- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചു വിക്കറ്റ് നേട്ടവുമായി ജേ റിച്ചാർഡ്സൺ; 468 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പതറിവീണ് ഇംഗ്ലണ്ട്; സന്ദർശകർ 192 റൺസിന് പുറത്ത്; ഓസിസിന്റെ ജയം 275 റൺസിന്; ആഷസ് പരമ്പരയിൽ ആതിഥേയർ 2 - 0ന് മുന്നിൽ
അഡ്ലെയ്ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ കുറ്റൻ ജയവുമായി ഓസ്ട്രേലിയ 2 - 0ന് മുന്നിൽ. അഞ്ച് വിക്കറ്റ് നേട്ടവുമായി ജേ റിച്ചാർഡ്സൺ മിന്നും പ്രകടനം പുറത്തെടുത്തപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 192 റൺസിന് പുറത്തായി. അഡ്ലെയ്ഡ് ഓവലിൽ 275 റൺസിനാണ് സ്റ്റീവ് സ്മിത്തും കൂട്ടരും വിജയക്കൊടി നാട്ടിയത്.
468 റൺസെന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അവസാന ദിനം ചെറുത്ത് നിൽക്കാനാകാതെ 192 റൺസുമായി കൂടാരം കയറി. സ്കോർ: ഓസ്ട്രേലിയ-473/9 ഡിക്ലയേർഡ്. & 230/9 ഡിക്ലയേർഡ്. ഇംഗ്ലണ്ട്- 236 & 192. ഇതോടെ പരമ്പരയിൽ ഓസീസ് 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിൽ ഓസീസ് 9 വിക്കറ്റിന് വിജയിച്ചിരുന്നു.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെ റിച്ചാർഡ്സൺന്റെ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറിലൊതുക്കിയത്. 44 റൺസെടുത്ത ക്രിസ് വോക്സാണ് ഇംഗ്ലീഷ് ടോപ് സ്കോറർ. റോറി ബേൺസ് (34), ജോസ് ബട്ലർ (26), ക്യാപ്റ്റൻ ജോ റൂട്ട് (24) എന്നിവർ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണും രണ്ടു വിക്കറ്റ് വീതവും മൈക്കൽ നെസെർ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ 468 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യമാണ് ഓസ്ട്രേലിയ ഉയർത്തിയത്. 247 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസ് നാലാം ദിനം രണ്ടാം സെഷനിൽ 9 വിക്കറ്റിന് 230 റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലെയർ ചെയ്തു. ഇതോടെ ആകെ 467 റൺസിന്റെ ലീഡായി സ്മിത്തിനും കൂട്ടർക്കും.
ആറ് വിക്കറ്റ് കയ്യിലിരിക്കേ അവസാന ദിനമായ തിങ്കളാഴ്ച 386 റൺസ് എന്ന അസാധാരണ വിജയലക്ഷ്യത്തിലേക്കാണ് ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയത്. ബെൻ സ്റ്റോക്സും ജോസ് ബട്ലറും ക്രിസ് വോക്സും സമനിലയ്ക്കായി ചെറുത്ത് നിൽക്കാൻ നോക്കിയെങ്കിലും എത്തിക്കാനായില്ല. ബട്ലറെ കൂട്ടുപിടിച്ച് 77 പന്തിൽ 12 റൺസെടുത്ത സ്റ്റോക്സ് ലിയോണിന് മുന്നിൽ എൽബിയിൽ കുടുങ്ങിയതായിരുന്നു ആദ്യ പ്രഹരം.
എന്നാൽ അവിടുന്നങ്ങോട്ട് ബട്ലറുടെയും ക്രിസ് വോക്സിന്റേതുമായി ഊഴം. എട്ടാമനായി ക്രീസിലെത്തിയ വോക്സ് 97 പന്തുകൾ പ്രതിരോധിച്ച് 44 റൺസിൽ നിൽക്കേ ജേ റിച്ചാർഡ്സണിന്റെ പന്തിൽ ബൗൾഡായി. 39 പന്തിൽ എട്ട് റൺസെടുത്ത ഓലി റോബിൻസണെ ലിയോൺ, സ്മിത്തിന്റെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ട് 178-8. അഞ്ചാം ദിനം അവസാന സെഷൻ ആരംഭിക്കുമ്പോൾ ബട്ലർ 196 പന്തിൽ 25 റൺസുമായും സ്റ്റുവർട്ട് ബ്രോഡ് 16 പന്തിൽ അക്കൗണ്ട് തുറക്കാതെയുമായിരുന്നു ക്രീസിൽ.
ചായക്ക് ശേഷം റിച്ചാർഡ്സൺ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ പൊരുതിക്കളിച്ച ബട്ലർ നിർഭാഗ്യം കൊണ്ട് ഹിറ്റ് വിക്കറ്റായി. 207 പന്ത് ബാറ്റ് ചെയ്ത ബട്ലർ 26 റൺസാണ് നേടിയത്. വൈകാതെ ജിമ്മി ആൻഡേഴ്സണെ(2) ഗ്രീനിന്റെ കൈകളിലെത്തിച്ച് അഞ്ച് വിക്കറ്റ് തികച്ച ജേ റിച്ചാർഡ്സൺ ഓസീസിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. സ്റ്റുവർട്ട് ബ്രോഡ് 9 റൺസുമായി പുറത്താകാതെ നിന്നു. ഹസീബ് ഹമീദ്(0), ഡേവിഡ് മലാൻ(20), റോറി ബേൺസ്(34), നായകൻ ജോ റൂട്ട്(24) എന്നിവരെ നാലാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.
നേരത്തെ 51 റൺസ് വീതം നേടിയ മാർനസ് ലബുഷെയൻ, ട്രാവിഡ് ഹെഡ് എന്നിവരാണ് ഓസീസിന്റെ രണ്ടാം ഇന്നിങ്സ് സ്കോർ 200 കടത്തിയത്. കാമറൂൺ ഗ്രീൻ 33 റൺസുമായി പുറത്താവാതെ നിന്നു. ഡേവിഡ് വാർൺ (13), മാർകസ് ഹാരിസ് (23), മൈക്കൽ നെസർ (3), സ്റ്റീവൻ സ്മിത്ത് (6), അലക്സ് ക്യാരി (6), മിച്ചൽ സ്റ്റാർക്ക് (19), ജേ റിച്ചാർഡ്സൺ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. മലാൻ, റൂട്ട്, ഒല്ലി റോബിൻസൺ എന്നിവർ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ ഡേവിഡ് മലാൻ (80), ജോ റൂട്ട് (62), ബെൻ സ്റ്റോക്സ് (34) എന്നിവരൊഴികെ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. മിച്ചൽ സ്റ്റാർക്ക് നാലും നഥാൻ ലിയോൺ മൂന്ന് വിക്കറ്റും വീഴ്ത്തി. ഓസീസിന് ഒന്നാം ഇന്നിങ്സിൽ മാർനസ് ലബുഷെയ്ൻ (103), ഡേവിഡ് വാർണർ (95), സ്റ്റീവൻ സ്മിത്ത് (93), അലക്സ് ക്യാരി (51) എന്നിവരുടെ ഇന്നിങ്സാണ് തുണയായത്. വാലറ്റത്ത് നെസർ 35 ഉം സ്റ്റാർക്ക് പുറത്താകാതെ 39 ഉം റൺസ് പേരിലാക്കി.
സ്പോർട്സ് ഡെസ്ക്