ശ്രീകൃഷ്ണ ഭഗവാൻറെ പിറന്നാൾ നാടെങ്ങും ഭക്തിനിർഭരമായി ആഘോഷിച്ചു. അഷ്ടമി രോഹിണി ദിനമായ ഇന്നലെ കൃഷ്ണ വേഷം കെട്ടിയ കുരുന്നുകളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ശോഭായാത്രകൾ നടന്നു. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ദിനമാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായി ആഘോഷിക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന വർണ്ണശബളമായ ഘോഷയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. പിറന്നാൾ ദിനത്തിൽ കണ്ണനെ വണങ്ങാൻ വൻ ഭക്തജനത്തിരക്കാണ് ഇന്നലെ ഗുരുവായൂരിൽ അനുഭവപ്പെട്ടത്. ഗോപികാനൃത്തവും ഉറിയടിയും തിരുവാതിരയും ക്ഷേത്രത്തിൽ അരങ്ങേറി.

അഷ്ടമിരോഹിണിയോടനുബന്ധിച്ച് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന വള്ളസദ്യയിൽ പതിനായിരങ്ങളാണ് പങ്കാളികളായത്. 48 കൂട്ടം വിഭവങ്ങൾ അടങ്ങിയ സദ്യയിൽ അമ്പലപ്പുഴ പാല്പായസമായിരുന്നു മുഖ്യ വിഭവം. 501 പറ അരിയുടെ സദ്യയാണ് ഒരുക്കിയിരുന്നത്. 51 കരകളിൽ നിന്ന് ആചാരവിധി പ്രകാരം പള്ളിയോടങ്ങളിലെത്തി വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് മൂന്നുവട്ടം പ്രദക്ഷിണം വച്ചാണ് കരക്കാർ സദ്യയ്ക്കിരുന്നത്. ഭഗവാന് നേദ്യം സമർപ്പിച്ച ശേഷം കൊടിമരച്ചുവട്ടിൽ നിലവിളക്ക് കൊളുത്തി വിഭവങ്ങൾ വിളമ്പി. തുടർന്ന് കരക്കാർക്കും ഭക്തജനങ്ങൾക്കും സദ്യ വിളമ്പുകയായിരുന്നു.

അമൃതപുരിയിലും അഷ്ടമി രോഹിണി ആഘോഷവേളയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീകൃഷ്ണഭഗവാൻ എല്ലാ അർത്ഥത്തിലും പൂർണതയുടെ നിറകുടമായിരുന്നുവെന്ന് ഭക്തജനങ്ങൾക്ക് ശ്രീകൃഷ്ണ സന്ദേശം നൽകവേ മാതാ അമൃതാനന്ദമയി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ തുറകളില്പെട്ടവർക്കും വഴികാട്ടിയാണ് ഭഗവാന്റെ ജീവിതം. ധർമ്മരക്ഷ ചെയ്യുന്നതോടൊപ്പം ഉത്തമസ്‌നേഹവും ഉത്തമസൗഹൃദവും എന്താണെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. നമ്മൾ കൃഷ്ണന്റെ വ്യക്തിത്വത്തിന്റെ ചില അംശങ്ങൾ മാത്രമേ കാണുന്നുള്ളൂ. ആകാശംപോലെ, മഹാസമുദ്രംപോലെ അനന്തമാണ് ശ്രീകൃഷ്ണൻ. കൊച്ചുകൊച്ചു കുഴികൾ കുത്തി അതാണ് സമുദ്രമെന്ന് പറയുന്നതുപോലെയാണ് മനുഷ്യൻ തന്റെ ചെറിയ ബുദ്ധി ഉപയോഗിച്ച് കൃഷ്ണന് നൽകുന്ന സങ്കല്പങ്ങൾ എന്നും അമ്മ പറഞ്ഞു.