കൊച്ചി: എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ.യെ കാണാനില്ലെന്ന് പരാതി. എഎസ്ഐ. ഉത്തംകുമാറിനെയാണ് കാണാതായിരിക്കുന്നത്. സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭർത്താവ് തിരികെ വന്നില്ലെന്നാണ് എഎസ്ഐ.യുടെ ഭാര്യ പരാതി നൽകിയിരിക്കുന്നത്.

ഡ്യൂട്ടിയിൽ വൈകി എത്തിയതിന് സിഐ. കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിശദീകരണം നൽകാനാണ് പോയത്. സിഐ. നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഉത്തംകുമാറിന്റെ ഭാര്യ പരാതിയിൽ പറയുന്നു. പരാതിയിൽ പള്ളുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

എഎസ്ഐ. ഉത്തംകുമാറിന്റെ വീട് സ്‌റ്റേഷന് അടുത്താണെങ്കിലും പതിവായി വൈകിയെത്തുന്നുവെന്ന് പരാതിയുണ്ടായിരുന്നു. സിഐ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും സഹപ്രവർത്തകരായ പൊലീസുകാർ പറയുന്നു. കാരണം കാണിക്കൽ നോട്ടീസിന്റെ ആഘാതം കുറയ്ക്കാനാണ് ഇയാൾ മാറി നിൽക്കുന്നതെന്നും സംസാരമുണ്ട്. ഇതിനുമുമ്പും സമാനരീതിയിൽ എഎസ്‌ഐ മുങ്ങിയതായും ആരോപണമുണ്ട്.