തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡനപരാതിയിൽ എഴുത്തുകാർക്കിടയിൽ തന്നെ രണ്ട് പക്ഷം പിടിക്കുന്നവരുണ്ട്. സിവിക്കിനെ പിന്തുണക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന മറ്റൊരു വിഭാഗവും ഉടലെടുത്തു കഴിഞ്ഞു. സംഭവത്തിൽ പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ ദേവിക സത്യം തെളിയുന്നതു വരെ സിവിക്കിനെ തള്ളിപ്പറയാനില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതിന് അവർക്കെതിരെ വിമർശനവു കടുക്കുന്നുണ്ട്.

അതിന് പിന്നാലെ ദേവികയ്ക്കുള്ള മറുപടിയുമായി അശോകൻ ചരുവിലുമെത്തി. 'അതിജീവിതക്ക് നടന്ന സംഭവങ്ങൾ മുഴുവൻ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ജെ.ദേവിക പറയുന്നത്. അവരുടെ പാണ്ഡിത്യത്തിൽ എനിക്കു യാതൊരു സംശയവുമില്ല. പക്ഷേ ഒരു സംഗതി ഞാൻ ഉന്നയിക്കുന്നു: കേരളത്തിൽ വരേണ്യ പരിസ്ഥിതിവാദം, വരണ്യ ആധുനികത, വരേണ്യ യുക്തിവാദം, വരേണ്യ നക്‌സലിസം എന്തിന് വരേണ്യ ദളിത് വാദം പോലുമുണ്ട്.അക്കൂട്ടത്തിലൊന്നാണ് വരേണ്യ സ്ത്രീവാദം.

അതിന്റെ വക്താവായിട്ടാണ് ഞാൻ ഈ പണ്ഡിതയെ കാണുന്നത്. പക തലക്കുപിടിച്ചാൽ എന്താണ് ചെയ്യുക എന്നു പറയാനാവില്ലല്ലോ. അറു പിന്തിരിപ്പന്മാരായിട്ടെന്ന പോലെ അതിവിപ്ലവകാരികളായും അവർ രംഗത്തുവരും.' അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം...

ദളിത് സ്ത്രീ ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് പിന്തുണയുമായി പ്രശസ്ത പണ്ഡിത ശ്രീമതി ജെ.ദേവിക രംഗത്തു വന്നിരിക്കുന്നു. അതിജീവിതക്ക് നടന്ന സംഭവങ്ങൾ മുഴുവൻ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ജെ ദേവിക പറയുന്നത്. അവർ എഴുതുന്നു:''സിവിക് ചന്ദ്രനെതിരെ മീടൂ ആരോപണം എന്നു പറഞ്ഞ് അവതരിപ്പിക്കപ്പെട്ട ആ വാട്‌സാപ്പ് കുറിപ്പിൽ മലയാളി ബുദ്ധിജീവി വൃത്തങ്ങളിലെ പിതൃമേധാവിത്ത വൈകൃതങ്ങളെപ്പറ്റി ധാരാളമുണ്ടെങ്കിലും നടന്ന സംഭവങ്ങളെപ്പറ്റി കാര്യമായ ഒന്നുമില്ല.'എന്തായാലും കുരുക്കിൽ പെട്ട എന്റെ പ്രിയ സ്‌നേഹിതന് ഇപ്പോൾ കിട്ടിയിരിക്കുന്ന പിന്തുണ നിസാരമല്ല.

വിക്കിപീഡിയ ശ്രീമതി ദേവികയെ വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കുക: 'Jayakumari Devika (Malayalam: ജെ. ദേവിക) is a Malayali historian, feminist, social critic and academician from Kerala.' ഈ വിശേഷണം എത്ര നിസാരമാണെന്ന് അവരുടെ ആരാധകർ പറയും. കേരളത്തിൽ സ്ത്രീവാദത്തിന്റെ തുടക്കവും അവസാനവും അവരാണെന്ന് കരുതുന്നവർ ഉണ്ട്.ശ്രീമതി ജെ. ദേവികയുടെ പാണ്ഡിത്യത്തിൽ എനിക്കു യാതൊരു സംശയവുമില്ല. പക്ഷേ ഒരു സംഗതി ഞാൻ ഉന്നയിക്കുന്നു: കേരളത്തിൽ വരേണ്യ പരിസ്ഥിതിവാദം, വരണ്യ ആധുനികത, വരേണ്യ യുക്തിവാദം, വരേണ്യ നക്‌സലിസം എന്തിന് വരേണ്യ ദളിത് വാദം പോലുമുണ്ട്. അക്കൂട്ടത്തിലൊന്നാണ് വരേണ്യ സ്ത്രീവാദം.

അതിന്റെ വക്താവായിട്ടാണ് ഞാൻ ഈ പണ്ഡിതയെ കാണുന്നത്.പല ഘട്ടങ്ങളിലായി പരിമിതമായ രീതിയിലെങ്കിലും കേരളത്തിൽ സാമൂഹ്യപരിവർത്തനങ്ങളും പരിഷ്‌കാരങ്ങളും അതിന്റെ ഭാഗമായ നിയമനിർമ്മാണങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ഭൂമിയും സമ്പത്തും പ്രിവിലേജുകളും നഷ്ടപ്പെട്ട ഒരു ജനവിഭാഗമുണ്ട്. സാംസ്‌കാരിക രംഗത്തെ വരേണ്യതയെ പ്രതിനിധീകരിക്കുന്നത് ഇക്കൂട്ടരാണ്.ഒരു വക ഗൃഹാതുരതയും പ്രതികാരവുമാണ് അവരെ നയിക്കുന്നത്. പക തലക്കുപിടിച്ചാൽ എന്താണ് ചെയ്യുക എന്നു പറയാനാവില്ലല്ലോ. അറു പിന്തിരിപ്പന്മാരായിട്ടെന്ന പോലെ അതിവിപ്ലവകാരികളായും അവർ രംഗത്തുവരും.