സ്വപ്‌നത്തിൽ കണ്ട ഒരു മനോഹര കഥപോലെ തോന്നും അഷ്‌നയുടെ ജീവിതത്തെ കുറിച്ച് അറിഞ്ഞാൽ. 'നിങ്ങൾ തീവ്രമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ സഹായത്തിനെത്തും'. എന്ന് പൗലോ കൊയ്‌ലോ പറഞ്ഞത് ഈ പെൺകുട്ടിയെ കുറിച്ചല്ലേ എന്ന് ആരെങ്കിലും ചിന്തിച്ചാലും അങ്ങിനെ അല്ല എന്ന് പറയാൻ പറ്റും.

അല്ലെങ്കിൽ കോഴിക്കോട്ടെ ഗവൺമെന്റ് സ്‌കൂളിൽ പഠിച്ച അഷ്‌ന സുധാകർ എന്ന കൊടുവള്ളിക്കാരി യുവതി എങ്ങനെ നാസയിൽ എത്തും. ജീവിതത്തെ കുറിച്ചും കുട്ടിക്കാലം മുതൽ നോക്കി കണ്ട ആകാശ വിസ്മയത്തെ കുറിച്ചും മനസ്സിൽ ഉണ്ടായിരുന്ന ഒരു നൂറ് ചോദ്യങ്ങളാണ് കോഴിക്കോട്ടെ പ്രാരാബ്ദങ്ങൾ നിറഞ്ഞ ഒരു കൂലിവേലക്കാരന്റെ മകളെ നാസയിൽ വരെ എത്തിച്ചത്. വെളിച്ചം പോലും ഇല്ലാത്ത ഒരു വീട്ടിൽ നിന്നാണ് പഠിച്ച് വളർന്ന് അഷ്‌ന നാസ വരെ എത്തിയത്. ഇന്ന് നാസയിൽ സൂര്യനിൽ നിന്നുള്ള റേഡിയോ കിരണങ്ങളെ കുറിച്ച് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് അഷ്‌ന.

ഇന്ന് അമേരിക്കയിലെ നാസ സ്പെയ്സ് സെന്ററിൽ ഇന്റേൺഷിപ്പിനെത്തിയിരിക്കുകയാണ് ഈ യുവതി. സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച അബ്ദുൾ കലാം എന്ന ഇന്ത്യ കണ്ട മഹാനായ ശാസ്ത്രജ്ഞന്റെ വാക്കുകളെ ശിരസാ വഹിക്കുകയായിരുന്നു അഷ്‌ന. അബ്ദുൾക്കലാം എന്ന വ്യക്തിത്വം ചിലത്തിയ സ്വാധീനമാണ് അഷ്‌നയെ നാസയിലെത്തിച്ചതെന്നും പറയാം.

കോഴിക്കോട്ടെ ഗവൺമെന്റ് പന്നൂർ സ്‌കൂളിലാണ് അഷ്‌ന പഠിച്ചത്. പ്രാരാബ്ദം നിറഞ്ഞ കുടുംബാന്തരീക്ഷത്തിലും നന്നായി പഠിക്കുമായിരുന്നു അഷ്‌ന. ഒരിക്കൽ രാഷ്ട്രപതിയെ കാണാൻ തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികളിൽ ഒരുവളായി വേദവ്യാസ വിദ്യാലയത്തിലെത്താനും അഷ്‌നയ്ക്ക് അവസരം ലഭിച്ചു. അന്ന് സ്വപ്‌നം കാണാനാണ് അബ്ദുൾക്കലാം അഷ്‌നയോട് ആവർ്തതിച്ച് പറഞ്ഞത്.

അദ്ദേഹത്തിന്റെ ആ വാക്കുകളാണ് ജീവിതത്തിൽ വ്യക്തമായ ഒരു ലക്ഷ്യബോധം ഉണ്ടാകേണ്ടതിന്റെയും, അതിനു വേണ്ടി സ്വപ്നങ്ങൾ സ്വരുക്കൂട്ടി വയ്ക്കേണ്ടതിന്റേയും, ഉത്സാഹത്തോടെ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതിനായി പരിശ്രമിക്കേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച് അഷ്‌ന തിരിച്ചറിഞ്ഞത്.

ഒരു പെൺകുട്ടിയുടെ ആ സ്വപ്‌നത്തിന് അഷ്‌നയ്ക്ക് റഓൾ മോഡലായത് കൽപ്പനാ ചൗളയായിരുന്നു. അങ്ങിനെ സ്‌കൂൾ തലം മുതലേ അഷ്‌ന സ്വപ്‌നം കണ്ട് വളരാൻ തുടങ്ങി. പ്ത്താം ക്ലാസിൽ നല്ല മാർക്ക് കിട്ടിയതിന് സ്‌കൂളിൽ നിന്നും കിട്ടിയ ടേബിൾ ലാമ്പുമായി വീട്ടിലേക്കോടിയ നിമിഷവും അഷ്‌നയ്ക്ക് ഇന്നും മറക്കാൻ പറ്റാത്ത അനുഭവമാണ്. കാരണം. കറന്റ് ഇല്ലാത്ത തന്റെ വീട്ടലേക്ക് ആ ലൈറ്റ് കൊണ്ടുപോകുമ്പോൾ അഷ്‌നയെ കരച്ചിലിനു പകരം ചിരിക്കാൻ പ്രേരിപ്പിച്ചത് ആ സ്വപ്നമായിരുന്നു. പിന്നെ പാമ്പൻ പാലത്തിനു താഴെ പത്രത്താളുകൾ പെറുക്കിയെടുത്ത കലാമിന്റെ ചിത്രവും. ഇത് അഷ്‌നയുടെ സ്വപ്‌നങ്ങൾക്ക് ഊർജം പകർന്നു.

രണ്ട് പെൺകുട്ടികൾ അടങ്ങിയ കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾക്കിടയിലും ചിറകുകൾ പൂഴ്‌ത്തിവെയ്ക്കാതെ പറക്കാനായിരുന്നു ആ അച്ഛനും അമ്മയും മകളെ പ്രേരിപ്പിച്ചത്. കഷ്ടപ്പാടുകൾക്കിടയിൽ മക്കളെ പഠിക്കുമ്പോൾ 'പെൺമക്കളെ എന്തിനാ ഇത്ര പഠിപ്പിക്കുന്നത്' എന്ന് അച്ഛനോട് പലരും ചോദിക്കാറുണ്ടായിരുന്നു എ്ന്ന് അഷ്‌ന ഓർമ്മിക്കുന്നു. എന്നാൽ 'എനിക്ക് രണ്ട് പെൺകുട്ടികളേയുള്ളൂ, ആൺകുട്ടികളില്ല പഠിപ്പിക്കാൻ. അതുകൊണ്ട് ഞാനവരെ പഠിക്കാൻ വിടും. അവർ പഠിക്കട്ടെ വേണ്ടുവോളം' എന്നു പറയുന്ന അച്ഛനായിരുന്നു അഷ്‌നയുടേത്. ഓടിത്തളരുമ്പോൾ 'വീണു പോകല്ലേടീ സയിന്റിസ്റ്റേ' എന്നു പറയാറുള്ള അമ്മയും അഷ്‌നയ്ക്ക് ഊർജം പകർന്നു.

പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങിയിട്ടും എഞ്ചിനിയറിങും മെഡിസിനും തിരഞ്ഞെടുക്കാതെ ബിഎസ് സി ഫിസിക്സിനു ചേർന്നപ്പോൾ എല്ലാവരും പരിഹസിച്ചു. ആ പരിഹാസങ്ങളെല്ലാം അഷ്നയ്ക്ക് ഊർജം പകരുകയായിരുന്നു. പിന്നീട് കുറച്ച് കാലംസ്‌കൂളിൽ ടീച്ചറായി ജോലി ചെയ്യുകയും എംഎസ്സി ഫിസിക്സിന് ചേരുകയും ചെയ്തു.

അക്കാലത്താണ് വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ ഇന്റേൺഷിപ്പിന് അവസരം ലഭിച്ചു. ശേഷം എംഫിൽ പഠനകാലത്ത് ആറുമാസം കൊടൈക്കനാൽ ഒബ്സർവേറ്ററിയിൽ ചെയ്ത ഗവേഷണം. എല്ലാം സ്വപ്നം പോലെയാണ് അഷ്നയ്ക്ക്. സ്‌കൂൾകാലത്ത് ഒരു ടൂർ പോലും പോകാത്ത അഷ്‌ന കൊടൈക്കനാലിലേക്ക് അച്ഛനേയും കൂട്ടിയാണ് ഇന്റർവ്യൂവിന് പോയത്. ഇന്റർവ്യൂവിന് ഒടുവിൽ അവിടുത്തെ റെസിഡെന്റ് സയിന്റിസ്റ്റ് അച്ഛനോടു പറഞ്ഞു: ഇനിയവളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവദിക്കണം. ഒരിക്കൽ ആകാശത്തേക്ക് യാത്ര ചെയ്യില്ല എന്ന് ആർക്കറിയാം എന്ന് അദ്ദേഹം പറഞ്ഞതും അഷ്‌നയ്ക്ക് ഒരു സ്വപ്‌നം പോലെയാണ് തോന്നിയത്.

എംഫിലിനു ശേഷം ഐഎസ്ആർഒയുടെ നിരവധി പ്രോജക്ട് ഇന്റർവ്യൂകളിൽ പങ്കെടുത്തെങ്കിലും സെലക്ട് ചെയ്യപ്പെട്ടില്ല. ജീവിതം വീണ്ടും അഷ്നയ്ക്ക് അത്ഭുതങ്ങൾ കാട്ടിക്കൊടുത്തത് മഹാരാഷ്ട്രയിലെ സാംഗ്ലി സ്പേസ് സ്‌കൂളിന്റെ രൂപത്തിലായിരുന്നു. പത്തുദിവസത്തെ ക്ലാസിനു ശേഷം തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ദിവസം അഷ്ന തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു:

'ജീവിതം എന്നെ വഴിതിരിച്ചു വിടുന്നുണ്ട്. സ്വപ്നങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ, ഞാൻ കൽപ്പന ചൗളയുടെ ഓർമ്മകളുള്ള ഒരിടത്ത് എത്തിയിരിക്കും.' അതെ. അതൊരു ഉറപ്പായിരുന്നു. സ്വപ്നത്തെ മുറുകെ പിടിക്കാനുള്ള ധൈര്യമായിരുന്നു.

പിന്നീടാണ് നാസയിലെ വിസിറ്റിങ് റിസർച്ച് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നത്. എന്നാൽ ചുറ്റുമുള്‌ലവർ പരിഹസിക്കുകയായിരുന്നു. നാസയിലോ! എന്ന് ചോദിച്ചുള്ള പരിഹാസം ചുറ്റുമുള്ളവരിൽ നിന്നും നേരിടേണ്ടി വന്നെങ്കിലും ആ പരിഹാസം അഷ്‌നയ്ക്ക് ഊർജം പകർന്നു. പിന്നെ രാവും പകലാക്കിയുള്ള ദിവസങ്ങളായിരുന്നു അഷ്‌നയുടേത്. ആരും അറിയാതെയുള്ള അഷ്‌നയുടെ കരച്ചിൽ കേട്ടത് ഹോസ്റ്റൽ മുറിയിലെ നാലു ചുവരുകൾ മാത്രം.

ഒരുപാട് പ്രതിസന്ധികൾക്കൊടുവിൽ റിസർച്ച് പ്രൊപ്പോസൽ തീർത്തു. സബ്മിഷന് വെറും പത്തുമിനിറ്റ് മുമ്പ് മെയിലയച്ചു. പത്തുദിവസത്തെ കാത്തിരിപ്പിനു ശേഷം ഒരു രാത്രി, 12.30ന് അത് സ്വീകരിച്ചുകൊണ്ടുള്ള അവരുടെ കത്ത് വന്നു. അന്ന് അഷ്‌ന കരഞ്ഞു. സന്തോഷം കൊണ്ട്.

എന്നാൽ ജീവിതത്തിലെ പരീക്ഷണങ്ങൾ അവിടം കൊണ്ടും തീർ്‌നനില്ല. അമേരിക്കയിലേക്ക് പറക്കാൻ നാസയുടെ കത്തുമായി ചെന്നൈയിലെ അമേരിക്കൻ എംബസിയിൽ വിസയ്ക്കായി പോയി. എന്നാൽ അവിടുത്തെ അധികാരികൾ ആ കത്തിനെ അവിശ്വസിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും നാസയും തമ്മിൽ എന്തു ബന്ധമെന്നു ചോദിച്ച് അവർ കളിയാക്കുകയും ചെയ്തു. ചെന്നൈയിലെ പൊരിവെയിലത്ത് വാടിത്തളർന്ന തന്നെ അന്ന് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചത് ഭർത്താവ് ഉമേഷായിരുന്നുവെന്നും അഷഅന പറയുന്നു.

ഒടുവിൽ ഒരുമാസത്തെ കാത്തിരിപ്പിനു ശേഷം അഷ്നയെ തേടി ഇന്റർവ്യൂവിനുള്ള വിളിയെത്തി.ആ ഇച്ഛാശക്തിയുടെ മുന്നിൽ എല്ലാ തടസങ്ങളും മാറിക്കൊടുത്തു. അഷ്‌ന നാസയിൽ എത്തി. പുത്തൻ പ്രതീക്ഷകളും നല്ല അന്തരീക്ഷവുമായിരുന്നു നാസയിൽ അഷ്‌നയെ കാത്തിരുന്നത്.

'നാസയിലെ ആദ്യദിവസം ചന്ദ്രനിൽ കാലു കുത്തിയ അനുഭവമായിരിന്നു. പലപ്പോളും സ്വപ്നത്തിലല്ല എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ സ്വന്തം കൈത്തലം പിടിച്ചു നോക്കാറുണ്ടായിരുന്നതായും ഈ പെൺകുട്ടി പറയുന്നു. സൂര്യനിൽ നിന്നും വരുന്ന റേഡിയോ കിരണങ്ങളെക്കുറിച്ചാണ് അഷ്‌ന പഠിക്കുന്നത്.

പഠനകാലത്ത് പുസ്തകങ്ങളിൽ നിന്നും വായിച്ചറിഞ്ഞ പലരേയും നേരിൽ കാണാനും സംസാരിക്കാനും അവസരമൊരുങ്ങി. ഓരോ നിമിഷവും മനസിൽ പുതിയ പ്രതീക്ഷകൾ നിറയ്ക്കുന്നവരാണ് നാസയിലുള്ളവരെന്നും അഷ്‌ന പറയുന്നു. സ്ഥാനമാനങ്ങളോ വലിപ്പച്ചെറുപ്പങ്ങളോ നോക്കാതെ എല്ലാവരും സംസാരിക്കുന്നത് ശാസ്ത്രത്തെക്കുറിച്ച്. സ്വാർത്ഥതയില്ലാതെ കുഞ്ഞുകുഞ്ഞു തെറ്റുകൾ തിരുത്തി കൂടെ നിൽക്കുന്നവർ.. ശാസ്ത്രലോകത്തെ സ്വതന്ത്രമാക്കിവിടാൻ പറയുന്നവർ. ഇന്ത്യയിലെ പോലെ ഗവേഷണം ഏതെങ്കലും ഒരു വലിയ സ്ഥാപനത്തിന്റെ കുത്തകയാകാതിരിക്കുക എന്നത് വലിയ കാര്യമാണ്...' അഷ്‌നയുടെ സ്വപ്‌നങ്ങൾക്ക് നാസയിൽ ചിറകു വിരിച്ചിരിക്കുകയാണ്.