സാംസ്‌കാരിക നായകപദവി, സാഹിത്യകാരന്മാർക്കു മാത്രം (പുല്ലിംഗം തന്നെ!) പതിച്ചുകിട്ടിയ ഒരു കാലമുണ്ടായിരുന്നു. ഭരണകർത്താക്കൾക്കും കലാകാരന്മാർക്കും സാമൂഹ്യ-മത പ്രമാണിമാർക്കുമൊക്കെ മേലെ സാഹിത്യപ്രവർത്തകർക്കു സാംസ്‌കാരിക പദവി കൈവന്നിരുന്നു, അന്നൊക്കെ. എഴുത്തുകാരൻ എന്നത് ഒരു വ്യക്തിയല്ല, ആധുനികതയുടെ ഏറ്റവും വലിയ സാംസ്‌കാരിക മൂലധന ഉടമയായ സ്ഥാപനമോ വ്യവസ്ഥയോ ഒക്കെയായി കണക്കാക്കപ്പെട്ട നാളുകൾ. സാഹിത്യം സംസ്‌കാരത്തിന്റെ നടുനായകത്വം വെട്ടിപ്പിടിച്ച കാലം. ഇന്ന് പക്ഷെ അത് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

മലയാളിയുടെ സാഹിത്യത്തിനും വായനയ്ക്കുമൊക്കെ കഷ്ടിച്ച് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമേയുള്ളു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമായി ആകെയുണ്ടായിരുന്ന പത്രപ്രചാരം അയ്യായിരം കോപ്പിയാൺ സാക്ഷരത പത്തുശതമാനത്തിൽ താഴെയും. 1774 മുതൽ 1900-മാണ്ടുവരെ മലയാളത്തിൽ ഒട്ടാകെ അച്ചടിക്കപ്പെട്ട പുസ്തകങ്ങളുടെ എണ്ണമാകട്ടെ, 977 മാത്രവും. അതിൽ ബഹുഭൂരിപക്ഷവും മതഗ്രന്ഥങ്ങളായിരുന്നു എന്നും ഓർക്കണം. വായനശാലകൾ തീർത്തും കുറവ്. സാഹിത്യത്തിന്റെ എഴുത്തും വായനയുമൊക്കെ ചെറിയൊരു വിഭാഗം സവർണ-ഉപരി, മധ്യവർഗങ്ങളിൽ ഒതുങ്ങിനിന്നിരുന്ന അവസ്ഥ. എങ്കിലും ക്രമേണ പത്രം, പുസ്തകം, ആനുകാലികം എന്നീ മൂന്നു മാദ്ധ്യമങ്ങളും വായനശാലകളും പ്രസാധകരും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഗദ്യസാഹിത്യരൂപങ്ങളും സാക്ഷരതാ-വായനാ നിരക്കുകളുമൊക്കെ വർധിച്ചുവന്നു. നൂറ്റാണ്ടിന്റെ മധ്യത്തോടെ സാഹിത്യവും അതിന്റെ വായനയും മലയാളിയുടെ ജനപ്രിയസംസ്‌കാരത്തിന്റെ നട്ടെല്ലായി മാറി. 

എല്ലാം വളരെപ്പെട്ടെന്നായിരുന്നു. പുതിയ നൂറ്റാണ്ടിൽ സാഹിത്യം എടുക്കാച്ചരക്കും സാഹിത്യസ്ഥാപനങ്ങൾ ആളൊഴിഞ്ഞ അരങ്ങുകളുമായി മാറി. നായകപദവിയെന്നല്ല, ഉപനായക പദവിപോലും നഷ്ടമായി സാഹിത്യത്തമ്പുരാക്കന്മാർ പെരുവഴിയിലായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സിനിമ എത്രമേൽ ജനപ്രിയമായിട്ടും സാഹിത്യത്തിനു തരക്കേടൊന്നും വന്നിരുന്നില്ല. പക്ഷെ 1990കളിൽ ടെലിവിഷൻ പ്രചരിച്ചതോടെ കഥ മാറി. പലരും കരുതുംപോലെ, സിനിമയും റേഡിയോയുമല്ല, സാഹിത്യവും സാഹിതീയ സംസ്‌കാരവുമാണ് ടെലിവിഷനു മുന്നിൽ തലകുത്തി വീണത്. കാരണം, സാഹിത്യത്തെപ്പോലെതന്നെ മറ്റൊരു കാലത്തിന്റെ സാംസ്‌കാരിക ഭാവുകത്വത്തെ അഴിച്ചുപണിയുകയായിരുന്നു, ടെലിവിഷൻ. അച്ചടിമാദ്ധ്യമത്തിന്റെ സാംസ്‌കാരിക യുക്തിയായി സാഹിത്യം വ്യവസ്ഥപ്പെട്ടപോലെ ഇലക്ട്രോണിക് മാദ്ധ്യമങ്ങളുടെ സാംസ്‌കാരിക യുക്തിയായി ടെലിവിഷൻ വ്യവസ്ഥപ്പെട്ടു. സാഹിത്യകാരന്മാരുടെ സാംസ്‌കാരിക നായകപദവിക്കൊപ്പം സാഹിത്യത്തിന്റെ സാമൂഹ്യപദവികളും അതിവേഗം റദ്ദാക്കപ്പെട്ടു. യഥാർഥത്തിൽ റേഡിയോ, സിനിമ എന്നിവയ്ക്കു സമാന്തരമായി 1950കൾ തൊട്ടാണ് മലയാളത്തിൽ സാഹിത്യവും വൻപ്രചാരവും ജനപ്രീതിയും സാംസ്‌കാരികപദവിയും നേടുന്നത്. നാലു പതിറ്റാണ്ടു നീണ്ടുനിന്ന ആ പ്രതിഭാസം, ചരിത്രപരമായ ഒരു വൈരുധ്യമെന്നോണം, മലയാളിയുടെ സാക്ഷരതാനിരക്ക് നൂറുശതമാനമായ കാലത്തോടെ ഏതാണ്ടവസാനിച്ചു തുടങ്ങി. ടെലിവിഷനോടൊപ്പം, ആഗോളവൽക്കരണക്കാലത്ത് മലയാള ഭാഷാ, സാഹിത്യമണ്ഡലങ്ങളിൽ പ്രകടമായ ചില മാറ്റങ്ങൾ ഇവയാണ്:

1. ജനപ്രിയസാഹിത്യത്തിന്റെയും വാരികകളുടെയും തകർച്ച.
2. വായനശാലകളുടെ തളർച്ച.
3. സാഹിത്യകൃതികളുടെ, വിശേഷിച്ചും കവിത, നാടകം തുടങ്ങിയവയുടെ വില്പനയിലുണ്ടായ ക്ഷീണം.
4. ഇംഗ്ലീഷ് ഭാഷയ്ക്ക് പഠനമാദ്ധ്യമമെന്ന നിലയിൽ കൈവന്ന അസാധാരണമായ സ്വീകാര്യത.
5. സാഹിത്യപ്രസിദ്ധീകരണങ്ങൾ നേരിട്ട തിരിച്ചടി.
6. സാഹിത്യസ്ഥാപനങ്ങൾക്കു സംഭവിച്ച വിലയിടിവ്.
7. സാഹിത്യകാരന്മാർക്കു പകരം ഇതര സാംസ്‌കാരിക മേഖലകളിൽ നിന്നുള്ളവർക്കു കൈവന്ന താരപദവി.
8. പുതിയ തലമുറക്ക് സാഹിത്യവായനയോടുണ്ടായ വൈമുഖ്യം.
9. റേഡിയോ, സിനിമ, ടിവി തുടങ്ങിയ മാദ്ധ്യമങ്ങൾ സാഹിതീയതയിൽ നിന്ന് അകന്നത്.
10. വായനക്കു പകരം കാഴ്ച മുഖ്യ സാംസ്‌കാരിക ഭാവുകത്വമായിത്തീർന്നത്.
11. ഇലക്ട്രോണിക് മാദ്ധ്യമങ്ങളുടെ വമ്പൻ പ്രചാരവും മേൽക്കോയ്മയും.
12. അച്ചടി, കടലാസ് എന്നീ മാദ്ധ്യമങ്ങൾക്കു പകരം ഓൺലൈൻ, സാമൂഹ്യമാദ്ധ്യമങ്ങൾക്കുണ്ടായ സ്വീകാര്യത.

ഈ കാലത്തിന്റെയും അവസ്ഥകളുടെയും നേർക്ക് ഒരെഴുത്തുകാരൻ നടത്തുന്ന ഗൃഹാതുരത നിറഞ്ഞ നോട്ടപ്പാടുകളാണ് അഷ്ടമൂർത്തിയുടെ ഈ പുസ്തകം. മേൽപറഞ്ഞ മാറ്റങ്ങളോടുള്ള പ്രതികരണം അങ്ങേയറ്റം നർമഭരിതവും വിമർശനാത്മകവും ചിലപ്പോഴെങ്കിലും സങ്കടകരവുമായി നിർവഹിക്കുന്ന, അതീവ വായനാപരതയുള്ള സാഹിതീയ വിചാരങ്ങൾ.

2007 മുതൽ ജനയുഗം പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിലെഴുതിയ 'വിചാരം' എന്ന പംക്തിയിലാണ് അഷ്ടമൂർത്തിയുടെ ഈ ലേഖനങ്ങൾ മിക്കതും പ്രസിദ്ധീകരിക്കപ്പെട്ടത്. ചിലത് ദേശാഭിമാനി വാരികയിലും. ഇരുന്നൂറിലധികം രചനകളിൽ നിന്ന് സാഹിത്യസംബന്ധിയായ ഇരുപത്തൊൻപതെണ്ണം തെരഞ്ഞെടുത്തവതരിപ്പിക്കുന്ന ഗ്രന്ഥമാണ്, ആർക്കുവേണം എഴുത്തുകാരനെ? എഴുത്തുകാരൻ എന്ന നിലയിൽ ആധുനിക മലയാളി അനുഭവിച്ച ആർഭാടപൂർണമായ സാംസ്‌കാരിക ജീവിതത്തിന് ആധുനികാനന്തരം സംഭവിച്ച വിപര്യയത്തിന്റെ സാമൂഹ്യവിചാരണകളാണ് ഈ രചനകളോരോന്നും. പുസ്തക വിജ്ഞാനീയം മുതൽ സാഹിത്യനിരൂപണം വരെയും സാംസ്‌കാരിക സമ്മേളനങ്ങൾ മുതൽ സാഹിതീയ പ്രഭാഷണങ്ങൾ വരെയും അവതാരികകൾ മുതൽ പുരസ്‌കാര വ്യവസായം വരെയും മാതൃഭാഷാവാദം മുതൽ മാദ്ധ്യമവിമർശനം വരെയും സാഹിത്യകാരന്മാരുടെ ആത്മരതിയും പരപുച്ഛവും മുതൽ അല്പത്തരവും ഭാവനാദാരിദ്ര്യവും വരെ.... പരന്നുകിടക്കുന്ന വിഷയമേഖലകൾ അഷ്ടമൂർത്തിയുടെ ഈ രചനകളുടെ കാലിക പ്രസക്തിയും സാംസ്‌കാരികമൂല്യവും മാത്രമല്ല, സാഹിത്യവിചാരശീലങ്ങളും സൗന്ദര്യശിക്ഷണരീതികളും വ്യക്തമാക്കുന്നുണ്ട്.

ഈ പുസ്തകത്തിലെ ഏറ്റവും കൂടുതൽ ലേഖനങ്ങളിൽ പല നിലകളിൽ ആവർത്തിച്ചുവരുന്ന വിഷയം കേരളീയ സമൂഹത്തിൽ എഴുത്തുകാർക്കു സംഭവിച്ച വിഗ്രഹധ്വംസനമാണ്. അഥവാ സാംസ്‌കാരിക നായക പദവിയിൽ നിന്ന് അവർക്കുണ്ടായ പതനം. പൊതുചടങ്ങുകളിൽ സിനിമാ, ടെലിവിഷൻ താരങ്ങൾക്കും വ്യാപാരിവ്യവസായികൾക്കും മത-ജാതി പുരോഹിതർക്കും രാഷ്ട്രീയ നേതാക്കൾക്കുമൊക്കെ പിന്നിൽ മാത്രം ഇടം കിട്ടുന്ന എഴുത്തുകാർ; കോളേജ് കാമ്പസുകളിൽ ആരും തിരിഞ്ഞുനോക്കാതെ അവഗണിക്കപ്പെടുന്ന സാഹിത്യകാരന്മാർ; പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടാലും കാലണ പ്രതിഫലം കിട്ടാത്തവർ... അഷ്ടമൂർത്തിയുടെ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ രോഷവും നിന്ദയും അണപൊട്ടിയൊഴുകുന്ന രചനകളാണ് ഇവയോരോന്നും. എഴുത്തുകാരൻ എവിടെയിരിക്കണം? എഴുത്തുകാരന് ആരാണ് വിലനിശ്ചയിക്കുന്നത്? എഴുത്തുകാരനും ഓതിക്കനും, സാംസ്‌കാരികനായകരെ ആർക്കാണുപേടി? ഉപഹാരങ്ങൾ എവിടെ സൂക്ഷിക്കും? ആർക്കുവേണം എഴുത്തുകരനെ? എന്നിങ്ങനെ എത്രയെങ്കിലും രചനകൾ.

എഴുത്തിന്റെയും സാഹിത്യത്തിന്റെയും സ്ഥാപനങ്ങൾക്കു നേരെയുള്ള വിമർശനങ്ങൾ മുതൽ എഴുത്തുകാരുടെ ആത്മവിശ്വാസക്കുറവിനെയും അല്പശാസനങ്ങളെയും സാഹിത്യകാരനാകാനുള്ള സൂത്രപണികളെയും മറ്റും പരിഹസിക്കുന്ന രചനകൾവരെയാണ് മറ്റൊരു വിഭാഗം. മകൾ കവിതയെഴുതുന്നുണ്ട്, എഴുത്തുകാരന്റെ ആരാധകർ, കഥാകുലപതീയം, മുന്മൊഴിക്കൊരുവിൻ മൊഴി, വായിച്ചുവോ എന്റെ പുസ്തകം, ഞങ്ങൾ എഴുത്തുകാർക്കു കൊമ്പുണ്ട്, കേട്ടോ !, ആരാണ് എഴുത്തുകാരൻ എന്നിങ്ങനെയുള്ളവ.

അവതാരിക എഴുതിക്കാൻ വന്ന വിദ്വാൻ, ഇക്കാലത്ത് പുസ്തകങ്ങൾ കയറിനിൽക്കുന്ന പൊയ്ക്കാലുകളുടെ എണ്ണം പറഞ്ഞ് അഷ്ടമൂർത്തിയെ ഭയപ്പെടുത്തുന്ന രസകരമായ ഒരു സന്ദർഭം നോക്കുക:

''ഈയിടെ ഒരെഴുത്തുകാരൻ തന്റെ പുസ്തകത്തിന്റെ ഡിടിപി പ്രതിയുമായി എന്റെ അടുത്തു വന്നു. മറിച്ചുനോക്കിയപ്പോൾ അതിന് അവതാരികയുണ്ട്. പുസ്തകം ആശ്വാസത്തോടെ തിരിച്ചു കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: 'എനിക്ക് ഇതിനൊരു പിൻകുറി വേണം.' അത്തരം ഒരു കുറിയേപ്പറ്റി വിവരമില്ലാത്തതിനാൽ അതെന്താണെന്ന് അന്വേഷിച്ചു. കഷ്ടം, ഇതുപോലും അറിയില്ലേ എന്ന ഭാവത്തിൽ അദ്ദേഹം പറഞ്ഞുതന്നു. 'പുസ്തകത്തിന് ഇപ്പോൾ തന്നെ മുന്മൊഴി എഴുതികിട്ടിയിട്ടുണ്ട്. അതാണ് താങ്കൾ കണ്ടത്. പുസ്തകത്തിന് തുടക്കത്തിൽ എന്റെ മുഖമൊഴിയുമുണ്ട്. അതും ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നു കരുതുന്നു. ഇനിവേണ്ടത് പിൻകുറിയാണ്. പിന്മൊഴി എന്നു പറയും.' പിന്മൊഴി എന്നു വച്ചാൽ പിൻചട്ടയിൽ വരേണ്ട വരികളല്ലേ എന്ന് അറിയാതെ ഞാൻ ചോദിച്ചുപോയി. 'അത് പുറമൊഴി അഥവാ ബ്ലർബ്ബ്,' പുച്ഛം പുറത്തു കാണിക്കാത്തിരിക്കാൻ പണിപ്പെട്ട് അദ്ദേഹം തുടർന്നു. 'പിന്മൊഴി എന്നുവച്ചാൽ പുസ്തകത്തേക്കുറിച്ചുള്ള ഗൗരവതരമായ ഒരു വിലയിരുത്തലാണ്. പഠനം എന്നതിന്റെ മറുമൊഴി.' ഇപ്പോൾ ഇത്തരം മൊഴികളില്ലാതെ ഇപ്പോൾ ഒരു പുസ്തകവും ഇറങ്ങാറില്ലാ എന്ന് അദ്ദേഹം എനിക്ക് പറഞ്ഞു തന്നു.'' മുഖമൊഴി, മുന്മൊഴി, പിന്മൊഴി, പുറമൊഴി, പറ്റുമെങ്കിൽ ഒരു നടുമൊഴിയും ഓരോ ലേഖനത്തിന്റേയും കഥയുടേയോ തുടക്കത്തിലുള്ള മേൽമൊഴി കൂടിയായാൽ വിശേഷമായി. ഇതാണ് ഇപ്പോഴത്തെ ട്രെന്റ്. ഏതുപ്രസാധകരെ സമീപിച്ചാലും അവർ ആദ്യം ആരായുക ആരുടെയാണ് മുന്മൊഴിയെന്നാണ്. മുഖചിത്രത്തിൽത്തന്നെ എന്തെങ്കിലും മൊഴി ആവാം എന്നും പറയുന്നുണ്ട്. 2014 -ലെ ഏറ്റവും മികച്ച നോവൽ എന്ന മട്ടിൽ ഒറ്റ വാചകം. അതിന് മുതൽ മൊഴി എന്നു പറയും.' ഒരുപന്യാസത്തിന്റെ ഉപസംഹാരം പോലെ അദ്ദേഹം ദീർഘമായി ഒന്നു നിശ്വസിച്ചു. ഇനി അവതാരിക എഴുതുമ്പോൾ ഇതൊക്കെ മനസ്സിൽ കരുതണം എന്ന് ഞാൻ ഉറപ്പിച്ചു.''

തന്റെ വായനാജീവിതത്തെയും സാഹിത്യഭാവനയെയും അനുഭൂതി ലോകങ്ങളെയും നിരന്തരം വേട്ടയാടുന്ന ചെറിയ ചെറിയ കുറ്റബോധങ്ങൾ മുതൽ മുൻതലമുറയിലെ സങ്കടകരമായ എഴുത്തുജീവിതങ്ങളെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ വരെയുള്ളവ ആവിഷ്‌കരിക്കുന്നവയാണ് ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ലേഖവനങ്ങൾ. ചിതലരിച്ച പുസ്തകങ്ങൾ, ഹസ്സൻ നാസിറിനെ ആരു വായിക്കുന്നു?, ഇതെന്റെ മാംസമാണെടുത്തുകൊള്ളുക, മരണം തുറന്ന വാതി ലുകൾ, മരിച്ചുപോയവരുടെ സ്മാരകങ്ങൾ, തുറക്കാത്ത പുസ്തകങ്ങൾ തുടങ്ങിയവയൊക്കെ ഉദാഹരണമാണ്. കെ.സി. ഫ്രാൻസിസ് എന്ന കവി, തന്റെ വളയാത്ത നട്ടെല്ലും കുനിയാത്ത ശിരസ്സും മൂലം സാഹിത്യവേദികളിൽനിന്നു പുറന്തള്ളപ്പെട്ട കഥ പറയുന്ന 'ജീവിതത്തിന്റെ തിരസ്‌കാരങ്ങ'ളിൽ നിന്നൊരു ഭാഗം വായിക്കുക.

'' 'ഇനി' എന്ന പേരിൽ ഫ്രാൻസിസ്മാഷടെ ഒരു കവിതയുണ്ട്. ''കഷ്ടമെന്തെഴുത്തൊക്കെ നിറുത്തിയോ'' എന്ന് സന്തോഷത്തോടെ ചോദിക്കുന്നവരോട് ''പീടികയ്ക്കുള്ളിൽ കണക്കെഴുതാൻ പോകുന്നൂ ഞാൻ, പേടിവേണ്ടിനിയെന്നെ, യാശ്വസിച്ചാലും നിങ്ങൾ'' എന്നാണ് കവിയുടെ മറുപടി. എന്നാലും 'ജീവിതസമര'ത്തിൽനിന്ന് പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാഷടെ ആ പേരിലുള്ള ആറുവരിക്കവിത പ്രഖ്യാപിക്കുന്നു: ''ഇരുൾമുറ്റും രാത്രി,യിടയ്ക്കിടിവെട്ടും മഴയും/ അലമാലകളാൽ ചീറിപ്പുളയുന്നൊരു പുഴയും / എൻ കരമോ കുഴയും, ഞാനെന്നാലും തുഴയും!'' ഇതുതന്നെയാവണ്ടേ തിരസ്‌കരിക്കപ്പെട്ടവർ പാടേണ്ട സംഘഗാനം? ''

എത്രയെങ്കിലും സാഹിത്യകാരന്മാരുടെ മരണവും മരണാനന്തരമുള്ള സമൂഹത്തിന്റെ മറവിയും ഹൃദയവേദനയോടെ പകർത്തുന്ന രചനകളിലൊന്നാണ് 'മരണം തുറക്കുന്ന വാതിലുകൾ' ജീവിതത്തിലെക്കാൾ വലിയ പദവികൾ മരണാനന്തരം കിട്ടും എന്ന മോഹവുമായി മരിച്ചുപോകുന്ന എഴുത്തുകാരാണ് നമുക്കുചുറ്റുമുള്ളത്. ഇവർക്കിടയിലാണ് ബാലചന്ദ്രൻ ചുള്ളിക്കാട് വേറിട്ടുനിൽക്കുന്നത്. ബാലചന്ദ്രന്റെ വാക്കുകൾ അഷ്ടമൂർത്തി ഉദ്ധരിക്കുന്നു.

''പ്രിയ സുഹൃത്തുക്കളേ, ഞാൻ ചത്താൽ ശവം ഉടൻ മെഡിക്കൽ കോളേജിനു വിട്ടുകൊടുക്കണം. എന്റെ ശവം പൊതുദർശനത്തിനു വെയ്ക്കരുത്. ചാനലുകളിൽ ശവപ്രദർശനം നടത്തരുത്. ശവത്തിൽ പൂക്കൾ വച്ച് പൂക്കളെ അപമാനിക്കരുത്. സർക്കാർ ബഹുമതിയും ആചാരവെടിയും ഒരിക്കലും അനുവദിക്കരുത്. ദയവായി ആരും അനുശോചിക്കരുത്. സ്തുതിക്കരുത്. എന്നേക്കാൾ നന്നായി കവിത എഴുതുന്ന ധാരാളം കവികളുണ്ട്. ഇനിയും ഉണ്ടാകും. അതിനാൽ എന്റെ മരണം തീരാനഷ്ടമാണെന്ന് പച്ചക്കള്ളം പറഞ്ഞ് എന്റെ ഓർമയെ അപമാനിക്കരുത്. എന്റെ ഭാര്യയുടെ ദുഃഖത്തിൽ പങ്കുചേരരുത്. അത് അവൾക്ക് മാത്രമുള്ള എന്റെ തിരുശേഷിപ്പാണ്. എന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തരുത്. സാഹിത്യ അക്കാദമിയുടെ ചുമരിൽ എന്റെ പടം തൂക്കരുത്. എനിക്ക് സ്മാരകം ഉണ്ടാക്കരുത്. എന്റെ കവിതയ്ക്ക് എന്റെ സ്മരണ നിലനിർത്താനാവുന്നില്ലെങ്കിൽ എന്നേക്കുമായി എല്ലാവരും വിസ്മരിക്കുന്നതാണ് എനിക്കു സന്തോഷം.'

മലയാള ഭാഷ, വിദ്യാഭ്യാസരംഗത്തും മാദ്ധ്യമരംഗത്തും സാങ്കേതികവിദ്യയുടെ രംഗത്തുമൊക്കെ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു ഖേദിക്കുന്ന ലേഖനങ്ങൾ പലതുണ്ട് ഈ പുസ്തകത്തിൽ. മാതൃഭാഷാ മൗലികവാദികളുടെ തീവ്രവാദം അഷ്ടമൂർത്തിക്കില്ല. എങ്കിലും ഭാഷമനുഷ്യന് വേണ്ടിയാണ്, മനുഷ്യൻ ഭാഷ്‌യ്ക്കുവേണ്ടിയല്ല എന്ന യുക്തിയോടു പൊരുത്തപ്പെടാനും അദ്ദേഹം തയ്യാറല്ല. ഇംഗ്ലീഷ് പദങ്ങളുപയോഗിച്ചാൽ മലയാളഭാഷയ്ക്ക് അതിന്റെ ചരിത്രവും ചൈതന്യവും നഷ്ടമാകും എന്നു വിശ്വസിക്കുന്ന ശുദ്ധഗതിക്കാരനാണ്, ചിലയിടത്തെങ്കിലും അഷ്ടമൂർത്തി.

പുസ്തകവും എഴുത്തുകാരുടെ ജീവിതവും തമ്മിലുള്ള രക്തസ്‌നാതമായ ഏടുകൾ മറനീക്കുന്ന, കിടിലം കൊള്ളിക്കുന്ന സ്മൃതിചിത്രങ്ങളാണ് മറ്റുചില രചനകൾ. കടലാസിൽ അച്ചടിച്ച പുസ്തകത്തിന് ലോകത്തെവിടെയും സംഭവിക്കുന്ന തിരോഭാവത്തിന്റെ ഹൃദയസ്പർശിയായ വിവരണമാണ് 'തീയിലെരിയുന്ന പുസ്തകങ്ങൾ' മുതൽ 'പുസ്തകത്തിന്റെ ഇ- ജീവിതം' വരെയുള്ള രചനകൾ.

പുസ്തകങ്ങളെ രക്തവും മാംസവും മജ്ജയും ജീവനുമുള്ള മനുഷ്യരെപ്പോലെ കാണുന്ന ഒരു തലമുറയുടെ വക്താവാണ് അഷ്ടമൂർത്തി. ദുഃഖസാന്ദ്രമായ ചെറുകഥകൾപോലെയാണ് ഈ പുസ്തകത്തിലെ പലകുറിപ്പുകളും നമുക്കനുഭവപ്പെടുക. വസ്തുതകളെ ഭാവനാത്മകവും ഭാവനകളെ വസ്തുതാപരവുമാക്കുന്ന മാന്ത്രിക വിദ്യ അഷ്ടമൂർത്തിക്കറിയാം. വസ്തുതാപരവും ചരിത്രപരവുമാകുമ്പോൾതന്നെ ഭാവബന്ധവും വികാരനിർഭരവും മനുഷ്യത്വപൂർണവുമായ വിശകലനങ്ങളായി ഇവ മാറുന്നു.

1990 കളുടെ തുടക്കം മുതലുള്ള കാലത്ത് മലയാളിയുടെ സാഹിത്യവായനയിലും പുസ്തകാഭിരതിയിലും മാത്രമല്ല, അച്ചടി സംസ്‌കാരത്തിൽ തന്നെയും സംഭവിച്ച ഭാവുകത്വപരിണാമങ്ങളെ, ആധുനികതയുടെ അനുഭൂതിലോകങ്ങളെ മുൻനിർത്തി വിചാരണ ചെയ്യുന്ന രചനകളാണ് ഈ പുസ്തകത്തിലുള്ളത്. സാംസ്‌കാരികമണ്ഡലത്തിൽ പുസ്തകം, സാഹിത്യം, വായന, ആസ്വാദനം തുടങ്ങിയവയ്ക്കുണ്ടായിരുന്ന സ്ഥാനം, എഴുത്തുകൾക്കുണ്ടായിരുന്ന ബിംബവൽകൃത പദവികൾ, സാഹിത്യപ്രസിദ്ധീകരണങ്ങൾ, പ്രസാധകർ, സ്ഥാപനങ്ങൾ, പുരസ്‌കാരങ്ങൾ തുടങ്ങിയയ്ക്കു സംഭവിച്ച ശൈഥില്യം, നിസ്വരും ദുർബലരുമായ എഴുത്തുകാർ തങ്ങളുടെ ഭാവനാജീവിതത്തിനു മറ്റാരും കല്പിച്ചു കൊടുക്കാത്ത മൂല്യത്തെക്കുറിച്ചുന്നയിക്കുന്ന സങ്കടങ്ങൾ.... ഒന്നും അഷ്ടമൂർത്തി കാണാതെയും കേൾക്കാതെയുമിരിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ആധുനികതയുടെ അന്ത്യത്തോടെ സാഹിത്യത്തെ മാറ്റി പ്രതിഷ്ഠിച്ച് ഈ സാംസ്‌കാരികരൂപങ്ങൾ മേൽക്കൈനേടിയ കേരളീയപൊതുമണ്ഡലത്തിൽ 'എഴുത്തുകാർ' എന്ന സാംസ്‌കാരിക ബിംബങ്ങൾക്കും എഴുത്ത് എന്ന സാഹിതീയ പ്രക്രിയയ്ക്കും സംഭവിച്ച പദവിനഷ്ടത്തിന്റെ വിലാപഗീതങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സാഹിതീയാധുനികതയുടെ ചരമഗീതങ്ങൾ.

പുസ്തകത്തിൽ നിന്ന്

ന്നു മുതലാണ് കേളേജുകുട്ടികൾക്ക് എഴുത്തുകാരെ വേണ്ടാതായത്?
കുറേ കൊല്ലങ്ങൾക്ക്മുമ്പ് തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ യൂണിയൻ ഉദ്ഘാടനത്തിനു പോയി. സച്ചിദാനന്ദനും രാമചന്ദ്രൻ മൊകേരിയും ഒക്കെയുണ്ടായിരുന്നു വേദിയിൽ. സച്ചിദാന്ദന്റെ ഉദ്ഘാടനപ്രസംഗവും എന്റെ ആശംസയും കഴിഞ്ഞ് ആർട്‌സ് ക്ലബ് ഉദ്ഘാടനത്തിന് മൊകേരിയെ ക്ഷണിക്കുന്നതിനു മുമ്പ് ഫൈൻ ആർട്‌സ് സെക്രട്ടറി മൈക്കിനു മുമ്പിലെത്തി. നീണ്ട ഒരു ക്ഷമാപണമായിരുന്നു പിന്നീടു നടന്നത്. ആർട്‌സ് ക്ലബ് ഉദ്ഘാടനത്തിന് ജയറാം എന്ന സിനിമാ നടനെ കൊണ്ടുവരാം എന്നു വാഗ്ദാനം ചെയ്താണത്രേ ആർട്‌സ് ക്ലബിലേക്കു മത്സരിച്ചത്. ജയറാമിനെ കിട്ടിയില്ല. അപ്പോൾ ജഗതിയെ നോക്കി. അയാളേയും കിട്ടിയില്ല. എന്തിന് ജഗദീഷിനെപ്പോലും കിട്ടിയില്ല. വേറെ ഒരു നിവൃത്തിയുമില്ലാതെയാണ് രാമചന്ദ്രൻ മൊകേരിയെ കൊണ്ടുവന്നത്. ഇതായിരുന്നു ക്ഷമാപണസാരം. ഞാൻ രാമചന്ദ്രൻ മൊകോരിയെ നോക്കി. സ്വതേ പൊട്ടിത്തറിക്കേണ്ട ആളാണ്. പക്ഷേ ആൾ തികച്ചും അക്ഷോഭ്യനായി ഇരിക്കുകയാണ്. എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നു. എന്റെ പ്രസംഗം കഴിഞ്ഞിരുന്നതുകൊണ്ട് ഒന്നു പൊട്ടിത്തെറിക്കാൻ അവസരവുമില്ല.

അതു കഴിഞ്ഞ് പത്തുകൊല്ലം കഴിഞ്ഞിരിക്കണം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലേയ്ക്ക് യൂണിയൻ ഉദ്ഘാടനത്തിനു പോവുകയാണ്. വഴിയിൽ വച്ചുതന്നെ കുട്ടികൾ തമ്മിൽ എന്തോ കുശുകുശുക്കുന്നത് ഞാൻ ശ്രദ്ധിച്ചു. കുറേ ചെന്നപ്പോൾ സഹികെട്ട് എന്താണ് കാര്യമെന്നു ഞാൻ തിരക്കി. ആദ്യം ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും ഒടുവിൽ അവർ സത്യം പറഞ്ഞു. ഞാൻ ചെന്നിറങ്ങുമ്പോൾ കോളേജിൽ എന്താണ് സംഭവിക്കുക എന്നായിരുന്നു അവരുടെ വേവലാതി. കുഞ്ചാക്കോ ബോബനെ കൊണ്ടുവരാം എന്നു പറഞ്ഞ് പെൺകുട്ടികളെ മോഹിപ്പിച്ചിരുന്നു യൂണിയൻ ചെയർമാൻ. അടുത്തൊരു സ്ഥലത്ത് ഷൂട്ടിങ്ങ് നടക്കുന്നുണ്ട്. പക്ഷേ താരത്തെ വിട്ടുകൊടുക്കാൻ സംവിധായകൻ തയ്യാറായില്ല. ചടങ്ങ് ദിവസം തെറ്റാതെ നടത്താൻ വേണ്ടിയാണ് നിങ്ങളെ ക്ഷണിച്ചത്. പക്ഷേ നിങ്ങളാണ് വരുന്നതെന്ന് അധികം പേർക്കും ഇപ്പോഴുമറിയില്ല. അവർ കുഞ്ചാക്കോ ബോബനെ പ്രതീക്ഷിച്ചു നില്പാണ്. സ്ഥലത്ത് പൊലീസും സന്നാഹവുമൊക്കെയുണ്ട്. അതു കാരണം അനിഷ്ടസംഭവമൊന്നും ഉണ്ടാവില്ല എന്ന് അവരെന്നെ സമാധാനിപ്പിച്ചു. അപ്പോൾ ചിരിക്കാനാണ് എനിക്കു തോന്നിയത്. ക്ഷോഭം ചിരിയാക്കാനുള്ള പക്വത അപ്പോഴേയ്ക്കും ഞാൻ ആർജ്ജിച്ചിരുന്നിരിക്കണം.

ഇപ്പോൾ കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് ഗതികെട്ടാൽ പോലും എഴുത്തുകാരെ ക്ഷണിക്കാറില്ല. അല്പസ്വല്പം തിരക്കഥയൊക്കെ പരീക്ഷിച്ചിട്ടുള്ള ആളാണെങ്കിൽ പോട്ടെ. വെറും എഴുത്തുകാരൻ! ആർക്കു വേണമവരെ? അല്ലെങ്കിൽ തന്നെ ആരാണ് ഇപ്പോൾ പുസ്തകങ്ങൾ വായിക്കുന്നത്.

എഴുത്തുകാരൻ താരമല്ല. ഒരിക്കലും അങ്ങനെയാവരുത് എന്ന് സക്കറിയ പറഞ്ഞിട്ടുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിച്ചാലല്ലാതെ എഴുത്തുകാരന് ഒന്നും എഴുതാൻ കഴിയില്ല. എഴുത്തുകാരന്റെ ചിത്രം പോലും പ്രസിദ്ധീകരിക്കപ്പെടരുത്.അയാൾ ആരെയും പേടിക്കരുത്. അധികാരമോഹിയാവരുത്. ആരുടെയും അടിമയാവരുത്. ആ സക്കറിയയോടാണ് പിണറായി വിജയൻ സദസ്സുനോക്കി സംസാരിക്കണമെന്ന് താക്കീതു നൽകിയത്. മുട്ടിലിഴയാൻ തയ്യാറായ ആയിരം എഴുത്തുകാരുള്ളപ്പോൾ ഒരു സക്കറിയയ്‌ക്കെന്തു ചെയ്യാനാവും?
കുറ്റക്കാരൻ കാലമാണോ? മാറിവരുന്ന അഭിരുചികളാണോ? അതോ പ്രശസ്തിയിലേയ്ക്ക് കുറുക്കുവഴികൾ തേടുന്ന എഴുത്തുകാർ തന്നെയാണോ? അല്ലെങ്കിൽ ഇപ്പോൾ എഴുത്തുകാർ എന്താണ് ചെയ്യുന്നത്, സ്ഥാനമാനങ്ങൾക്കുവേണ്ടി അധികാരികളുടെ മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുകയല്ലാതെ?

ഹരിദാസ് കരിവെള്ളൂരിന്റെ കഥയിൽ വായനശാല ഉദ്ഘാടനം ചെയ്യാൻ സാക്ഷാൽ കടമ്മനിട്ട എത്തുന്നുണ്ട്. അന്ന് 'കടമ്മനിട്ട'യെ കടമ്മനിട്ട രാമകൃഷ്ണന് പരിചയപ്പെടുത്തിക്കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. പക്ഷേ കല്ലുവെട്ടുതൊഴിലാളി കടമ്മനിട്ട ആ പരസരത്തുവന്നില്ല. അയാൾ പിന്നെ വായനശാലയിലേക്കും വരാതായി. വളരെ വർഷങ്ങൾക്കുശേഷം ലൈബ്രേറിയനെ കണ്ടപ്പോൾ അയാൾ കുറ്റബോധത്തോടെ അദ്ദേഹത്തോട് താൻ ആ പുസ്തകം തിരിച്ചു തന്നില്ല എന്ന് ക്ഷമാപണം ചെയ്യുന്നുണ്ട്. അപ്പേഴേക്കും ലൈബ്രേറിയൻ ആ സംഭവം മറന്നു പോയിരുന്നു. പിന്നെ അദ്ദേഹം അയാളിനി അതു മടക്കിത്തരേണ്ടതില്ലെന്നു സമാധാനിപ്പിക്കുന്നു. അമ്പരന്നു നിന്ന 'കടമ്മനിട്ട'യോട് അദ്ദേഹം തുടർന്നു പറയുന്നു: നിങ്ങളുടെ വിചാരങ്ങളും അനുഭവങ്ങളും അറിയാതെയാണെങ്കിലും സ്വന്തം സൃഷ്ടിയായി ഒരെഴുത്തുകാരൻ എഴുതിവയ്ക്കുകയാണെങ്കിൽ തീർച്ചയായും അതു നിങ്ങളുടെ കൃതി തന്നെയാണ്. നമ്മുടെ സ്വത്തിന്റെ രേഖ പകർത്തുന്ന ആധാരമെഴുത്തുകാരന് സ്വത്തിൽ അവകാശമുണ്ടോ? ആ അർത്ഥത്തിൽ എഴുത്തുകാരെല്ലാം വെറും പകർത്തെഴുത്തുകാർ മാത്രമല്ലേ?''
ആയിരിക്കാം. എങ്കിൽ ആ പകർത്തെഴുത്തുകാർ ജീവിതം കാണാതെ പോയോ? അവർ പകർത്തെഴുത്തുകാർ പോലുമല്ലാതായോ? അതുകൊണ്ടാണോ എഴുത്തുകാരെ ആർക്കും വേണ്ടാതായത്? വായനക്കാർ എഴുത്തുകാരിൽ നിന്ന് അകന്നുപോയതുപോലെ എഴുത്തുകാർ വായനക്കാരിൽ നിന്നും അകന്നുപോയി എന്നതല്ലേ സത്യം?

ഉത്തരം ഹരിദാസിന്റെ മറ്റൊരു കഥയിലെ ബീഡിത്തൊഴിലാളി പറയുന്നുണ്ട്. 'ജീവിതം തുടയ്ക്കാൻ ഒരു തൂവാല' എന്ന കഥയിൽ. വായനക്കാരനായ ഒരു ബീഡിത്തൊഴിലാളി ഒരെഴുത്തുകാരനെ വിചാരണ ചെയ്യുന്നു തൊഴിലാളികളുടെ ഒപ്പം നിന്നിരുന്ന എഴുത്തുകാരൻ വർഷങ്ങൾക്കു ശേഷം എഴുതിയ നോവൽ ഉറക്കം വരാതെ ഏകാകിയായിരിക്കുന്ന മദാലസയെക്കുറിച്ചായിരുന്നു. അത് ബീഡിത്തൊഴിലാളിയെ രോഷാകുലനാക്കി. പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതുകൊണ്ട് ജോലിനഷ്ടപ്പെട്ട ആളാണ് അയാൾ. പലഹാരം വിൽക്കാൻ നടക്കുന്ന ഭാര്യയെ ഒരു ചെറുപ്പക്കാരൻ കിടപ്പറയിലേക്കു ക്ഷണിച്ചത് ആ കുടുംബത്തെ ജീവിതത്തേക്കുറിച്ചുതന്നെയുള്ള ഒരു വീണ്ടുവിചാരത്തിലെത്തിച്ചു. അപ്പോഴാണ് ഉറക്കം വരാത്ത മദാലസയെക്കുറിച്ചുള്ള നോവൽ അയാൾ വായിക്കുന്നത്. എഴുത്തുകാരൻ പോലും തങ്ങളെ രക്ഷിക്കാനില്ല എന്ന് അയാൾ മനസ്സിലാക്കുന്നു. എഴുത്തിന്റെ വിഷയം ''എപ്പോഴും ദാരിദ്ര്യവും വിശപ്പും മാത്രം മതിയോ'' എന്ന എഴുത്തുകാരന്റെ ചോദ്യം അയാളെ തളർത്തി. തലേന്ന് തങ്ങൾ ആത്മഹത്യയ്ക്കു ശ്രമിച്ച വിവരം അയാൾ എഴുത്തുകാരനെ അറിയിക്കുന്നു. എഴുത്തുകാരന് ഒന്നും പറയാനുണ്ടായിരുന്നില്ല.

അല്ലെങ്കിൽ എഴുത്തുകാരൻ എന്തു പറയാനാണ്? അയാളുടെ എഴുത്തിൽ എന്താണ് ബാക്കിയുള്ളത്? അയാൾക്കു മറ്റെന്താണ് ചെയ്യാനുള്ളത്? ജീവിതത്തിലെ കണ്ണീരു തുടയ്ക്കാൻ നല്ലൊരു തൂവാല പോലുമാവുന്നില്ലല്ലോ തന്റെ എഴുത്ത് എന്നു ഖേദിക്കുകയല്ലാതെ?

ആർക്കുവേണം എഴുത്തുകാരനെ?
അഷ്ടമൂർത്തി
ഗ്രീൻബുക്‌സ്
2015
വില : 140 രൂപ

 

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ