കോട്ടയം: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നു സമീപം ഇപ്സ്്വിച്ചിലുണ്ടായ വാഹനാപകടത്തിൽ മലയാളി സഹോദരിമാർ മരിച്ചു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളിൽ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ ആശ മാത്യ(24)ു, അഞ്ജു മാത്യു(18) എന്നിവരാണ് മരിച്ചത്. ആലീസിന്റെ മാതൃസഹോദരൻ ഓസ്ട്രേലിയയിൽ ഉണ്ടായിരുന്ന ഫാ. ജോർജ് കൊണ്ടൂക്കാലയാണ് അപകടവിവരം നാട്ടിൽ അറിയിച്ചത്.

ഓസ്ട്രേലിയയിലെ ബ്രിസ്ബനിനു സമീപം ടൂവൂംബയിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്ന അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്നാണു നാട്ടിൽ ലഭിച്ച വിവരം. അഞ്ജുവായിരുന്നു കാർ ഓടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

അഞ്ജുവും സഹോദരിമാരായ അനു, എബി എന്നിവരും ബ്രിസ്ബനിൽ നേഴ്സ്മാരായി ജോലി ചെയ്യുകയാണ്. ഇളയ സഹോദരിയായ ആശ +2 കഴിഞ്ഞ് നഴ്സിങ് പഠനത്തിനായി മൂന്നു മാസം മുമ്പാണ് ഓസ്ട്രേലിയയിൽ അഞ്ജുവിന്റെ അടുത്തെത്തിയത്.

തങ്ങളോടൊപ്പം വീട്ടിൽ ഉണ്ടായിരുന്ന സഹോദരി അനുവിനെ ബുഡേസെർട്ടിലുള്ള അവരുടെ താമസസ്ഥലത്താക്കിയശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കാറിൽ അഞ്ജുവും ആശയും മാത്രമാണുണ്ടായിരുന്നത്. പീക്ക്‌സ് ക്രോസിംഗിനു സമീപത്തു വച്ച് ഇവരുടെ കാറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. അഞ്ചു വർഷമായി അഞ്ജു ഓസ്ട്രേലിയയിലാണ്. യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ക്യൂൻസ് ലാൻഡിൽ നിന്നാണ് അഞ്ജു നഴ്‌സിങ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ലൂർദ്‌സ് ഹോമിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. മൂത്ത സഹോദരി എബിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഒന്നര വർഷം മുമ്പാണ് അഞ്ജു നാട്ടിലെത്തി മടങ്ങിയത്.

ദീർഘകാലം മസ്‌കറ്റിൽ ജോലിയിലായിരുന്ന മാത്യു നാട്ടിലെത്തിയിട്ട് അഞ്ചു വർഷം ആകുന്നതേയുള്ളു. എബിയുടെ ഭർത്താവ് അനീഷും ഓസ്ട്രേലിയയിൽ നേഴ്സ് ആണ്. ഇവരുടെ മറ്റു ചില ബന്ധുക്കളും ഓസ്ട്രേലിയയിലുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

ടൂവൂംബയിലെ മലയാളി സമൂഹത്തിനിടെ ഏറെ പ്രിയങ്കരികളായിരുന്നു ഈ സഹോദരിമാർ എന്ന് ഇവരുടെ സുഹൃത്തും മലയാളിയുമായ രഞ്ജിത്ത് വടശേരി ഓർക്കുന്നു. ഇവരുടെ വേർപാട് ടൂവൂംബയിലെ ഇന്ത്യൻ സമൂഹത്തേയും ഹോളി നെയിം പാരീഷ് അംഗങ്ങളേയും നടുക്കിയിരിക്കുകയാണ്. 2010 മുതൽ ഹോളി നെയിം ചർച്ചിൽ പതിവു സന്ദർശകയായിരുന്നു അഞ്ജുവെന്ന് ഇടവക വികാരി ഫാ. മാത്യു കൂട്ടിയാനിയിൽ പറഞ്ഞു.