കൊച്ചി: ഇൻഹരിഹർ നഗറിലെ നാൽവർ സംഘതത്തിന്റെ തമാശക്കളി നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമാകുമോ? എല്ലാവരും ഉന്നയിച്ചു തുടങ്ങിയ ചോദ്യത്തിന്റെ ഉത്തരം അറിയാൻ കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ മതിയാകും. ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടൻ അശോകനെ രംഗത്തിറക്കാൻ സിപിഐ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നതോടെ സിനിമയിലെ നാൽവർ സംഘം ഒരുമിച്ച് മത്സരരംഗത്തുണ്ടായേക്കുമെന്നാണ് അറിവ്.

നടൻ ജഗദീഷ് പത്തനാപുരത്തും സിദ്ദിഖ് അരൂരും മുകേഷ് കൊല്ലത്തും മത്സരിക്കുകയാണ്. അശോകനും കൂടിയെ മത്സരിക്കാനുള്ളു എന്നായിരുന്നു കഴിഞ്ഞദിവസം വരെയുള്ള സോഷ്യൽ മീഡിയ തമാശകൾ. എന്നാൽ തമാശകൾ കാര്യമാകുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുണ്ടെന്ന് വെളിപ്പെടുത്തി നടൻ അശോകൻ രംഗത്തെത്തി.

ഹരിപ്പാട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ, നടൻ അശോകനെ സിപിഐ രംഗത്തിറക്കാൻ സാധ്യതയെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ നിഷേധിക്കില്ലെന്ന് അശോകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുകേഷും സിദ്ദിഖും ജഗദീഷും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ എങ്ങും ഉയർന്ന ചോദ്യം ഇതായിരുന്നു, ഇൻ ഹരിഹർ നഗറിലെ എല്ലാവരും ഉണ്ടല്ലോ തോമസ് കുട്ടി മാത്രം എന്തേ വരാത്തതെന്ന്. എന്നാൽ മാറിനിൽക്കാൻ ഉദ്ദേശമില്ലെന്ന് തോമസ്‌കുട്ടി തന്നെ വ്യക്തമാക്കുന്നു.

വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും നിരവധി മെസേജുകൾ ഇതുമായി ബന്ധപ്പെട്ട് കിട്ടുന്നുണ്ട്. തോമസുകുട്ടി എന്ന കഥാപാത്രത്തിനുള്ള സ്വീകാര്യത തനിക്കുള്ള പിന്തുണ കൂട്ടുമെന്ന് അശോകൻ പറഞ്ഞു. ഹരിപ്പാട് സ്വദേശിയായ അശോകനെ ജന്മനാട്ടിൽ രമേശ് ചെന്നിത്തലക്കെതിരെ തന്നെ മത്സരിപ്പിക്കാനാണ് സിപിഐ ആലോചിക്കുന്നതെന്നാണ് സൂചന. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെങ്കിലും കോളേജ് കാലത്തും പിന്നീട് നടൻ മുരളിക്ക് വേണ്ടിയും ഇടതുപക്ഷചേരിയിൽനിന്ന് പ്രചരണം നടത്തിയിട്ടുണ്ടെന്ന് അശോകൻ പറഞ്ഞു. ഇന്നസെന്റ് എംപിയായതോടെ സിനിമാതാരങ്ങൾക്കും സമൂഹത്തിൽ ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന് ജനങ്ങൾക്ക് തോന്നിതുടങ്ങിയതായും അദ്ദേഹം പറയുന്നു.

അശോകൻ നേരത്തെ എസ്എഫ്‌ഐയിൽ പ്രവർത്തിച്ചിരുന്നു. തുടർന്ന് നടൻ മുരളി പാർലമെന്റിലേക്ക് മത്സരിച്ചപ്പോൾ പ്രചാരണ പ്രവർത്തനങ്ങൾക്കിറങ്ങുകയും ചെയ്തിരുന്നു. ഹരിപ്പാട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ, നടൻ അശോകനെ സിപിഐ രംഗത്തിറക്കാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.

ഇൻ ഹരിഹർ നഗറിൽ ഹിറ്റായ കൂട്ടുകെട്ടിന്റെ തുടർച്ചയായി അടുത്തകാലത്താണ് 'ടു ഹരിഹർ നഗറും' 'ഇൻ ഗോസ്റ്റ് ഹൗസ് ഇന്നും' പുറത്തിറങ്ങിയത്. സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം ലാൽ ആയിരുന്നു ഈ രണ്ട് സിനിമകളും സംവിധാനം ചെയ്തത്. അതേസമയം സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ച സേതുവെന്ന സുരേഷ് ഗോപിയും മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചനകൾ പുറത്തുവരുന്നത്. ആദ്യ സിനിമയിൽ മാത്രമേ സേതുമാധവന് റോൾ ഉള്ളൂ. ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി എത്തുമോ എന്ന് ഇനി കാത്തിരുന്ന് കാണാം.