ജക്കാർത്ത: ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് സമനില കുരുക്ക്. ചിരവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

മത്സരമവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെയാണ് പാക്കിസ്ഥാൻ സമനില ഗോൾ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി കാർത്തി സെൽവവും പാക്കിസ്ഥാന് വേണ്ടി അബ്ദുൾ റാണയും ലക്ഷ്യം കണ്ടു.

മത്സരം തുടങ്ങി ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മുന്നിലെത്തി. 20 കാരനായ കാർത്തി സെൽവം പെനാൽട്ടി കോർണറിലൂടെയാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളടിക്കാൻ താരത്തിന് കഴിഞ്ഞു. പിന്നീടുള്ള രണ്ട് ക്വാർട്ടറുകളിലും ഇന്ത്യ 1-0 ന്റെ ലീഡ് കാത്തുസൂക്ഷിച്ചു.

എന്നാൽ നാലാം ക്വാർട്ടറിൽ മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ അബ്ദുൾ റാണ പാക്കിസ്ഥാന് വേണ്ടി സമനില ഗോൾ നേടി. വൈകാതെ മത്സരം സമനിലയിൽ കലാശിച്ചു.

പൂൾ എ യിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, ജപ്പാൻ, ആതിഥേയരായ ഇൻഡൊനീഷ്യ എന്നിവരും പൂൾ എ യിൽ ഉൾപ്പെട്ടിരിക്കുന്നു. പൂൾ ബിയിൽ മലേഷ്യ, കൊറിയ, ഒമാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ മാറ്റുരയ്ക്കും.

നായകൻ രൂപീന്ദർ പാൽ സിങ്ങിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പരിക്കേറ്റ രൂപീന്ദറിന് ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നഷ്ടമാകും. രൂപീന്ദറിന് പകരം ബീരേന്ദ്ര ലാക്രയാണ് ഇന്ത്യയെ നയിക്കുന്നത്.