ലക്നൗ: ലഖിംപൂർ ഖേരി കർഷക കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും മുഖ്യപ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ആശിഷ് ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേൾക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതിയാണ് ആശിഷിന് ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്തുകൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ അപ്പീൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

നേരത്തെ ആശിഷ് മിശ്രക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിപുലമായ കുറ്റപത്രം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഒരാൾക്ക് വെടിയേറ്റെന്ന എഫ്.ഐ.ആർ മാത്രം പരിഗണിച്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതെന്നും കർഷകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ എന്നിവരുടെ വാദവും സുപ്രീംകോടതി പരിഗണിക്കുകയുണ്ടായി.

ഒക്ടോബർ മൂന്നിനാണ് നാല് കർഷകരുൾപ്പടെ എട്ട് പേർ ലഖിംപൂർ ഖേരിയിൽ കർഷക സമരത്തിനിടെ കൊല്ലപ്പെട്ടത്. ഒരു മാധ്യമപ്രവർത്തകൻ, രണ്ട് ബിജെപി പ്രവർത്തകർ, വാഹനത്തിന്റെ ഡ്രൈവർ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് നാല് പേർ. ഉത്തർപ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ ഖേരി സന്ദർശനത്തിനിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.