- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഎസ്‌ഐയുടെ ഭാര്യയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ വിളിച്ച് സംസാരിച്ചതോടെ തർക്കം തുടങ്ങി; വനിതാ പൊലീസിന്റെ ഫോൺ നിലത്തു വലിച്ചെറിഞ്ഞു എഎസ്‌ഐ; തിരിച്ചടിച്ചു വനിതാ എഎസ്‌ഐയും; ഒടുവിൽ സ്റ്റേഷനുള്ളിൽ തമ്മിലടിച്ച ഇരുവർക്കും സസ്പെൻഷൻ
കോട്ടയം: പൊലീസ് സ്റ്റേഷനിൽ എഎസ്‌ഐയും വനിതാ പൊലീസും തമ്മിലടിച്ച സംഭവത്തിൽ ഇരുവരെയും സസ്‌പെൻഡ് ചെയ്തു. എഎസ്‌ഐ സി.ജി സജികുമാർ, വനിതാ പൊലീസ് വിദ്യാരാജൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌പി ബാബുക്കുട്ടന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി നീരജ് കുമാർ ഗുപ്തയാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തു കൊണ്ടു ഉത്തരവ് പുറത്തിരക്കിയത്.
ഇക്കഴിഞ്ഞ 20ന് രാവിലെയാണ് ഇരുവരും സ്റ്റേഷനകത്ത് വെച്ച് തമ്മിലടിച്ചത്. വനിതാ പൊലീസിന്റെ ഫോൺ എഎസ്‌ഐ നിലത്തേക്ക് വലിച്ചെറിയുകയും തുടർന്ന് വനിതാ പൊലീസ് എഎസ്ഐയെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ശക്തമായ വകുപ്പുതല നടപടി ഉണ്ടായിരിക്കുന്നത്.
മർദനമേറ്റ അഡീഷണൽ എസ്‌ഐയെ ചിങ്ങവനത്തേക്കും മർദിച്ച പൊലീസുകാരിയെ മുണ്ടക്കയത്തേക്കമാണ് സ്ഥലം മാറ്റിയിരുന്നത്. അഞ്ചു ദിവസത്തിനകം സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിക്ക് നിർദ്ദേശം നൽകിയിരുന്നു.
അഡീഷണൽ എസ്‌ഐയും വനിതാ പൊലീസുകാരിയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. എഎസ്‌ഐയുടെ ഭാര്യയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ വിളിച്ച് സംസാരിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ഭാര്യയെ ഫോണിൽ വിളിച്ചതോടെ പ്രകോപിതനായ എഎസ്‌ഐ പൊലീസ് ഉദ്യോഗസ്ഥയെ ഫോണിൽ ബ്ലോക്ക് ചെയ്തു. ഇതിനിടെ എഎസ്‌ഐ പൊലീസുകാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു.
ഞായറാഴ്ച സ്റ്റേഷനിലെത്തിയ പൊലീസുകാരി എഎസ്‌ഐയോട് ഇക്കാര്യം ചോദിച്ചത് വാക്കേറ്റത്തിലെത്തി. തുടർന്ന് മർദിക്കുകയുമായിരുന്നു. മറ്റു പൊലീസുകാർ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ