അബൂദാബി: അഫ്ഗാനിസ്താൻ താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായതോടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് അഷ്റഫ് ഗനിക്കും കുടുംബത്തിനും അഭയം നൽകിയതായി യുഎഇയുടെ സ്ഥിരീകരണം. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി മന്ത്രാലയം അറിയിച്ചു.

'മാനുഷിക പരിഗണന'യുടെ പേരിലാണ് ഗനിയേയും കുടുംബത്തിനേയും രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തതെന്നു യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. എന്നാൽ യുഎഇയിൽ എവിടെയാണ് ഗനി ഉള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല. താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഞായറാഴ്ചയാണ് അഷ്‌റഫ് ഗനി അഫ്ഗാനിസ്ഥാൻ വിട്ടത്.

അഷ്റഫ് ഗനി അബുദാബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. തജിക്കിസ്ഥാനിലേക്ക് പോയെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ തജിക്കിസ്ഥാൻ പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടർന്ന് ഒമാനിൽ ഇറങ്ങിയെന്നും യുഎസിലേക്കു പോയേക്കുമെന്നും പിന്നീട് സൂചനകൾ വന്നിരുന്നു.



ഗനി എവിടെയാണ് ഉള്ളതെന്ന് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ഇപ്പോൾ യുഎഇയുടെ അറിയിപ്പ് എത്തിയിരിക്കുന്നത്. രക്തപ്പുഴ ഒഴുകുന്നത് ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് ഗനി വ്യക്തമാക്കിയിരുന്നു.

താലിബാൻ തന്നെ സ്ഥാനഭ്രഷ്ടനാക്കാനും കാബൂൾ ആക്രമിക്കാനുമാണ് ലക്ഷ്യമിട്ടത്. അതിനെക്കാൾ നല്ലത് രാജ്യം വിട്ടുപോകുന്നതാണെന്ന് തീരുമാനിച്ചതായും ഗനി പറഞ്ഞു. കെട്ടുകണക്കിനു ഡോളറുമായാണ് ഗനി രാജ്യംവിട്ടതെന്നു റിപ്പോർട്ട് പുറത്തുവന്നിരുന്നു. നാല് കാർ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററിൽ കയറാൻ എത്തിയതെന്നു കാബൂളിലെ റഷ്യൻ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പണം മുഴുവൻ കോപ്റ്ററിൽ കയറ്റാനായില്ലെന്നും ബാക്കി റൺവേയിൽ ഉപേക്ഷിച്ചുവെന്നും വാർത്തയിൽ പറയുന്നു.

അതേസമയം അഫ്ഗാൻ സെൻട്രൽ ബാങ്ക് മേധാവി അജ്മൽ അഹമദിയും രാജ്യംവിട്ടു. അഫ്ഗാനിസ്ഥാൻ സുരക്ഷാ സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം അഷ്റഫ് ഗനിയും അദ്ദേഹത്തിന്റെ അനുഭവ പരിചയമില്ലാത്ത ഉപദേശകരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രസിഡന്റ് എവിടെയാണെന്ന് കൃത്യമായ വിവരങ്ങളൊന്നുമില്ലെന്നാണ് പേരുവെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരു അഫ്ഗാൻ നയതന്ത്രജ്ഞൻ ഡെയ്ലി മെയിലിനോട് പ്രതികരിച്ചത്.

ഗനി യു എസിലേക്ക് പോകാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രക്തച്ചൊരിച്ചിലൊഴിവാക്കാനാണ് അഫ്ഗാൻ വിടുന്നതെന്ന് രക്ഷപ്പെടുന്നതിന് മുൻപ് ഗനി സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നത്. യു.എസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തിന് പിന്നാലെ തുടങ്ങിയ താലിബാൻ ഞായറാഴ്ചയാണ് തലസ്ഥാനമായ കാബൂളിലെത്തുന്നതും ഭരണം പിടിക്കുന്നതും.

അതേ സമയം താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. താലിബാൻ ഭീകരരരെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാനാകില്ലെന്ന് കാനഡയും വ്യക്തമാക്കി.



താലിബാൻ അധികാരം പിടിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിലായി 2000-ൽ അധികം അഫ്ഗാൻ പൗരന്മാരെ അഫ്ഗാൻ വിടുന്നതിന് ബ്രിട്ടൻ സഹായിച്ചതായും ബോറിസ് ജോൺസൺ വ്യക്തമാക്കി.

വേനൽക്കാല അവധിയിലായിരുന്ന എംപി.മാരെ അടിയന്തരമായി തിരികെ വിളിച്ച് നടത്തിയ പാർലമെന്റ് സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാൻ വിഷയം ചർച്ച ചെയ്യാനായിരുന്നു സമ്മേളനം. ബ്രിട്ടീഷ് സർക്കാർ താലിബാൻ പ്രതിസന്ധി കൈകാര്യം ചെയ്തതിനെ ജോൺസൺ ന്യായീകരിച്ചു. പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നതിനായി ബ്രിട്ടൻ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു

അഫ്ഗാനിൽനിന്ന് ഇതുവരെ 306 ബ്രിട്ടീഷ് പൗരന്മാരെയും 2052 അഫ്ഗാൻ പൗരന്മാരെയും രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. 2000-ൽ അധികം അഫ്ഗാൻ പൗരന്മാരുടെ അപേക്ഷകൾ തീർപ്പാക്കി. കുറെയേറെ അപേക്ഷകളിന്മേൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും അഫ്ഗാനിൽനിന്ന് പുറത്തേക്കുള്ള വഴി തുറന്നിരിക്കാൻ യു.കെ. ഉദ്യോഗസ്ഥർ രാപകലില്ലാതെ ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂളിലെ പുതിയ സർക്കാരിനെ തിടുക്കത്തിൽ പിന്തുണയ്ക്കുന്നത് ചിലപ്പോൾ തെറ്റായേക്കാം. അഫ്ഗാന്റെ ഭാവിയെ കുറിച്ച് ആശങ്കയുള്ള രാജ്യങ്ങൾ പുതിയ സർക്കാരിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന് പുതിയ സർക്കാരിന്റെ പെരുമാറ്റം നോക്കി കാര്യങ്ങൾ തീരുമാനിക്കുന്നതിന് മുമ്പ് പൊതുവായ ചില മാനദണ്ഡങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.

കാബൂളിലെ പുതിയ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാൾ അധികമായി അവരുടെ തിരഞ്ഞെടുപ്പ്, പ്രവൃത്തികൾ, ഭീകരവാദം, കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, പെൺകുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, സഹജീവികളോടുള്ള സമീപനം എന്നിവയിലുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തും.- അദ്ദേഹം വ്യക്തമാക്കി.



താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിനുശേഷം അവിടുത്തെ പൗരന്മാർക്ക് പുനഃരധിവാസ പദ്ധതി ചൊവ്വാഴ്ച ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾ, കുട്ടികൾ, പലവിധ ഭീഷണിയുള്ളവർ, താലിബാനിൽനിന്നു പീഡനമേറ്റുവാങ്ങിയർ എന്നിവർക്കു പുനഃരധിവാസ പദ്ധതിയിൽ പ്രഥമപരിഗണന നൽകുമെന്നും ബ്രിട്ടൺ അറിയിച്ചിരുന്നു.

സിറിയൻ സംഘർഷത്തിനുശേഷം 2014 മുതൽ ഈ വർഷം വരെ നടത്തിയ പുനഃരധിവാസ പദ്ധതിക്കു സമാനമായ രീതിയിലാണ് അഫ്ഗാനിലും ബ്രിട്ടൺ ആളുകളെ ഒഴിപ്പിക്കുന്നത്. ഇതുവരെ സിറിയയിൽനിന്ന് 20,000 പേരെയാണ് ബ്രിട്ടൺ പുനഃരധിവസിപ്പിച്ചത്. അഫ്ഗാനിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് 900 സൈനികരെയാണ് ബ്രിട്ടൺ നിയോഗിച്ചിട്ടുള്ളത്.

എന്നാൽ താലിബാൻ ഭീകരരായ സായുധ സംഘത്തെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ബുധനാഴ്ചയാണ് വ്യക്തമാക്കിയത്. ഭീകരർ ബലം പ്രയോഗിച്ചാണ് അഫ്ഗാൻ ഭരണം പിടിച്ചെടുത്തത്. ഒരു ഭീകര സംഘടനയെ എങ്ങനെയാണ് സർക്കാരായി മറ്റു രാജ്യങ്ങൾക്ക് അംഗീകരിക്കാൻ കഴിയുകയെന്നും അദേഹം ചോദിച്ചു. അഫ്ഗാനിൽ കുടുങ്ങിയ ആളുകളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ട്രൂഡോ വ്യക്തമാക്കി.



അതേസമയം, താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളും അടിസ്ഥാന അവകാശങ്ങളും ഒന്നിന് വേണ്ടിയും ബലികഴിക്കാനാവില്ലെന്നും അവർ പറയുന്നു. തെരുവിൽ സ്ത്രീകൾ ബാനറുകളുമായി പ്രതിഷേധിക്കുന്നതിന്റെയും താലിബാൻ ഭീകരർ അത് നോക്കി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടു.

സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം എന്നിവ ആവശ്യപ്പെട്ടാണ് സ്ത്രീകളുടെ പ്രതിഷേധം. സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളും ഭീകരർക്ക് നിർബന്ധിച്ച് വിവാഹം കഴിച്ച് കൊടുക്കുന്ന സംഭവങ്ങളും താലിബാൻ ഭരണത്തിന് കീഴിൽ പതിവാണ്.