- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയാൾ മരണത്തിലേക്കു തിരിച്ചുനടന്ന വിധം: കാൻസറിനെ തോൽപ്പിച്ച ഡോ. സുനിൽക്കുമാർ അനുഭവങ്ങൾ പുസ്തകത്തിലാക്കും മുമ്പു മരണത്തിലേക്കു നടന്നുപോയ അനുഭവം അഷ്ടമൂർത്തി എഴുതുന്നു
ആറാട്ടുപുഴ പൂരത്തിൽ ശാസ്താവിന്റെ എഴുന്നെള്ളിപ്പ് നടക്കുകയാണ്. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിയുടെ മൂന്നാം കാലം. ഇത്തവണ പതിവിൽക്കവിഞ്ഞ തിരക്കുണ്ട്. സ്‌കൂളുകൾ അടച്ചിരിക്കുന്നു. പോരാത്തതിന് രണ്ടാം ശനിയാഴ്ച. ചാടിത്തുള്ളുന്ന മേളക്കമ്പക്കാരുടെ ഇടയിൽ അടി തെറ്റാതെ നിൽക്കാൻ പാടുപെടുകയായിരുന്നു. അപ്പോഴാണ് മൊബൈൽ ഫോൺ വിറയ്ക്കുന്നത്. മുല്ലനേഴി പ്രദീപനാണ്. 'അഷ്ടേട്ടാ, സുനിലേട്ടൻ പോയി'. ഏതു സുനിലേട്ടൻ? പോയി എന്നു പറഞ്ഞാൽ? രണ്ടു സെക്കന്റു നേരം എന്താണ് കേൾക്കുന്നതെന്ന് മനസ്സിലാവാതെ നിന്നു. അതിനു ശേഷമാണ് അത് ഡോ. എം. ബി. സുനിൽ കുമാറിനേക്കുറിച്ചാണെന്നു തിരിച്ചറിയുന്നത്. കുറച്ചു പണിപ്പെട്ട് തിരക്കിൽനിന്നു പുറത്തേയ്ക്കു കടന്നു. അൽപം ഒഴിഞ്ഞ ഒരിടത്തെത്തിയപ്പോൾ ചോദിച്ചു: പ്രദീപൻ, എന്താണുണ്ടായത്? ഏപ്രിൽ 21-ാം തീയതിയിലെ പുസ്തകപ്രകാശനത്തിന് ആളുകളെ വിളിക്കുന്ന തിരക്കിലായിരുന്നുവല്ലോ സുനിലേട്ടൻ- പ്രദീപൻ പറഞ്ഞു. ഇന്നു രാവിലെ സ്‌കൂട്ടറിൽ ജോലിക്കു പോവുമ്പോഴും നിരന്തരം വിളിയായിരുന്നു. എല്ലാവരും കൂടെയുണ്ടാ
ആറാട്ടുപുഴ പൂരത്തിൽ ശാസ്താവിന്റെ എഴുന്നെള്ളിപ്പ് നടക്കുകയാണ്. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിയുടെ മൂന്നാം കാലം. ഇത്തവണ പതിവിൽക്കവിഞ്ഞ തിരക്കുണ്ട്. സ്‌കൂളുകൾ അടച്ചിരിക്കുന്നു. പോരാത്തതിന് രണ്ടാം ശനിയാഴ്ച. ചാടിത്തുള്ളുന്ന മേളക്കമ്പക്കാരുടെ ഇടയിൽ അടി തെറ്റാതെ നിൽക്കാൻ പാടുപെടുകയായിരുന്നു. അപ്പോഴാണ് മൊബൈൽ ഫോൺ വിറയ്ക്കുന്നത്. മുല്ലനേഴി പ്രദീപനാണ്. 'അഷ്ടേട്ടാ, സുനിലേട്ടൻ പോയി'.
ഏതു സുനിലേട്ടൻ? പോയി എന്നു പറഞ്ഞാൽ? രണ്ടു സെക്കന്റു നേരം എന്താണ് കേൾക്കുന്നതെന്ന് മനസ്സിലാവാതെ നിന്നു. അതിനു ശേഷമാണ് അത് ഡോ. എം. ബി. സുനിൽ കുമാറിനേക്കുറിച്ചാണെന്നു തിരിച്ചറിയുന്നത്.
കുറച്ചു പണിപ്പെട്ട് തിരക്കിൽനിന്നു പുറത്തേയ്ക്കു കടന്നു. അൽപം ഒഴിഞ്ഞ ഒരിടത്തെത്തിയപ്പോൾ ചോദിച്ചു: പ്രദീപൻ, എന്താണുണ്ടായത്?
ഏപ്രിൽ 21-ാം തീയതിയിലെ പുസ്തകപ്രകാശനത്തിന് ആളുകളെ വിളിക്കുന്ന തിരക്കിലായിരുന്നുവല്ലോ സുനിലേട്ടൻ- പ്രദീപൻ പറഞ്ഞു. ഇന്നു രാവിലെ സ്‌കൂട്ടറിൽ ജോലിക്കു പോവുമ്പോഴും നിരന്തരം വിളിയായിരുന്നു. എല്ലാവരും കൂടെയുണ്ടാവണം എന്ന ആഗ്രഹം. ഒരു വീട്ടിലെ പശുവിനെ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ദാഹം തോന്നി. വെള്ളം വേണമെന്ന് വീട്ടുകാരോടു പറഞ്ഞു. അതു ചായ തന്നെയാക്കാം എന്നായി വീട്ടുകാർ. ആ ചായ കുടിച്ചു കഴിഞ്ഞപ്പോൾ ആകെ വിയർത്തു കുളിച്ചു. ഒന്ന് ടോയ്ലെറ്റിൽ പോണമെന്ന ആവശ്യമായി. അവിടെ പോയി അര മണിക്കൂർ കഴിഞ്ഞിട്ടും ആൾ പുറത്തു വന്നില്ല. വീട്ടുകാർക്ക് സംശയം തോന്നി. വാതിൽ ബലം പ്രയോഗിച്ചു തുറന്നപ്പോൾ വിയർത്തുകുളിച്ച് തികഞ്ഞ അവശതയോടെ ഇരിക്കുകയാണ്. വേഗം ഏറ്റവും അടുത്തുള്ള ജൂബിലി മിഷൻ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. വാഹനത്തിൽ വെച്ച് കാലുകൾ നീർക്കെട്ടി. മൂക്കിൽ നിന്നു ചോര വന്നു. ആശുപത്രിയിൽ പന്ത്രണ്ടു മണിയോടെ എത്തി. പരിശോധനയ്ക്കിടയിൽ ഡോ. വി. പി. ഗംഗാധരനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പക്ഷേ കാര്യമായി ഒന്നും ചെയ്യാനായില്ല. ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളൊക്കെ ഓരോന്നോരോന്നായി പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ടിരുന്നു. രാത്രി എട്ടേമുക്കാലോടെ മരിച്ചു.
പിന്നെ വിളിക്കാം എന്നു പറഞ്ഞ് പ്രദീപൻ ഫോൺ വെച്ചു. ഇനിയും എത്രയോ പേരെ വിവരമറിയിക്കാനുണ്ടാവും പ്രദീപന്. സുനിലിന്റെ രോഗത്തിലും രോഗാനന്തരജീവിതത്തിലും ഒപ്പമുണ്ടായിരുന്ന ആളാണ് പ്രദീപൻ. ഇപ്പോൾ ഇതാ, മരണത്തിലും.
ആറു കൊല്ലം മുമ്പ് രക്താർബ്ബുദം ബാധിച്ച് ലേക്ഷോർ ആശുപത്രിയിൽ ഡോ. വി. പി. ഗംഗാധരന്റെ ചികിത്സയിലായിരുന്നു ഡോ. സുനിൽകുമാർ. ഒന്നര വർഷത്തെ ചികിത്സാനുഭവങ്ങൾ എല്ലാ ശനിയാഴ്ചയും ഫെയ്സ് ബുക്കിൽ 'ഒരാൾ ജീവിതത്തിലേയ്ക്കു തിരിച്ചു നടന്ന വിധം' എന്ന തലക്കെട്ടിൽ ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. മൂന്നോ നാലോ ലക്കം വായിച്ചപ്പോൾ അത്ഭുതവും സന്തോഷവും തോന്നി. എത്ര ഭംഗിയായാണ് സുനിൽ എഴുതുന്നത്! രോഗം ഇങ്ങനെയൊരാളിൽത്തന്നെ കയറിക്കൂടിയത് ഇത്രയും തീവ്രമായ ഒരനുഭവം നമ്മുടെ ഭാഷയ്ക്കു സമ്മാനിക്കാൻ വേണ്ടിയാവുമോ? ഇത് ഫേസ്‌ബുക് വായനക്കാർക്കു മാത്രമായി പരിമിതപ്പെടുത്തുന്നതു ശരിയല്ലെന്നു തോന്നി. നമുക്ക് ഇതൊരു പുസ്തകമാക്കിയാലെന്താ സുനിൽ?
എഴുതിത്ത്ത്ത്ത്ത്ത്തീർന്നാൽ കടലാസ്സിലേയ്ക്കു പകർത്തിത്തരാം എന്ന് സുനിൽ പറഞ്ഞു. ഖണ്ഡങ്ങളായി വായിക്കുന്നതു ശരി. എന്നാൽ ഒന്നിച്ചു വായിക്കുമ്പോൾ എങ്ങനെയുണ്ട് എന്നും അറിയണമല്ലോ.
രക്താർബ്ബുദഗ്രസ്തമായ നാളുകൾ, ലേക്ഷോർ ആശുപത്രിയിലെ തീവ്രചികിത്സ. വിപുലമായ വായനയും ഊഷ്മളമായ ഓർമ്മകളും കൂട്ടുകാരുടെ സാന്നിദ്ധ്യവും അതിരറ്റ ജീവിതാസക്തിയും. വായനക്കാരിൽത്തന്നെ ആത്മവിശ്വാസം ഊതിനിറയ്ക്കാൻ പര്യാപ്തം. ഇത് പുസ്തകമാക്കിയേ തീരൂ. സുനിൽ ഡോ. ഗംഗാധരനോട് അഭിപ്രായം ചോദിച്ചു. തന്റെ തിരക്കുകൾക്കിടയിലും പുസ്തകം വായിച്ചു തീർത്ത ഡോക്ടർ പറഞ്ഞു: പുസ്തകമാക്കുന്നതു നല്ലതു തന്നെ. പക്ഷേ അതിനു മുമ്പ് ഏതെങ്കിലും ആനുകാലികത്തിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കാനാവുമോ? കൂടുതൽ ശ്രദ്ധയാകർഷിക്കാൻ അതു നന്നാവില്ലേ?
അർബ്ബുദാനുഭവങ്ങൾ പുസ്തകരൂപത്തിൽ മുമ്പും വന്നിട്ടുണ്ട്. കഥാകൃത്ത് ദേവിയുടെ 'സാന്ത്വനസ്പർശങ്ങൾ' ആവണം ഈ ഇനത്തിൽ ആദ്യം വന്ന പുസ്തകം. അത് വേണ്ടത്ര വായിക്കപ്പെട്ടില്ല. പിന്നെ ചന്ദ്രമതി. ആ മഹമിയുടെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യും ഇന്നസെന്റിന്റെ 'കാൻസർ വാർഡിലെ ചിരി'യും. രണ്ടും നിരവധി പതിപ്പുകൾ വിറ്റുപോയതാണ്. പക്ഷേ അവർ രണ്ടു പേരും പ്രശസ്തരാണ്. ഡോ. എം. ബി. സുനിൽകുമാർ അങ്ങനെയല്ല. അതുകൊണ്ട് ഡോ. ഗംഗാധരൻ പറഞ്ഞതു ശരിയാണ്. ഏതെങ്കിലും ആനുകാലികത്തിൽ വരുന്നത് നല്ലതാണ്.
അതിനു ശേഷമാണ് സുനിലുമായുള്ള എന്റെ നിരന്തരസമ്പർക്കം തുടങ്ങുന്നത്. പരിചയമുള്ള പത്രസ്ഥാപനങ്ങൾ, പത്രാധിപന്മാർ. ചിലർക്കു വായിച്ചു നോക്കാൻ തന്നെ സമയമില്ല. മറ്റു ചിലർ വായിച്ചിട്ട് നിരസിച്ചു. ഒഴികഴിവുകൾ പലതായിരുന്നു. ഇതു പോലെ മറ്റൊന്ന് ഇപ്പോൾ പ്രസിദ്ധീകരിച്ചതേയുള്ളു. ഉടനെ പറ്റില്ല. അല്ലെങ്കിൽ മാസികയിൽ ഇതു ചേർക്കാൻ ഇടം പോരാ. അതുമല്ലെങ്കിൽ 'രോഗവിസ്താരം' ഞങ്ങളുടെ വായനക്കാർക്ക് അത്ര പ്രിയമുള്ളതല്ല.
ഒടുവിൽ പ്രശസ്തമായ മറ്റൊരു വാരികയെ സമീപിച്ചു. അതിൽ പ്രസിദ്ധീകരിച്ചു വരാൻ സുനിലിന് ആഗ്രഹമുണ്ടായിരുന്നു. മാറ്റർ മെയിൽ വഴി അയയ്ക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. അതു കിട്ടിയോ എന്ന് പലവട്ടം വിളിച്ച് അന്വേഷിക്കുമ്പോഴൊക്കെ നോക്കാം നോക്കാം എന്ന് മറുപടി. പിന്നെ അത് എഴുത്തുകാരന്റെ സ്വന്തം ഈമെയിൽ വിലാസത്തിൽനിന്നായിരുന്നോ എന്ന മറുചോദ്യം. പരിചിതരല്ലാത്തവരുടെ മെയിലുകൾ നോക്കാറില്ല. ഒന്നു കൂടി അയയ്ക്കാൻ പറയൂ. വീണ്ടും അയച്ചു. മറുപടിയില്ല. മെയിൽ തുറക്കലും മാറ്റർ ഡൗൺ ലോഡ് ചെയ്ത് വായിക്കലുമൊക്കെ മിനക്കെട്ട പണിയാണ്. ചിലപ്പോൾ അതു പെട്ടെന്നു നടന്നുവെന്നു വരില്ല. നമുക്ക് പ്രിന്റൗട്ട് തന്നെ ആൾക്ക് എത്തിക്കാം. സുനിൽ കോഴിക്കോട്ടു പോയി പത്രാധിപരെ ഏൽപ്പിച്ചു. വായിച്ച് ഉടനെ പറയാം എന്നു തന്നെ മറുപടി. പക്ഷേ അതു സംഭവിച്ചില്ലെന്നു മാത്രം.
പത്രാധിപന്മാരെ കുറ്റം പറയാൻ വയ്യ. അവർ തിരക്കുള്ളവരാണ്. എല്ലാം എത്തിപ്പിടിക്കാൻ കഴിഞ്ഞുവെന്നു വരില്ല. മിക്കവരും കടുത്ത ഇഷ്ടാനിഷ്ടങ്ങളുള്ളവരാണ്. പിന്നെ മാറ്റർ ചാടിപ്പിടിച്ചെടുക്കാൻ തക്കവണ്ണം എഴുത്തുകാരൻ പ്രശസ്തനുമല്ലല്ലോ.
അങ്ങനെയിരിക്കുമ്പോൾ ആ വാരികയുടെ പത്രാധിപർ മാറുന്നു. ചുമതലയേറ്റെടുത്ത സമയത്ത് പുതിയ പത്രാധിപർ ഓൺലൈനിൽ വന്നു: വല്ല കഥയുമുണ്ടോ? കഥയൊക്കെ ഇപ്പോൾ കുറവാണ്. പക്ഷേ ഇങ്ങനെയൊരു വിഭവമുണ്ട്. അയച്ചു തരാൻ പറയട്ടെ?
അയച്ചു കൊടുത്ത് ഇരുപത്തിനാലു മണിക്കൂറിനകം പത്രാധിപർ സുനിലിനെ വിളിച്ചു: മാറ്റർ ഇഷ്ടപ്പെട്ടു. പ്രസിദ്ധീകരിക്കാം. മറ്റൊന്നിലും പ്രസിദ്ധീകരിച്ചു വന്നതല്ലല്ലോ.
അല്ല. പക്ഷേ ഇതിനിടെ മറ്റൊന്ന് സംഭവിച്ചിരുന്നു. പുസ്തകമാക്കാൻ ഒരു പ്രസാധകനെ ഏൽപ്പിച്ചിരുന്നു. പുസ്തകമല്ലേ, തീരുമാനമെടുത്ത് പുറത്തു വരാൻ സമയമെടുക്കുമല്ലോ എന്നു കരുതി. ചിലപ്പോൾ രണ്ടോ മൂന്നോ കൊല്ലം വൈകാനും മതി. അതിനിടയിൽ വാരികയിൽ വന്നു തീരും.
പക്ഷേ പിന്നീടു സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്തതായിരുനുന്നു. പുസ്തകം ഉടനെ പ്രസിദ്ധീകരിക്കുന്നു എന്ന് പ്രസാധകരുടെ അറിയിപ്പ്. അപ്പോൾ ഖണ്ഡശ്ശയുടെ കാര്യം എന്തു വേണം?
സംശയിച്ചില്ല. ഖണ്ഡശ്ശയായി വന്നാലും അവസാനം പുസ്തകരൂപത്തിൽ വരാനുള്ളതല്ലേ? അതുകൊണ്ട് അങ്ങനെത്തന്നെയായിക്കോട്ടെ. വാരികയുടെ പത്രാധിപരെ വിളിച്ച് വിവരം പറഞ്ഞു.
വിശേഷങ്ങൾ അപ്പപ്പോൾ അറിയിക്കാൻ സുനിൽ നിരന്തരമായി കാണാൻ വന്നുകൊണ്ടിരുന്നു. അച്ചടി തുടങ്ങിയിരിക്കുന്നു. പുസ്തകമാക്കുമ്പോൾ എന്നോട് അവതാരിക എഴുതിത്ത്ത്ത്ത്ത്ത്തരണമെന്ന് മുമ്പേ ശട്ടം കെട്ടിയിരുന്നു. ഇനി അതിനൊന്നും സമയമില്ല. ഡോ. ഗംഗാധരൻ ഒരു കുറിപ്പെഴുതിത്ത്ത്ത്ത്ത്ത്തന്നിട്ടുണ്ട്. മുഖചിത്രത്തിൽ ചേർക്കാൻ ഫോട്ടോ ആവശ്യപ്പെട്ടിരുന്നു. അത് അപ്പോൾത്തന്നെ അയച്ചുകൊടുത്തതുമാണ്. ഇപ്പോൾ അതു പോരാ എന്നറിയിച്ചിരിക്കുന്നു. പുറംചട്ട എങ്ങനെ വേണമെന്ന് നമ്മൾ തന്നെ തീരുമാനിച്ചാൽ മതിയെന്ന്. നമുക്കത് വിനയ്ലാലിനേക്കൊണ്ടു തന്നെ ചെയ്യിക്കാം, അല്ലേ? വെറുതെ ഒരു ചിത്രം പോരാ എന്ന് വിനയ്ലാലിനുമുണ്ട്. ധൃതിപ്പെടുത്തേണ്ട. സമയമെടുത്ത് ചെയ്യട്ടെ. അതിനിടെ പ്രകാശനത്തേക്കുറിച്ച് ആലോചിക്കാം. ആരേക്കൊണ്ടാണ് നമുക്കു പ്രകാശനം ചെയ്യിക്കേണ്ടത്? ഇന്നസെന്റ് ആയാലോ? നടനെന്ന നിലയിലും എം പി എന്ന നിലയിലും തിരക്കോടു തിരക്കാണ്. എന്നാലും പരിശ്രമിക്കാം. ഡോ. ഗംഗാധരൻ എന്തായാലും വേണം. ആര് ഏറ്റു വാങ്ങണം? സിതാരയെ കിട്ടുമോ? പിന്നെ ആരെയൊക്കെ വിളിക്കണം?
പുറംചട്ടയായി. ബൈൻഡിങ്ങ് നടക്കുന്നു. ഫെബ്രുവരി അവസാനം പുസ്തകം കയ്യിൽ കിട്ടും. മാർച്ച് ആദ്യം പ്രകാശനം വച്ചാലോ? അത്രയ്ക്കു തിരക്കു പിടിക്കേണ്ടെന്ന് എനിക്കു തോന്നി. പുസ്തകം ഇറങ്ങട്ടെ. പുസ്തകശാലകളിൽ ധാരാളം കോപ്പികൾ എത്തട്ടെ. എല്ലാവരും വായിക്കട്ടെ. എന്നിട്ട് സാവകാശത്തിലാവാം.
ശരി. എന്നാൽ എവിടെ വെച്ചു വേണം? കേരള സാഹിത്യ അക്കാദമിയാണ് നല്ലത്. വലിയ ഹാൾ തന്നെ വേണം. പക്ഷേ മാർച്ച് 10 മുതൽ അക്കാദമി കിട്ടില്ല. ദേശീയ പുസ്തകമേളയൊക്കെ കഴിഞ്ഞ് ഏപ്രിൽ 15നു ശേഷമേ അക്കാദമിയിൽ ഒഴിവുള്ളു. പക്ഷേ അതിനു മുമ്പ് ഡോ. ഗംഗാധരന്റെ ഒഴിവു നോക്കണം. അവസാനം ഏപ്രിൽ 21 എന്ന തീയതി തീരുമാനിക്കപ്പെട്ടു.
പുസ്തകത്തിന്റെ കോപ്പികൾ കയ്യിൽ എത്തിയതോടെ ചടങ്ങിൽ പങ്കെടുക്കാനുള്ളവരെയൊക്കെ ചെന്നു കണ്ട് ക്ഷണിക്കാനും പുസ്തകം കയ്യിൽത്തന്നെ കൊടുക്കാനും ഓടി നടക്കുകയായിരുന്നു സുനിൽ. ഫോണിലൂടെ ഓരോരുത്തരേയും വിളിച്ചു കൊണ്ടിരുന്നു. ഒരാളെയും വിട്ടു പോവരുത്. മാർച്ചിലെ ജോലിത്തിരക്ക്. അതിനും പുറമേ രോഗശാന്തിക്കു ശേഷം തുടങ്ങി വെച്ച സാന്ത്വനപ്രവർത്തനങ്ങൾ. ഫെയ്സ് ബുക്കിൽ പുസ്തകത്തേക്കുറിച്ചും പ്രകാശനത്തേക്കുറിച്ചും നിരന്തരം പോസ്റ്റുകൾ. അതു കണ്ട് ഇംഗ്ലണ്ടിൽനിന്ന് ഒരു കൂട്ടം സാന്ത്വനപ്രവർത്തകർ വിളിച്ചിരുന്നു. അവരുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. അതിനിടെ പുസ്തകം വായിച്ചവരുടെ സന്ദേശങ്ങൾ വാട്സാപ് വഴി സന്തോഷത്തോടെ കൈമാറിക്കൊണ്ടിരുന്നു. പ്രകാശനത്തിന് വയനാട്ടിൽനിന്നുള്ള സുഹൃത്തുക്കൾ ഒരു പ്രത്യേകവണ്ടിയിലാണ് വരുന്നത്. പരിചയമുള്ളവരും അല്ലാത്തവരുമായി ഒരു പാടു പേർ വരും ഏപ്രിൽ 21ന്. അന്ന് അക്കാദമിയുടെ മുറ്റം ശരിക്കും ഒരുത്സവപ്പറമ്പാവും.
ഉത്സവപ്രേമിയായിരുന്നു സുനിൽ. കൂട്ടുകാരേക്കൊണ്ടും ബന്ധുജനങ്ങളേക്കൊണ്ടും ലേക്ഷോർ ആശുപത്രിയിലെ 426-ാം നമ്പർ മുറി തന്നെ ഒരുത്സവപ്പറമ്പാക്കി മാറ്റിയ ആളാണ്. പുസ്തകത്തിൽ വലിയൊരു ഭാഗം ഉത്സവങ്ങളേക്കുറിച്ചുള്ള ഓർമ്മകളാണ്. തൃശ്ശൂർപ്പൂരം, കൂർക്കഞ്ചേരി പൂയം, കൊടുങ്ങല്ലൂർ ഭരണി. 'ഓണച്ചിന്തുകൾ' എന്നും 'വിഷുക്കൊന്ന പൂക്കുമ്പോൾ' എന്നും ഓരോ അദ്ധ്യായങ്ങൾ തന്നെയുണ്ട്. കണ്ണംകുളങ്ങര കൃസ്തുരാജ ദേവാലയത്തിലെ കൃസ്തുമസ്. തികഞ്ഞ ഒരു ഭക്തനുമായിരുന്നു സുനിൽ. നെല്ലുവായി ശ്രീധന്വന്തരീക്ഷേത്രത്തിൽ ചെന്ന് മനസ്സുരുകി പ്രാർത്ഥിച്ചിട്ടാണ് ലേക്ഷോർ ആശുപത്രിയിലേയ്ക്കു പോയത്. ഒരിക്കലും മുടങ്ങാതെ ശബരിമല നൊയമ്പ്. മലയാറ്റൂർ കുരിശുമല തീർത്ഥാടനം. കൊല്ലം തോറും ശിവരാത്രിക്ക് ആലുവാ മണപ്പുറത്ത് അച്ഛനു ബലിതർപ്പണം. സമയവും സൗകര്യവും കിട്ടുമ്പോഴൊക്കെ മൂകാംബികയിലും കുടജാദ്രിയിലും പോവും. സൗപർണികയിൽ കുളിക്കും. തിരുനെല്ലിയിലെ സ്ഥിരം തീർത്ഥാടകനായിരുന്നു. തിരുവില്വാമലയിലെ പുനർജ്ജനി നൂഴുന്നതിന്റെ സംഭ്രമജനകമായ ഒരു വിവരണമുണ്ട് പുസ്തകത്തിൽ. ഒരുവേള തന്റെ ഈ ഭക്തപരിവേഷമാണോ ഒരു മാസികയ്ക്കു പിടിക്കാതെ പോയത് എന്ന് ആശങ്കപ്പെടുക കൂടിയുണ്ടായി സുനിൽ.
പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിയുടെ അഞ്ചാം കാലമായി. ആളുകളുടെ ആവേശം ഇപ്പോൾ അനിയന്ത്രിതമാണ്. ആകാശത്ത് പട്ടങ്ങൾ പറക്കുന്നു. താളത്തിനൊത്ത് അയച്ചും വലിച്ചും വിട്ട ബലൂണുകൾ വായുവിൽ നൃത്തം ചെയ്യുന്നു. രണ്ടും മൂന്നും നില തോളിൽ കയറിക്കയറി മനുഷ്യപ്പന്തലുകൾ ആടിയുലയുന്നു. ഓരോ താളവട്ടം അവസാനിക്കുമ്പോഴും ജനസഞ്ചയം ആർത്തുവിളിക്കുന്നുമുണ്ട്.
ഒരുൾവിളി കിട്ടിയാലെന്ന പോലെ ഞാൻ ചുറ്റിലും നോക്കി: യക്ഷകിന്നര ഗന്ധർവാദികളും പിശാചരക്ഷോഗണങ്ങളും മാത്രമല്ല പരേതാത്മക്കളും പൂരദിവസം ആറാട്ടുപുഴപ്പാടത്തെത്തുമെന്ന് ഒരു വിശ്വാസമുണ്ട്. മരിച്ചു കഴിഞ്ഞ് ആദ്യത്തെ പൂരത്തിന് അവർ എന്തായാലും എത്തുമെന്നും അന്ന് അവർക്കു കാണാൻ പാകത്തിൽ ബന്ധുക്കൾ പാടത്ത് നിന്നുകൊടുക്കണമെന്നും പറയാറുണ്ട്. സുനിൽ ഇവിടെ എത്തിയിട്ടുണ്ടാവുമോ? കടുത്ത ഉത്സവപ്രേമിയാണല്ലോ. അടുത്ത നിമിഷം എന്റെ വിഡ്ഢിത്തമോർത്ത് ഞാൻ പകച്ചു.
ഈ മരണം വല്ലാത്തൊരു പ്രതിഭാസം തന്നെ. തൊട്ടടുത്തുണ്ടെന്ന് തോന്നിയ കാലം മുഴുവൻ അത് തൊടാപ്പാട് എവിടെയോ നിന്നു. പിന്നെ ജീവിതത്തിലേയ്ക്കുള്ള പച്ചവിളക്കു തെളിഞ്ഞപ്പോൾ അത് ദൂരെ ദൂരെ എവിടെയോ ആണെന്ന് ആശ്വസിച്ച് യാത്ര തുടർന്നു. വീണ്ടെടുത്ത ജീവിതത്തിന്റെ ഉത്സവലഹരിയിൽ മദിക്കുകയായിരുന്നു പിന്നെ. അപ്പോൾ തികച്ചും ആകസ്മികമായി പ്രത്യക്ഷപ്പെട്ട് കഴുത്തിൽ പിടികൂടി. മരണമെന്ന സമയപ്രഭുവിന്റെ മായാലീലകൾ. എന്നാലും കൽപ്പറ്റ നാരായണന്റെ ആ കരുണാമയന് പന്ത്രണ്ടു ദിവസം കൂടി കാത്തു നിൽക്കാമായിരുന്നു.
ആർത്തു മദിച്ച ഒരു ജീവിതത്തിന്റെ അന്ത്യം പോലെ കുട്ടൻ മാരാരുടെ പഞ്ചാരിക്ക് പരിസമാപ്തിയായി. താളത്തിനൊപ്പം തുള്ളിക്കളിച്ചിരുന്ന ബലൂണുകളുടെ രസച്ചരടുകൾ പൊട്ടി അവ ആകാശത്തേയ്ക്കുയർന്ന് ലക്ഷ്യമില്ലാതെ ഒഴുകിനടന്നു. മേളക്കാരെ വളഞ്ഞുനിന്ന വലിയൊരു പുരുഷാരം കെട്ടഴിഞ്ഞ് നാലുപാടും പരന്നു. ഇനി വെടിക്കെട്ടിന്റെ ഊഴമാണ്. കർശന നിയന്ത്രണമുള്ളതു കൊണ്ട് ഇക്കൊല്ലം വെടിക്കെട്ടുണ്ടാവില്ലെന്ന് കേട്ടിരുന്നു. ഉണ്ടെങ്കിൽത്തന്നെ അതിനു കനം വളരെ കുറയും തീർച്ച. ശീലിച്ചിട്ടാവാം. വെടിക്കെട്ടില്ലാതെ പൂരം അവസാനിക്കുന്നതിന് ഒരഭംഗിയുണ്ട്. അപൂർണതയുമുണ്ട്.
കുറച്ചു നേരം സംശയിച്ചു നിന്നതിനു ശേഷം പാടത്തുനിന്ന് ആളുകൾ ഒഴിഞ്ഞുപോയിത്തുടങ്ങി.