കൊട്ടാരക്കര: ആർ.ബാലകൃഷ്ണ പിള്ളയുടെ ചിതാഭസ്മ നിമജ്ജനത്തിനായി പോയ നഗരസഭാധ്യക്ഷന്റെ വാഹനം തമിഴ്‌നാട്ടിലെ പുളിയറയിൽ അപകടത്തിൽപ്പെട്ട സംഭവം വിവാദമായി. നഗരസഭാ ഡയറക്ടറുടെ അനുമതിയില്ലാതെ, അധ്യക്ഷൻ നഗരസഭാ വാഹനത്തിൽ തമിഴ്‌നാട്ടിലേക്ക് യാത്ര നടത്തിയതാണ് വിവാദത്തിനു കാരണം. കൊട്ടാരക്കര നഗരസഭാദ്ധ്യക്ഷനെതിരെയാണു അധികാരദുർവിനിയോഗ ആരോപണം.

അപകടത്തെ കുറിച്ചും വാഹനദുരുപയോഗം സംബന്ധിച്ചും അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. കോൺഗ്രസ് കൗൺസിലർമാർ നഗരസഭയ്ക്കുമുന്നിൽ ഉപരോധം നടത്തി. സമരപ്രഖ്യാപനവുമായി ബിജെപി.യും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, അപകടം സംബന്ധിച്ച് ലോറി ഡ്രൈവർ പുളിയറ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ഞായറാഴ്ച രാത്രി ഒൻപതോടെയാണ് പുളിയറയിൽ നഗരസഭാധ്യക്ഷന്റെ കാറും കച്ചിലോറിയുമായി കൂട്ടിയിടിച്ചത്. മുന്മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ ചിതാഭസ്മ നിമജ്ജനത്തിനായി രാമേശ്വരത്തു പോയി മടങ്ങവേയായിരുന്നു അപകടം. നഗരസഭാധ്യക്ഷൻ എ.ഷാജു ഉൾപ്പെടെ നാലുപേർ വാഹനത്തിലുണ്ടായിരുന്നതിൽ ഒരാൾക്കുമാത്രമാണ് കാര്യമായ പരിക്ക്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു.

അപകടത്തിൽപ്പെട്ട നഗരസഭാ വാഹനം രാത്രിതന്നെ അവിടെനിന്നു മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ലോറി ഡ്രൈവർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ലോറി ഡ്രൈവറുമായി ചിലർ ബന്ധപ്പെടുകയും ഒത്തുതീർപ്പാക്കി പരാതി പിൻവലിപ്പിക്കുകയുമായിരുന്നു.

സർക്കാർ അനുമതി കൂടാതെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ ദീർഘദൂരയാത്രയ്ക്ക് നഗരസഭാ വാഹനം ഉപയോഗിച്ചത് അധികാര ദുർവിനിയോഗമാണെന്നും കാരണക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് സമരം നടത്തിയത്.

സെക്രട്ടറിയുടെ അനുമതിയോടെയും യാത്രാവിവരം, ഇന്ധനച്ചെലവ് എന്നിവ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയും മാത്രമേ നഗരസഭാ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയൂ. സ്വകാര്യ ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നും നഗരസഭാധ്യക്ഷൻ ഇതു ലംഘിച്ചിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ വാഹനം അപകടത്തിൽപ്പെട്ടതു സംബന്ധിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നു നഗരസഭാ സെക്രട്ടറി പറഞ്ഞു.

അതേസമയം, ആർ.ബാലകൃഷ്ണപിള്ളയുടെ ചിതാഭസ്മ നിമജ്ജനം സ്വകാര്യ ചടങ്ങല്ലെന്നാണ് എ.ഷാജുവിന്റെ നിലപാട്. .ബാലകൃഷ്ണപിള്ള രണ്ടുപതിറ്റാണ്ടോളം കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റും മന്ത്രിയുമായിരുന്ന ആളാണെന്നും അദ്ദേഹത്തിന്റെ ചിതാഭസ്മ നിമജ്ജനം സ്വകാര്യ ചടങ്ങല്ലെന്നും നഗരസഭാധ്യക്ഷൻ എ.ഷാജു പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുകയെന്നത് നഗരസഭാധ്യക്ഷന്റെ ഉത്തരവാദിത്വമാണ്. അതാണ് താൻ നിർവഹിച്ചത്.

എട്ടുസംഘങ്ങളായി മറ്റുവാഹനങ്ങളിലാണ് രാമേശ്വരത്തു പോയത്. തന്നെ തിരികെ വിളിക്കാനാണ് നഗരസഭാ വാഹനം വരുത്തിയത്. അല്ലാതെ വിനോദസഞ്ചാരത്തിനായി നഗരസഭാ വാഹനം ഉപയോഗിച്ചിട്ടില്ല. മന്ത്രിമാർ ഉൾപ്പെടെ വിവാഹവും മരണവും ക്ഷേത്രദർശനവും പോലുള്ള ചടങ്ങുകൾക്കു പോകുന്നത് സർക്കാർ വാഹനത്തിലല്ലേയെന്നും നഗരസഭാധ്യക്ഷൻ ചോദിക്കുന്നു.