- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റ് ഒഴിവാക്കാൻ ആശിഷ് മിശ്ര പയറ്റിയത് അലീബീ തന്ത്രം! മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു എന്നു ഉറച്ചു നിന്നു; എവിടെ ആയിരുന്നെന്ന ചോദ്യത്തിൽ ബ..ബ..ബ; എവിടെപ്പോയാലും തോക്ക് ഉണ്ടാകുമെന്നും സമ്മതിച്ചു; അറസ്റ്റിലെങ്കിലും മന്ത്രിപുത്രന് വിഐപി പരിഗണനയെന്നും ആരോപണം
ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആശിഷ് മിശ്ര രക്ഷപെടാൻ വേണ്ടി പൊലീസിന് മുന്നിൽ പയറ്റിയത് അലീബീ തന്ത്രങ്ങളാണ്. കുറ്റകൃത്യം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നില്ലെന്നും മറ്റൊരിടത്തായിരുന്നു എന്നും സമർത്ഥിക്കാനാണ് മന്ത്രിപുത്രൻ ശ്രമിച്ചത്. എന്നാൽ, പൊലീസിന്റെ ചോദ്യങ്ങളിൽ ഉത്തരം മുട്ടിയതോടെ അറസ്റ്റിലേക്ക് തന്നെ കാര്യങ്ങളെത്തി.
താൻ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ തോക്ക് കൈവശം വയ്ക്കാറുണ്ടെന്നു ലഖിംപുർ ഖേരി കേസിൽ അറസ്റ്റിലായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിനിടെ പൊലീസിനോടു സമ്മതിച്ചു. കർഷകർ കൊല്ലപ്പെട്ട ദിവസം പിതാവും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുമായ അജയ് മിശ്ര, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു താൻ എന്ന വാദമായിരുന്നു മിശ്ര ഉന്നയിച്ചത്.
സംഭവസ്ഥലത്തു നിന്നു 2 ഒഴിഞ്ഞ വെടിയുണ്ട കവറുകൾ കിട്ടിയിരുന്നു. വാഹനത്തിലിരുന്ന് ആശിഷ് മിശ്ര വെടിവച്ചുവെന്നും ഗുർവിന്ദർ സിങ് എന്ന കർഷകനു വെടിയേറ്റുവെന്നും എഫ്‌ഐആറിലുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് തോക്ക് കൈവശം വയ്ക്കാറുണ്ടെന്നും താൻ വാഹനത്തിലില്ലെങ്കിൽ അതിൽ ആയുധമുണ്ടാകാറില്ലെന്നും ആശിഷ് പറഞ്ഞത്.
കർഷകരുടെ ദേഹത്തുകൂടി ഓടിച്ചുകയറ്റിയ വാഹനം തന്റേതാണെന്ന് ആശിഷ് സമ്മതിച്ചു. തൊട്ടുപുറകിലുണ്ടായിരുന്ന വാഹനം അങ്കിത് ദാസ് എന്ന ബിജെപി നേതാവിന്റേതാണ്. ഒളിവിലുള്ള അങ്കിത് ദാസിനെക്കുറിച്ച് പിന്നീടു വിവരമൊന്നും കിട്ടിയില്ലെന്നാണ് ആശിഷിന്റെ മൊഴി. മകന്റെ കൈവശം തോക്കുണ്ടെങ്കിൽ അതിനു ലൈസൻസുമുണ്ടാകുമെന്ന് അജയ് മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോൾ താൻ അവിടെ ഇല്ലെന്നാണ് ആശിഷ് മിശ്ര പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ടിക്കുനിയ പൊലീസ് പരിധിയിൽ ഈ മാസം 3ന് ഉച്ചകഴിഞ്ഞ് 2.303.30 സമയത്തായിരുന്നു സംഭവം. ഈ സമയം ആശിഷിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ ഈ മേഖലയിലായിരുന്നുവെന്നാണു പൊലീസിന് ലഭിച്ച വിവരം.
ബൻവിർ പുർ ഗ്രാമത്തിൽ ഗുസ്തി മത്സരത്തിന്റെ ചടങ്ങിലായിരുന്നു താനന്നെ് ആശിഷ് പറയുന്നെങ്കിലും 2.30 3.30 സമയത്ത് അവിടെ ഉള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ചടങ്ങിനിടെ അടുത്തുള്ള അരിമില്ലിൽ ഇടയ്ക്കിടെ പോയിരുന്നുവെന്നും അതാണു ചില സമയത്ത് വേദിയിലില്ലാതിരുന്നതെന്നും ആശിഷിന്റെ മൊഴിയിലുണ്ട്. സുഖമില്ലാതെ, സ്വന്തം ഗ്രാമമായ ബൽബിർ പുരിൽ വിശ്രമത്തിനു പോയതിനാലാണ് ആദ്യ സമൻസ് കിട്ടിയപ്പോൾ ഹാജരാകാതിരുന്നതെന്നും പറഞ്ഞു. മറ്റു പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയില്ലെന്നും പൊലീസ് പറഞ്ഞു.
താനല്ല, വാഹനമോടിച്ചത് എന്ന ആശിഷിന്റെ വാദവും പൊലീസ് വിശ്വസിച്ചിട്ടില്ല. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഡ്രൈവർ ഹരിഓമിന്റെ രൂപവും വിഡിയോയിൽ കാണുന്ന രൂപവും തമ്മിൽ സാമ്യമുണ്ടെന്നു തെളിയിക്കാൻ മിശ്രയ്ക്കു കഴിഞ്ഞതുമില്ല. ആശിഷിന്റെ ജീപ്പിനു പിന്നിലുണ്ടായിരുന്ന വാഹനം ഓടിച്ച ഡ്രൈവറെ ലക്‌നൗവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ, അന്വേഷണത്തോട് സഹകരിക്കുന്നില്ല, ഒഴിഞ്ഞുമാറുന്നു എന്നതിന്റെ പേരിലാണ് ആശിഷിനെ അറസ്റ്റ് ചെയ്തതെന്ന പൊലീസിന്റെ പ്രസ്താവന വിവാദമായി. കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ആശിഷിന് നോട്ടിസ് അയച്ചത് സാക്ഷിയെന്ന പേരിലാണ്. ആശിഷിന് വിഐപി പരിഗണനയാണു കൊടുക്കുന്നതെന്നും ആരോപണമുണ്ട്. ആശിഷ് മിശ്രയടക്കം 4 പേരാണ് ഇതുവരെ ഈ കേസിൽ അറസ്റ്റിലായിരിക്കുന്നത്. ആശിഷിനെ അറസ്റ്റ് ചെയ്ത ശനിയാഴ്ച രാത്രി തന്നെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് അഭിഭാഷകൻ പറഞ്ഞതിനാൽ ഇന്ന് അപേക്ഷ നൽകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
രണ്ടാം എഫ്‌ഐആറിൽ കർഷക കൊലപാതകമില്ല
ലഖിംപുർ സംഭവത്തിൽ കർഷർക്കെതിരെ ബിജെപി നേതാവ് സുമിത് ജയ്‌സ്വാളിന്റെ പരാതിയിലെടുത്ത കേസിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയതിനെപ്പറ്റി പരാമർശമില്ല. പ്രക്ഷോഭകർക്കിടയിലെ ചില കുഴപ്പക്കാർ ബിജെപി പ്രവർത്തകരെ ആക്രമിച്ചുവെന്നാണു കേസ്. കണ്ടാലറിയാവുന്ന ഒരു അക്രമിക്കെതിരെ കൊലപാതകം, മാരകായുധമുപയോഗിച്ചു പരുക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകളുപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്.
ആശിഷ് മിശ്രയുടെ വാഹനത്തിന്റെ ഇടതുവശത്തെ സീറ്റിൽ നിന്ന് സുമിത് ജയ്‌സ്വാൾ ഇറങ്ങി ഓടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബൻവിർ പുർ ഗ്രാമത്തിൽ നടന്ന ഗുസ്തി മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ യുപി ഉപമുഖ്യമന്ത്രിയെ സ്വീകരിക്കാൻ പോകുന്നതിനിടെ സമരക്കാർ ആക്രമിച്ചുവെന്നാണു പരാതി. ഈ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് ആശിഷ് മിശ്രയും പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. കൊല്ലപ്പെട്ട ഡ്രൈവർ ഹരി ഓം, ശുഭം മിശ്ര എന്നിവരായിരുന്നു ജീപ്പിലുണ്ടായിരുന്നതെന്നും സുമിത്തിന്റെ പരാതിയിൽ പറയുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ രമൺ കശ്യപിനെയും കർഷകർ തല്ലിക്കൊന്നുവെന്നാണു പരാതിയിലുള്ളത്. എന്നാൽ വാഹനം കയറിയാണു രമൺ മരിച്ചതെന്നാണു കുടുംബം പറയുന്നത്.
അതിനിടെ സംഭവത്തെ ഹിന്ദുസിഖ് സംഘർഷമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയവും ഹീനവുമാണെന്ന് ബിജെപി നേതാവും പിലിബിത്ത് എംപിയുമായ വരുൺ ഗാന്ധി പറഞ്ഞു. ഖലിസ്ഥാൻ തീവ്രവാദികളാണ് അക്രമത്തിനു പിന്നിലെന്നു ചില ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. ദേശസ്‌നേഹികളായ സിഖ് സമുദായത്തെ ഖലിസ്ഥാൻ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നതു നിന്ദ്യമാണെന്നും ദേശീയ ഐക്യത്തിനു മുകളിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും വരുൺ പറഞ്ഞു.
മറുനാടന് ഡെസ്ക്