- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോരോഗത്തിന് ഉള്ള കടുത്ത മരുന്നുകൾ നൽകിയത് എട്ട് വർഷത്തോളം; സതീഷിനെ കാത്തിരുന്നത് മനോരോഗമോ മരണമോ; ആശ സുരേഷിന് മരുന്നിനെ കുറിച്ച് വിവരം കിട്ടിയത് ഇന്റർനെറ്റിൽ നിന്നും സുഹൃത്തുക്കൾ മുഖേനയും; ഭാര്യ ലക്ഷ്യമിട്ടത് ഭർത്താവിനെ നിഷ്‌ക്രിയനാക്കി സ്വത്തുക്കളുടെ നിയന്ത്രണം
പാലാ: ഭർത്താവറിയാതെ ഭാര്യ മനോരോഗത്തിനുള്ള മരുന്ന് കൊടുത്ത് തളർത്തിയതിന് പിന്നിലെ ലക്ഷ്യം വ്യക്തമായി. ഭർത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത് എന്നാണ് ആശ സുരേഷ് പൊലീസിനോട് പറഞ്ഞത്. ഇതു കൊടുത്താൽ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല'- കൂട്ടുകാരിക്ക് ആശ സുരേഷ് നൽകിയ ഈ സന്ദേശമാണ് ഭർത്താവിന് മാനസിക രോഗത്തിന്റെ മരുന്നു കൊടുത്ത കേസിൽ ഭാര്യയെ വെട്ടിലാക്കിയത്. ഈ വോയിസ് ക്ലിപ്പ് നിർണായക തെളിവായി മാറുകയായിരുന്നു. എന്നാൽ, ഭർത്താവിനെ നിഷ്‌ക്രിയനാക്കി വരുതിയിലാക്കി സ്വത്തുക്കളുടെ നിയന്ത്രണം കൈവശപ്പെടുത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. സുഹൃത്തുക്കൾ മുഖേനയും ഇന്റർനെറ്റിൽ നിന്നുമാണ് മാരകമായ ആന്റിബയോട്ടിക്കുകളെ സംബന്ധിച്ച വിവരം ലഭിച്ചതെന്നാന് പ്രതി പൊലീസിനോട് പറഞ്ഞത്.
മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഭർത്താവിന്റെ പരാതിയിലാണ് മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷിനെ(36) ആണ് അറസ്റ്റു ചെയ്തത്.
മരുന്ന് നൽകിയത് 8 വർഷത്തോളം
സ്വത്ത് കൈവശപ്പെടുത്താൻ ആശ ഭർത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് നൽകിയത് എട്ട് വർഷത്തോളം. ശാരീരികക്ഷിണം പതിവായതോടെ തോന്നിയ സംശയമാണ് ഭാര്യയുടെ ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. സ്വന്തം വീട്ടിൽ ഇരുവരും താമസം ആരംഭിച്ച ശേഷമായിരുന്നു സംഭവങ്ങൾക്ക് തുടക്കം. പതിവായി വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചിരുന്ന സതീഷിന് തുടർച്ചയായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇതിന് ചികിത്സ തേടിയെങ്കിലും ഷുഗർനില താഴുന്നതാണ് കാരമെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്.
ഐസ്‌ക്രീം കമ്പനിയുടെ മൊത്ത വിതരണ ഏജൻസി ഉടമയാണ് സതീഷ്. സതീഷും ആശയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഡിവൈഎസ്‌പി ഷാജു ജോസ് പറഞ്ഞു. 2015 മുതലാണ് മരുന്നു നൽകിത്തുടങ്ങിയത്. ഉപദ്രവിക്കുന്നത് സംബന്ധിച്ച് സതീഷിനെതിരെ ആശ പൊലീസിൽ നേരത്തെ പരാതി നൽകിയിട്ടുണ്ട്. മനോരോഗികൾക്കുള്ള മരുന്നാണ് ആശ നൽകിയത്. ഗുളിക വെള്ളത്തിൽ കലർത്തി ഭക്ഷണത്തിൽ നൽകും. മരുന്നു കഴിച്ചാൽ ഉടനെ ക്ഷീണം വരും. ഉടൻ ഉറങ്ങുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ സതീഷിന് കടുത്ത ക്ഷീണം തോന്നിത്തുടങ്ങിയതിനെത്തുടർന്ന് പല ഡോക്ടർമാരെയും കണ്ടു. എന്നാൽ ഫലമുണ്ടായില്ല. സംശയം തോന്നിയ സതീഷ് വീട്ടിൽ നിന്നു ഭക്ഷണം ഒഴിവാക്കി. അതോടെ ക്ഷീണം കുറഞ്ഞു.
ഇതോടെ ആശ ഐസ്‌ക്രീം കമ്പനിയിലെ കൂജയിൽ മറ്റൊരാൾ വഴി മരുന്ന് എത്തിച്ചു കലർത്തി. കൂജയിൽ നിന്നു വെള്ളം കുടിച്ച സതീഷിന് തളർച്ച തോന്നി.തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ മരുന്നു കലർത്തുന്നതായി കണ്ടെത്തിയതായി ഡിവൈഎസ്‌പി പറഞ്ഞു. ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലർത്തി നൽകുന്ന വിവരം സ്ഥിരീകരിച്ചത്.
ആശയുടെ കൂട്ടുകാരിയിൽ നിന്നും ലഭിച്ച മരുന്നുമായി സതീഷ് ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിൽ പരിശോധനയും നടത്തി. ദീർഘകാലം മരുന്നു കഴിച്ചാൽ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്ടർമാർ സതീഷിനോട് പറഞ്ഞു.
ഇതേത്തുടർന്ന് ഭാര്യ കൂട്ടുകാരിക്ക് അയച്ചു കൊടുത്ത മരുന്നുകളുടെ ലേബലും വീട്ടിൽനിന്നുള്ള സിസി ടിവി ദൃശ്യങ്ങളും സഹിതം സതീഷ് ജില്ലാ പൊലീസ് മേധാവിക്ക് നൽകി. പാലാ ഡൈവൈഎസ്‌പിക്ക് കൈമാറിയ പരാതിയിൽ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പാലാ എസ്എച്ച്ഒ കെ പി തോംസന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. തുടർന്ന് വീട് റെയ്ഡ് ചെയ്ത് മരുന്നുകൾ പിടിച്ചെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ