- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺമക്കളെ കാണാനില്ലെന്ന് രക്ഷിതാവിന്റെ പരാതി; കേസന്വേഷണത്തിനായി വിമാനടിക്കറ്റ് കുടുംബം എടുത്ത് തരണമെന്ന് പൊലീസ്; പരാതി ലഭിച്ചതോടെ എസ് ഐയെ സ്ഥലം മാറ്റി; പരാതിക്കാരുടെ ആൺമക്കളെ കേസിൽ കുരുക്കുകയും ചെയ്തെന്നും ആക്ഷേപം
കൊച്ചി : വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ പരാതി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതികളോടു കൈക്കൂലി ചോദിച്ച എസ് ഐയെ സ്ഥലം മാറ്റി.നോർത്ത് സ്റ്റേഷൻ എഎസ്‌ഐ വിനോദ് കൃഷ്ണയെയാണ് എആർ ക്യാംപിലേക്കു മാറ്റിയത്. ഇയാൾ ബോധപൂർവ്വം ഇവരുടെ ആൺമക്കളെ കേസിൽ കുരുക്കുകയും ചെയ്തുവെന്നും ആക്ഷേപമുണ്ട്. പെൺകുട്ടികളെ തിരഞ്ഞു ഡൽഹിയിലേക്കു പോകാനുള്ള വിമാന ടിക്കറ്റ് എഎസ്‌ഐ മാതാപിതാക്കളോടു ചോദിച്ചു വാങ്ങിയെന്നു സിറ്റി പൊലീസ് കമ്മിഷണറുടെ അന്വേഷണത്തിൽ തെളിഞ്ഞതോടെയാണു നടപടി.
വീടുവിട്ട പെൺകുട്ടികൾ ഡൽഹിയിലേക്കാണു പോയതെന്നു മനസ്സിലായപ്പോൾ മാതാപിതാക്കളുടെ ചെലവിൽ വിമാന ടിക്കറ്റ് എടുത്താണ് എഎസ്‌ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘം തിരച്ചിലിനു പോയത്. ഇതു നോർത്ത് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും കേസന്വേഷണത്തിനുള്ള യാത്രകളുമായി ബന്ധപ്പെട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തിയതിനെത്തുടർന്നാണ് എഎസ്‌ഐയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നു കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.
ദമ്പതികളോട് 5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നും വഴങ്ങാതായപ്പോൾ ഇവരുടെ ആൺമക്കളെ കേസിൽ കുടുക്കിയെന്നുമുള്ള പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൈക്കൂലി ചോദിച്ചെന്നതുൾപ്പെടെ ദമ്പതികളുടെ പരാതിയിലുള്ള പല ആരോപണങ്ങളും പൂർണമായും ശരിയല്ലെന്നാണു പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ദമ്പതികളുടെ ആൺമക്കൾക്കെതിരെ പീഡനത്തിനു കേസ് രജിസ്റ്റർ ചെയ്തതു സഹോദരിമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പൊലീസ് ചിൽഡ്രൻസ് ഹോമിലാക്കിയ പെൺമക്കളെ കാണാൻ മാതാവിനു കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു. മക്കളെ നേരിൽ കാണാൻ അനുവദിക്കുന്നില്ലെന്നും വിഡിയോ കോൾ വഴി മാത്രമാണ് ഒരു തവണ കാണാൻ അനുവദിച്ചതെന്നും മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു നിർദ്ദേശം നൽകിയിരുന്നു. 25ന് കേസ് കോടതി പരിഗണിക്കും.
വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫിസർ, നോർത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരോടു നവംബർ മൂന്നിനകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ