ആലപ്പുഴ : വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത.ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് പുളിത്തറയിൽ ലാലന്റെ ഭാര്യ ആശ (36) യുടെ മരണത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന് ബന്ധുക്കൾ പരാതിയിൽ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ആശ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.പതിനാറ് വർഷം മുമ്പായിരുന്നു അരൂക്കുറ്റി നാലാം വാർഡിൽ കിഴക്കേപുരക്കൽ തേവന്റെ മകൾ ആശയെ ലാലൻ വിവാഹം ചെയ്തത്.

അടുത്തിടെ ലാലന്റെ പരസ്ത്രീ ബന്ധത്തെ ചൊല്ലി ലാലനും ആശയും തമ്മിൽ മിക്കപ്പോഴും വഴക്കുണ്ടാക്കൽ പതിവായിരുന്നു. ആശയെ ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ആത്മഹത്യക്ക് നിർബ്ബന്ധിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. പീഡനം അസഹ്യമായതോടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച സഹോദരൻ ചിത്രൻ ആശയെ വീട്ടിലേക്ക് കൊണ്ടു പോരുകയും ചെയ്തു. എന്നാൽ വീട്ടിലും ലാലൻ എത്തി ആശയുമായി വഴിക്കിട്ടിരുന്നു.

മരണത്തിന് തൊട്ടു മുമ്പ് ലാലൻ ആശയുമായി വഴക്കുണ്ടാക്കിയതായി പ്രദേശവാസികൾ പറഞ്ഞു. ലാലൻ പുറത്തേക്ക് പോയതിനുശേഷം ആശയെ മരിച്ച നിലയിലാണ് നാട്ടുക്കാരും ബന്ധുക്കളും കണ്ടത്. ആശ മരിച്ച് അഞ്ച് മിനിറ്റിനകം മരണ വിവരം അറിയിക്കാതെ തന്നെ ലാലൻ അവിടെ നിലവിളിയോടെ എത്തിയതായും ബന്ധുക്കൾ പറഞ്ഞു.

ആശയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതോ ആത്മഹത്യക്ക് നിർബന്ധിച്ചതോ ആകാമെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് മേധവിക്കും മുഖ്യമന്ത്രിക്കും പൂച്ചാക്കൽ പൊലീസിനും പരാതി നൽകിയിട്ടുണ്ട്.