കോഴിക്കോട്: കൊലക്കുറ്റത്തിന് പത്തൊൻപത് വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അശോകന് ഇപ്പോൾ ഒരു ആഗ്രഹമേ ഉള്ളൂ. മഹാപാപത്തിന്റെ കറ കഴുകിക്കളയണം. അതിനായി, തന്റെ കൈ കൊണ്ടു കൊല്ലപ്പെട്ട തോമസ് എന്ന പൊലീസുകാരന്റെ കുടുംബത്തോട് നേരിട്ട് മാപ്പു പറയണം... എങ്കിലേ അൻപത്തിരണ്ടാം വയസിൽ മനസിലെ കനലടങ്ങുകയുള്ളൂ...കള്ളനിൽ തുടങ്ങി കൊലപാതകിയായ അശോകന്റെ കഥ കേരള കൗമദിയാണ് റിപ്പോർട്ട് ചെയ്യുന്നത്. അശോകന്റെ പശ്ചാത്താപകഥ ടികെ ബാലനാരാണനാണ് റിപ്പോർട്ട് ചെയ്യുന്നത്.

കേരള കൗമുദി വാർത്ത ഇങ്ങനെ. ഇരുപത്തിരണ്ട് വർഷം മുമ്പ് മദ്യലഹരിയിൽ ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ വച്ച് തോമസ് എന്ന പൊലീസുകാരനെ കുത്തിക്കൊന്ന കേസിൽ പ്രതിയായിരുന്ന ചങ്ങനാശേരി സ്വദേശി അശോകൻ എസ്. നായർ കഴിഞ്ഞ ജനുവരി 18 നാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അതിന് ശേഷം മനസിന്റെ ഭാരം ഇറക്കി വയ്ക്കാൻ തോമസിന്റെ കുടുംബത്തെ കാണാൻ പലപ്പോഴും ശ്രമിച്ചു. നേരിട്ട് പോയി കാണാൻ ധൈര്യമില്ല. അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയില്ലല്ലോ. അതിനാൽ ചില രാഷ്ട്രീയ പാർട്ടിക്കാരുടെയും പള്ളിക്കമ്മിറ്റിക്കാരുടെയും സഹായം തേടി. വരട്ടെ, എന്ന് പറയുന്നതല്ലാതെ ആരും സഹായിച്ചില്ല. ഇപ്പോൾ കോഴിക്കോട്ടെ പ്രിസൺ ഫെലോഷിപ്പ് കേരള എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവർത്തകനാണ് അശോകൻ. അവർ വഴിയും ശ്രമിക്കുന്നുണ്ട്...

ജയിലിൽ കിടക്കുമ്പോൾ ഒരുദിവസം ഭാര്യ ഉഷാകുമാരി കാണാൻ വന്നിരുന്നു. കേസ് നടത്താൻ ആകെയുണ്ടായിരുന്ന അഞ്ച് സെന്റു ഭൂമിയും കിടപ്പാടവും വെറും 35,000 രൂപയ്ക്ക് വിറ്റെന്നും വാടകവീട്ടിലേക്ക് മാറിയെന്നും അറിയിക്കാനായിരുന്നു ആ വരവ്. അപ്പോൾ പോലും തോന്നാത്ത വേദനയാണ് താൻ ഇപ്പോഴും അനുഭവിക്കുന്നതെന്ന് അശോകൻ പറഞ്ഞു.

പതിമ്മൂന്നാം വയസിൽ വിശപ്പടക്കാൻ പഴം മോഷ്ടിച്ചതിനാണ് ആദ്യമായി കുറ്റവാളിയായത്. അച്ഛൻ ശ്രീധരൻപിള്ളയ്ക്ക് വീടിനോടു ചേർന്ന കടയിൽ കച്ചവടമായിരുന്നു. അന്ന് സ്‌കൂൾ വിട്ട് വന്നപ്പോൾ കട തുറന്നിരുന്നില്ല. കടം വീട്ടാനാകാതെ അച്ഛൻ നാടുവിട്ടിരുന്നു. വീട്ടിൽ കഴിക്കാനൊന്നുമില്ല. അമ്മ ഭാഗീരഥി മകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഉറങ്ങിപ്പോയി. സന്ധ്യയോടെ വിശന്ന് പുകഞ്ഞപ്പോൾ അശോകൻ തൊട്ടടുത്ത കടയിൽ നിന്ന് പഴം മോഷ്ടിച്ച് കഴിച്ചു. കടക്കാരൻ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുറത്ത് വന്നപ്പോൾ നാട്ടിൽ കള്ളൻ അശോകൻ എന്ന പേര് വീണു. പിന്നീടിങ്ങോട്ട് ജീവിതം കവർച്ചയും കൂലിത്തല്ലും ഗുണ്ടാപ്പണിയുമൊക്കെയായി.

ചങ്ങനാശേരിയിലും പരിസരത്തും കേസുകളായി. കേഡി ലിസ്റ്റിൽ പെട്ടതോടെ ഒളിവിൽ പോയി. അതിനിടയിലാണ് 1994 ൽ ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ മദ്യലഹരിയിൽ നിൽക്കുമ്പോൾ തോമസ്, ഫിലിപ്പോസ് എന്നീ പൊലീസുകാർ അശോകനെ പിടിക്കാൻ എത്തിയത്. ഇരുവരും തന്നെ കീഴ്‌പ്പെടുത്തുമെന്ന് ഉറപ്പായപ്പോൾ തൊട്ടടുത്ത കടയിൽ ഓടിക്കയറി കത്തിയെടുത്ത് രണ്ട് പൊലീസുകാരെയും കുത്തി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ തോമസ് മരിച്ചു.

ആ കേസിൽ 1997 ൽ 19 വർഷത്തെ തടവിന് വിധിച്ചു. സഹപ്രവർത്തകനെ കൊന്ന ദേഷ്യം ജയിലിൽ വച്ച് പൊലീസുകാർ അശോകന്റെ ശരീരത്തിൽ തീർത്തു. അശോകൻ വാഴപ്പിള്ളിയെന്ന വിളിപ്പേരും പൊലീസുകാർ ചാർത്തി തന്നു. ഇപ്പോൾ ഉരുകുന്ന മനസുമായി ചങ്ങനാശേരിയിലെ വാടക വീട്ടിൽ ഭാര്യയ്ക്കും ഡ്രൈവറായ മകൻ അനീഷിനുമൊപ്പം താമസിക്കുകയാണ് അശോകൻ. മകൾ അനുപമ വിവാഹിതയായി.

കടപ്പാട്: ടികെ ബാലനാരാണൻ