്ങനെ സഹായിക്കാൻ ആളെത്തിയാൽ ജയിലിലും വിവിഐപിയായി തുടരും. ഇല്ലെങ്കിൽ തടവറയിലെ നിലത്ത് കിടന്നുള്ള നരക ജീവിതവും. ഏതായാലും കോടതി വിധിയെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. പീഡകർ എത്ര ഉന്നതരായാലും അർഹിക്കുന്ന ശിക്ഷ കിട്ടുമെന്നതിന് തെളിവാവുകായണ് ആസാറാം കേസ്.

കേസിൽ സാക്ഷികളായിരുന്ന അസാറാമിന്റെ പാചകക്കാരൻ, പിഎ, എൽഐസി ഏജന്റ് എന്നിവർ വിചാരണസമയത്ത് വെടിയേറ്റു മരിച്ചു. അസാറാമിനെ ചികിൽസിച്ചിരുന്ന ആയുർവേദ ഡോക്ടറും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. സാക്ഷികളെ കൊന്നതിന് അറസ്റ്റിലായവർ അസാറാമിന്റെ ശിഷ്യന്മാരാണെന്നു വ്യക്തമായി. സാക്ഷികളായ മറ്റ് ഒൻപതുപേർക്കെതിരെ കൊലപാതക ശ്രമങ്ങളുണ്ടായി.

നിർഭയയെ തള്ളിപ്പറഞ്ഞ സ്വാമി

നിർഭയ കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭാഗത്തെ തെറ്റാണ് മാനഭംഗത്തിനു കാരണമായതെന്ന പ്രസ്താവനയിലൂടെ അസാറാം വിവാദമുണ്ടാക്കിയിരുന്നു. 'സഹോദരങ്ങളേ' എന്നു വിളിച്ചു പെൺകുട്ടി കരഞ്ഞു കേണിരുന്നുവെങ്കിൽ അവർ ഒന്നും ചെയ്യില്ലായിരുന്നു എന്നായിരുന്നു അസാറാമിന്റെ അന്നത്തെ പരാമർശം. അതിവേഗം പടർന്ന് പന്തലിച്ച സ്വാമിയും നിർഭയയുടെ മരണത്തിന് ശേഷം ഉണ്ടായ പോക്‌സോയിൽ കടുങ്ങുന്നു.

ബാപ്പുവിന്റെ ജീവിതം തുടങ്ങുന്നത് 1941ൽ ഇപ്പോൾ പാക്കിസ്ഥാനിലുള്ള സിന്ധിലാണ്. വിഭജനകാലത്ത്, ആറാം വയസ്സിൽ ഇന്ത്യയിലേക്കു പലായനം- അന്നത്തെ പേര് അസുമാൽ സിരുമലാനി. അഹമ്മദാബാദിലാണു കുടുംബം താമസമുറപ്പിച്ചത്. അസുമാലിനു 10 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. നാലാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചു. ദരുതിങ്ങൾക്കിടയിൽ ഹിമാലയത്തിൽ എത്തി. അവിടെ നിന്ന് സ്വാമിയും. 1964ൽആസാറാം എന്നു പേരു ലഭിച്ചു. 1970കളുടെ തുടക്കത്തിൽ അഹമ്മദാബാദിലെ മൊട്ടേര ഭാഗത്ത് സബർമതി നദിയുടെ തീരത്തു തിരികെ എത്തി. 1972ൽ മോക്ഷകുടീരം എന്ന പേരിൽ ചെറിയ ആശ്രമം തുടങ്ങി. ഇത് വളർന്ന് വലുതായി. 2013ൽ കേസിൽപെട്ട് ജയിലിൽ എത്തുമ്പോഴേക്കും 10,000 കോടിയിലേറെ രൂപയുടെ ആസ്തിയുള്ള വ്യക്തിയായി അസാറാം ബാപ്പു മാറിയിരുന്നു.

40 വർഷംകൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നാനൂറിലേറെ ആശ്രമങ്ങളാണ് അസാറാം തീർത്തത്. എന്തിനും തയാറായി പതിനായിരക്കണക്കിന് ആരാധകരും ശിഷ്യന്മാരും. വിവാഹിതനാണ് അസാറാം. ഭാര്യ ലക്ഷ്മീദേവി. നാരായൺ സായി എന്ന മകനും ഭാരതി ദേവി എന്ന മകളുമുണ്ട്. ഗുജറാത്തിലെ സൂറത്തിൽ അച്ഛനും മകനും ഉൾപ്പെട്ട പീഡനക്കേസിൽ നാരായൺ സായിയും ജയിലിലാണ്. 2008 ലാണ് അസാറാമിന്റെ തകർച്ചകൾക്കു തുടക്കം. മൊട്ടേരയിലെ ഗുരുകുൽ ആശ്രമത്തിൽ താമസിച്ചു പഠിച്ചിരുന്ന ബന്ധുക്കളായ രണ്ടു കുട്ടികൾ സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹം ആശ്രമത്തിനു സമീപം നദീതീരത്തുനിന്നാണു കണ്ടുകിട്ടിയത്. മാതാപിതാക്കൾ പൊലീസിനെ സമീപിച്ചെങ്കിലും കേസ് എടുത്തില്ല. ആഭിചാരക്രിയകളെ തുടർന്നാണു കുട്ടികൾ കൊല്ലപ്പെട്ടതെന്ന് ആരോപണം ഉയർന്നിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നു പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നീടാണ് 2013ൽ ഇപ്പോൾ ശിക്ഷ വിധിക്കപ്പെട്ട കേസുണ്ടായത്. ഇതിൽ അറസ്റ്റിലായ ശേഷമാണ് സൂറത്തിലെ സഹോദരിമാർ അച്ഛനും മകനുമെതിരെ പീഡനക്കേസുമായി പൊലീസിനെ സമീപിക്കുന്നത്. ഇതിന്റെ വിചാരണ ഗാന്ധിനഗറിലെ കോടതിയിൽ പുരോഗമിക്കുന്നു. പല സ്ഥലങ്ങളിലും ഭൂമി കയ്യേറിയാണ് ആശ്രമങ്ങൾ സ്ഥാപിച്ചതെന്ന പരാതിയും പിന്നാലെയുണ്ടായി,

സ്വാമിയെ അഴിക്കുള്ളിലാക്കിയത് പെൺകുട്ടിയുടെ നിശ്ചയദാർഡ്യം

ബാപ്പുവിനെ അഴിക്കുള്ളിലെത്തിച്ചത് ഒന്നുമാത്രം - ഇരയായ പതിനാറുകാരിയുടെ നിശ്ചയദാർഢ്യം. ഉത്തർപ്രദേശിലെ ഇടത്തരം കുടുംബത്തിൽനിന്നുള്ള പെൺകുട്ടി. അവളുടെ മാതാപിതാക്കൾക്കു അവളെ കൂടാതെ രണ്ട് ആൺമക്കളും. പിതാവു നടത്തുന്ന ചെറിയ ട്രാൻസ്‌പോർട്ട് ബിസിനസ് പ്രതിസന്ധി നേരിട്ടപ്പോഴാണ് കുടുംബം അസാറാമിന്റെ ഭക്തരായത്.

പെൺകുട്ടി ഏഴാം ക്ലാസ് പാസായപ്പോൾ ചിന്ദ്‌വാരയിലെ ഗുരുകുലത്തിൽ പഠിക്കാൻ അസാറാം ആവശ്യപ്പെട്ടു. അങ്ങനെ മൂന്നാം ക്ലാസിലുള്ള ഇളയസഹോദരനൊപ്പം ഗുരുകുലത്തിൽ എത്തി. 11-ാം ക്ലാസിൽ പഠിക്കുമ്പോഴാണു ഹോസ്റ്റലിൽ തലചുറ്റി വീണത്. കുട്ടിയുടെ ശരീരത്തിൽ ദുഷ്ടാത്മാവ് പ്രവേശിച്ചെന്നു പറഞ്ഞ് മന്ത്രങ്ങൾ ചൊല്ലി അതിനെ അകറ്റാൻ ഗുരുകുലം മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. പിന്നീടാണു മാതാപിതാക്കളോടൊപ്പം 2013 ഓഗസ്റ്റ് 15ന് അസാറാമിന്റെ ജോധ്പുരിലെ ആശ്രമത്തിൽ ചികിൽസയ്ക്കായി എത്തിയത്. പൂജയ്ക്കുശേഷം അസാറാം മാതാപിതാക്കളെ പറഞ്ഞുവിട്ട്, പെൺകുട്ടിയെ മുറിയിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ ഉറച്ചു നിന്നതോടെ കേസ് കടുത്തു.

അറസ്റ്റ് ഒഴിവാക്കാൻ മധ്യപ്രദേശിലെ ഇൻഡോറിലെ ആശ്രമത്തിൽ താമസമാക്കിയെങ്കിലും സെപ്റ്റംബർ ഒന്നിന് ജോധ്പുർ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ലൈംഗിക ശേഷിയില്ല എന്ന വാദമാണ് അന്ന് 72കാരനായ അസാറാം ആദ്യം ഉയർത്തിയത്. എന്നാൽ വൈദ്യ പരിശോധനയിൽ ഇതു തെറ്റാണെന്നു കണ്ടെത്തി. ഇതും നിർണ്ണായകമായി.

ബാപ്പുവിന്റെ സ്മാരകങ്ങൾക്ക് പേരു മാറ്റം

അസാറാം ബാപ്പുവിന്റെ പേരിലുള്ള പൊതുസ്ഥലങ്ങൾക്കു പുതിയ പേരിടാമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. പ്രായപൂർത്തിയാകാത്ത കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ അസാറാം ബാപ്പുവിനെ കോടതി ശിക്ഷിച്ചതിനെ തുടർന്നു സാമൂഹികപ്രവർത്തകരുടെ ആവശ്യത്തിനു വഴങ്ങിയാണു പേരു മാറ്റുമെന്നു ചൗഹാൻ അറിയിച്ചത്.

ഭോപാലിൽ അസാറാം ബാപ്പുവിന്റെ ആശ്രമത്തിനു സമീപമാണ് അദ്ദേഹത്തിന്റെ പേരിൽ റോഡ് ജംക്?ഷനും ബസ്സ്റ്റാൻഡുമുള്ളത്. കോടതി വിധി വന്നുകഴിഞ്ഞപ്പോൾ 1984ലെ യൂണിയൻ കാർബൈഡ് ദുരന്തത്തിന്റെ ഇരകൾക്കായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക രചന ധിങ്ര സമൂഹ മാധ്യമങ്ങളിൽ ഈ ആവശ്യം ഉന്നയിച്ചു വിഡിയോ പോസ്റ്റ് ചെയ്തു.

സാമൂഹിക പ്രവർത്തകയായ അക്ഷയ് ഹുങ്കയും വിഷയം ഏറ്റെടുത്തു. ഇതിനോടു പ്രതികരിച്ച ചൗഹാൻ ഔറംഗസീബിന്റെ പേരിലുള്ള റോഡിന്റെ പേരുമാറ്റിയ രാജ്യമാണിതെന്നും തീർച്ചയായും ഈ വിഷയത്തിലും യുക്തമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.