സിഡ്‌നി: ഏഷ്യക്കാരിയായ പതിനഞ്ചുകാരിയുടെ നേർക്ക് സിഡ്‌നി ട്രെയിനിൽ വച്ച് വംശീയാക്രമണം. മുഖത്ത് മർദനമേറ്റ ടീനേജുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ടു സുഹൃത്തുക്കളുമൊന്നിച്ച് സിഡ്‌നി  ട്രെയിനിൽ യാത്ര ചെയ്യവേയാണ് പതിനഞ്ചുകാരിക്ക് വംശീയാക്രമണം നേരിടേണ്ടി വന്നത്. ബ്ലാക്ക് ടൗണിൽ നിന്നാണ് പെൺകുട്ടിയും സുഹൃത്തുക്കളും ട്രെയിനിൽ കയറുന്നത്.  പരാമറ്റയ്ക്കും ലിഡ്‌കോംബെയ്ക്കും മധ്യേ വച്ചാണ് ആക്രമണമുണ്ടാകുന്നത്. നാല്പതു വയസു തോന്നിക്കുന്ന സ്ത്രീയാണ് ടീനേജുകാരിക്കു നേരെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ വംശീയക്രമണം നടത്തിയതെന്നാണ് പറയുന്നത്. പരാമറ്റയിൽ നിന്നും ഒരു പുരുഷനൊപ്പം ട്രെയിനിൽ കയറിയ സ്ത്രീ യാതൊരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥിനിയെ ആക്രമിച്ചത്.

ട്രെയിൻ ലിഡ്‌കോംബെയ്ക്ക് അടുത്തെത്തിയതോടെ പുരുഷനും സ്ത്രീയും സീറ്റിൽ നിന്ന് എഴുന്നേൽക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തിരുന്ന ടീനേജുകാരിയെ മുടിക്കുത്തിന് പിടിച്ച് മുഖത്ത് ശക്തിയായി മർദിക്കുകയായിരുന്നു. പല തവണ മുഖത്ത് ആഞ്ഞടിച്ച് പരിക്കേൽപ്പിച്ച ശേഷം മുട്ടുമടക്കി പെൺകുട്ടിയുടെ ശരീരത്തിൽ ആഞ്ഞു തൊഴിച്ചുവെന്നും പറയുന്നു. പിന്നീട് ട്രെയിനിന്റെ വിൻഡോയിൽ ആഞ്ഞടിച്ച് ദേഷ്യം തീർത്ത സ്ത്രീ ട്രെയിൻ ലിഡ്‌കോംബിൽ നിർത്തിയപ്പോൾ ഇറങ്ങിപ്പോയെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ മർദിക്കുന്നതിന് മുമ്പ് സ്ത്രീ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും പറയപ്പെടുന്നു. അതേസമയം സ്ത്രീയുടെ കൂടെയുണ്ടായിരുന്ന പുരുഷൻ ഇതു നോക്കി നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം പെൺകുട്ടി ഇരുന്ന കാബിനിൽ ഏഷ്യക്കാരായ കുറച്ചുപേർ കൂടി ഉണ്ടായിരുന്നുവെന്നും അവരിൽ നിന്നും റിപ്പോർട്ടുകൾ ശേഖരിക്കുമെന്നും ഇൻസ്‌പെക്ടർ സീൻ ഗാബിൻ വെളിപ്പെടുത്തി. പരിക്കേറ്റ പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ മർദിച്ച സ്ത്രീക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ പരിക്കുകൾ സാരമല്ലെങ്കിലും ആക്രമണത്തിൽ ടീനേജുകാരി ഭയന്നു പോയെന്നാണ് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയയിൽ അരങ്ങേറുന്ന ഇത്തരം വംശീയാക്രമണത്തിൽ ആന്റി ഡിസ്‌ക്രിമിനേഷൻ ബോർഡ് പ്രസിഡന്റ് സ്റ്റെഫാൻ കെർക്കിഷാരിയാൻ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും രാജ്യത്ത് വിദേശികൾക്ക് സുരക്ഷിതത്വമില്ലായ്മ തോന്നിപ്പിക്കാൻ മാത്രമാണ് ഇതുപകരിക്കുകയുള്ളൂവെന്നും കെർക്കിഷാരിയാൻ വ്യക്തമാക്കി.

വിദേശത്തു നിന്ന് വിദ്യാഭ്യാസത്തിനായി ഏറെപ്പേർ ആശ്രയിക്കുന്ന ഓസ്‌ട്രേലിയയിൽ ഇത്തരം വംശീയാക്രമണങ്ങൾ പരക്കെ അപലപിക്കപ്പെടുമെന്നും കുറ്റക്കാരിയെ കണ്ടെത്തിയാൽ പരമാവധി ശിക്ഷയായിരിക്കും നൽകുകയെന്നും കെർക്കിഷാരിയാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ സാക്ഷികളായി ആരെങ്കിലുമുണ്ടെങ്കിൽ പൊലീസിൽ വിവരമറിയിക്കണമെന്നും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് വെളിപ്പെടുത്തുന്നു.