ജക്കാർത്ത: ഏഷ്യാ കപ്പ് ഹോക്കി സൂപ്പർ ഫോർ പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനോട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തോറ്റതിന്റെ മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ മിന്നും ജയം. മൻജീത് സിംഗും പവൻ രാജ്ബാറുമാണ് ഇന്ത്യക്കായി സ്‌കോർ ചെയ്തത്. നേരത്തെ ഇന്തോനേഷ്യക്കെതിരെ 15-1ന്റെ ജയം നേടിയാണ് ഇന്ത്യ സൂപ്പർ ഫോറിൽ ഇടം പിടിച്ചത്.

ആദ്യ ക്വാർട്ടറിന്റെ ഏഴാം മിനിറ്റിൽ മൻജീത് സിങ് മനോഹരമായ സോളോ ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം ക്വാർട്ടറിൽ താകുവ നിമയിലൂടെ ജപ്പാൻ സമനില പിടിച്ചു. ആദ്യ രണ്ട് ക്വാർട്ടറിലും ആധിപത്യം പുലർത്തിയതും ആക്രമണങ്ങൾ നയിച്ചതും ജപ്പാനായിരുന്നു. ആദ്യ രണ്ട് ക്വാർട്ടറിൽ തന്നെ നാല് പെനൽറ്റി കോർണറുകൾ നേടിയെടുത്ത ജപ്പാൻ മൂന്നാമത്തെ പെനൽറ്റി കോർണറിൽ നിന്നാണ് സമനില ഗോൾ കണ്ടെത്തിയത്.

 

ഗോൾ കീപ്പർ സൂരജ് കർക്കേറയുടെ സേവിൽ നിന്ന് ലഭിച്ച റീബൗണ്ടിലായിരുന്നു ജപ്പാന്റെ സമനില ഗോൾ. എന്നാൽ മൂന്നാം ക്വാർട്ടറിൽ കൂടുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ പവൻ രാജ്ബറിലൂടെ വീണ്ടും ലീഡെടുത്തു. സമനില ഗോളിനായി ജപ്പാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധവും ഗോൾ കീപ്പർ സൂരജ് കർക്കേറയും വഴങ്ങിയില്ല. ജയത്തോടെ സൂപ്പർ ഫോറിൽ മൂന്ന് പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മുന്നിലെത്തി.

ഒളിംപിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിൽ നിന്ന് പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കി യുവനിരയുമാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇത്തവണ ഏഷ്യാ കപ്പ് ഹോക്കിയിൽ കളിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ജൂനിയർ ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച താരങ്ങളാണ് ഇത്തവണ ടീമിലെ ഭൂരിഭാഗം പേരും. സർദാർ സിംഗാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെ 15-1ന്റെ ജയം നേടിയാൽ മാത്രമെ ഇന്ത്യക്ക് സൂപ്പർ ഫോറിൽ എത്താനാവുമായിരുന്നുള്ളു. ഇന്തോനേഷ്യയെ 16-0ന് തകർത്താണ് ഇന്ത്യ സൂപ്പർ ഫോറിലെത്തിയത്. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ രണ്ടാം ജയമാണ് ഇന്ന് നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 1-1 സമനില വഴങ്ങിയപ്പോൾ ജപ്പാനെതിരെ ഇന്ത്യ 2-5ന്റെ തോൽവി വഴങ്ങിയിരുന്നു.