- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഇല്ല'; താജ്മഹലിനെ ചൂണ്ടിയുള്ള ആരോപണങ്ങൾ തള്ളി ആർക്കിയോളജിക്കൽ വകുപ്പ്; വെബ്‌സൈറ്റിൽ മുറികളുടെ ചിത്രങ്ങളുണ്ടെന്നും അത് ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എഎസ്‌ഐ; ഗ്യാൻവാപി പള്ളിക്ക് പിന്നാലെ താജ്മഹലും വിവാദമാക്കാൻ നീക്കം
ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന വിവാദത്തിന് പിന്നാലെ താജ്മഹലും വിവാദ കേന്ദ്രമാക്കാൻ നീക്കം നടക്കുന്നുണ്ട്. ഇതിനെ പ്രതിരോധിച്ചു കൊണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രംഗത്തുവന്നു. താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന ആരോപണം തള്ളിക്കൊണ്ടാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രംഗത്തുവന്നത്.
എഎസ്‌ഐയുടെ വെബ്‌സൈറ്റിൽ മുറികളുടെ ചിത്രങ്ങളുണ്ടെന്നും അത് ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും എഎസ്‌ഐ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്കായി താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അടുത്തിടെ തുറന്നിരുന്നു. മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ല. താജ്മഹലിലെ മുറികൾ എക്കാലവും അടച്ചിടാറില്ലെന്നും എഎസ്‌ഐ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. അവസാനം തുറന്നത് ഈ വർഷം ജനുവരിയിലാണ്.
ബിജെപി നേതാവ് താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന വാദവുമായി അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രൂക്ഷമായ വിമർശനങ്ങളോടെ അലഹബാദ് ഹൈക്കോടതി ഹർജി തള്ളി. എന്നാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാരൻ പറഞ്ഞത്. താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജ കുടുംബത്തിന്റെതാണെന്ന അവകാശവാദവുമായി ബിജെപി എംപിയും രംഗത്തെത്തിയിരുന്നു.
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ജയ്പൂർ രാജകുടുംബത്തിൽ നിന്ന് ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അവർ അവകാശപ്പെടുന്നു. താജ് മഹലിനുള്ളിലെ മുറികൾ പൂട്ടിയിട്ടിരിക്കുന്നത് എന്തിനാണ് എന്ന് ജനങ്ങൾക്ക് അറിയണം. മുറികൾ സീൽ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളിൽ എന്താണുള്ളതെന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്നും അവർ പറഞ്ഞിരുന്നു.
അതേസമയം വാരാണസിയിലെ ഗ്യാൻവാപി പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ അത് ക്ഷേത്രമാണെന്ന് വ്യക്തമായതായി അവകാശപ്പെട്ട് വിഎച്ച്പി രംഗത്തുവന്നു. സർവേയ്ക്കിടെ പള്ളിയുടെ കിണറ്റിൽ നിന്നാണ് ശിവലിംഗം കണ്ടെത്തിയതെന്ന് അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ഇരുകക്ഷികളുടെയും അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ശിവലിംഗം കണ്ടെത്തിയത്. അതിനാൽ ശിവലിംഗം കണ്ടെത്തിയ സ്ഥലം ഒരു ക്ഷേത്രമാണെന്ന് വിഎച്ച്പി വർക്കിങ്ങ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു.
ഗ്യാൻവാപി പള്ളിയിൽ സർവേയിൽ കണ്ടെത്തിയ ഇക്കാര്യം എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് കരുതുന്നു. കയ്യേറ്റങ്ങളും കുഴപ്പങ്ങളും ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അലഹബാദ് ഹൈക്കോടതിയിൽ നിന്നുള്ള അന്തിമവിധി വന്നതിന് ശേഷം ഇനി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശ്വഹിന്ദുപരിഷത്ത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു
വീഡിയോ സർവെയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശവാദമുയർന്ന ഗ്യാൻവാപി മസ്ജിദിലെ കിണർ സീൽ ചെയ്യാൻ കോടതി നിർദ്ദേശിച്ചിരുന്നു. പള്ളിയിലെ കിണറ്റിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരുടെ അഭിഭാഷകൻ വിഷ്ണു ജെയിൻ കോടതിയെ സമീപിക്കുകയായിരുന്നു.
നിസ്‌കാരത്തിന് മുൻപ് ശരീരം ശുദ്ധിയാക്കാനായി വെള്ളം ശേഖരിച്ചിരിക്കുന്ന കിണറ്റിൽ നിന്നാണ് ശിവലിംഗം കണ്ടെത്തിയത്. ഇത് ഇന്നലെ വൃത്തിയാക്കിയപ്പോഴാണ് വിഗ്രഹം കണ്ടത് എന്നാണ് അഭിഷാകന്റെ അവകാശവാദം. ഈ പ്രദേശം സീൽ ചെയ്യണമെന്ന അഭിഷാകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മസ്ജിദിന് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്താനും കോടതി നിർദ്ദേശിച്ചു. അതേസമയം, സർവെ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മസ്ജിദിൽ കോടതി നിർദ്ദേശ പ്രകാരം നടന്നുവന്ന സർവെ പൂർത്തിയായി. കോടതി നിയോഗിച്ച സമിതിയാണ് വീഡിയോ സർവെ നടത്തിയത്. കഴിഞ്ഞദിവസം സർവെയുടെ 65 ശതമാനം പൂർത്തിയായിരുന്നു. കടുത്ത പൊലീസ് സുരക്ഷയിലാണ് വീഡിയോ സർവെ നടന്നത്. കേസ് വീണ്ടും പരിഗണിക്കാൻ ഒരുദിവസം കൂടി ബാക്കിനിൽക്കെയാണ് സർവെ നടപടികൾ പൂർത്തിയായത്. മൂന്നംഗ അഭിഭാഷക കമ്മീഷനാണ് സർവെ നടത്തിയത്. സർവെ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
ഗ്യാൻവാപി മസ്ജിദ് സമുച്ഛയത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് തകർത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാമെന്നും ഇതിന്റെ ചിത്രങ്ങൾ വലിയ തെളിവാണെന്നും വിഷ്ണു ജെയിൻ അവകാശപ്പെട്ടു. ഗ്യാൻവാപി മസ്ജിദ് സമുച്ഛയത്തിലെ നാല് മുറികൾ തുറന്നാണ് പരിശോധന നടത്തിയത്. മെയ് ആറിനാണ് സർവെ നടപടികൾ ആരംഭിച്ചത്. എന്നാൽ സംഘർഷ സാഹചര്യം രൂപപ്പെട്ടതിനാൽ നിർത്തിവച്ചു. പള്ളിക്കുള്ളിൽ ക്യാമറ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി നിലപാടെടുക്കുകയായിരുന്നു. എന്നാൽ ഇത് കോടതി തള്ളി.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിന് എതിരെയാണ് ഹിന്ദുത്വ സംഘടനകൾ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് വാരണാസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേൽനോട്ടത്തിൽ പള്ളിയിൽ വീഡിയോ സർവെ നടത്താൻ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കുകയായിരുന്നു. 2021ൽ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ഡൽഹി സ്വദേശിനികൾ പള്ളിക്കുള്ളിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
മറുനാടന് ഡെസ്ക്