ന്യൂഡൽഹി: അസിയാൻ രാജ്യ കൂട്ടായ്മയുടെ അമരക്കാരാനാണ് ഇന്ത്യ. വ്യാപാര രംഗത്ത് ഇന്ത്യയുടെ സുപ്രധാന പങ്കാളികളാണ് ഈ രാജ്യങ്ങൾ. എന്നാൽ, പലപ്പോഴും ചൈനീസ് ഇടപെടലുകൾ കൊണ്ട് ആശങ്കയിൽ കഴിയുന്ന രാജ്യങ്ങൾ ഇന്ത്യയോട് മുന്നിൽ നിന്നും നയിക്കാൻ ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ ഇന്തോ- പസഫിക മേഖലയിൽ ഇന്ത്യ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നാണ് ആസിയാൻ രാഷ്ട്രത്തലവന്മാർ ആവശ്യപ്പെട്ടിരിക്കുന്നത്. സമുദ്ര് മേഖലയിൽ അടക്കം ചൈനീസ് ആധിപത്യം സ്ഥാപിക്കാൻ വേണ്ടിയുള്ള ഇടപെടൽ നടത്തുന്നുണ്ട്. ഈ ഇടപെടലുകളിലെ ആശങ്കയാണ് അസിയാൻ രാജ്യങ്ങൾ പങ്കുവെച്ചിരിക്കന്നത്.

ഇന്ത്യയുടെ ഇടപെടലുകൾ മേഖലയിൽ സമാധാനം നിലനിർത്താൻ അത്യാവശ്യമാണെന്നും ആസിയാൻ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലാണ് ഈ ആവശ്യം ഉയർന്നതെന്ന് കിഴക്കൻ രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി പ്രീതി ശരൺ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആസിയാൻ രാജ്യങ്ങളും ചൈനയും തമ്മിൽ നിലനിൽക്കുന്ന അതിർത്തി സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്ത്രപരമായ ആവശ്യം ഉയർന്നു. ഇന്ത്യൻ മഹാസമുദ്രവും പസഫിക് സമുദ്രവും ചേരുന്ന മേഖലയാണ് ഇന്തോ- പസഫിക് മേഖല എന്നറിയപ്പെടുന്നത്.

ചൈന മേധാവിത്വത്തിന് ശ്രമിക്കുന്ന ദക്ഷിണ ചൈനാ കടൽ ഈ മേഖലയിലാണുള്ളത്. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പിൻസ്, ബ്രൂണെ എന്നീ രാജ്യങ്ങൾ ചൈനയുടെ മേധാവിത്വ ശ്രമങ്ങളെ ചോദ്യം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഇവർ ഉൾപ്പെടുന്ന ആസിയാൻ കൂട്ടായ്മ ഒന്നിച്ച് മേഖലയിൽ ഇടപെടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്നത് എന്ന പ്രത്യേകതയുണ്ട്. മാത്രമല്ല ഇന്തോ- പസഫിക് മേഖലയിൽ നിലവിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകളിൽ ആസിയാൻ നേതാക്കൾ അഭിനന്ദനം അറിയിച്ചു. ഇതിനു പുറമെ ഭീകരവാദത്തെപ്പറ്റിയും ഉച്ചകോടിയിൽ ചർച്ചകൾ നടന്നു. ആഗോള തലത്തിൽ ഭീകരവാദത്തിനെതിരെ യോജിച്ചുള്ള പ്രവർത്തനം വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

ഇന്ത്യയുടെ സാങ്കേതിക നൈപുണ്യം ആസിയാൻ രാജ്യങ്ങളിൽ എത്തിക്കാനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കാമെന്ന് പ്രധാനമന്ത്രി മോദി ആസിയാൻ രാജ്യങ്ങൾക്ക് ഉച്ചകോടിയിൽ വാഗാദാനം നൽകി. മാത്രമല്ല ഈ വർഷം ആസിയാൻ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും മോദി അറിയിച്ചു. മാത്രമല്ല ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥികൾക്കായി ഇന്ത്യ 1000 സ്‌കോളർഷിപ്പുകൾ നൽകും. അടുത്ത വർഷം ഇന്ത്യ - ആസിയാൻ വിനോദ സഞ്ചാര വർഷമായി ആചരിക്കാനും ഉച്ചകോടിയിൽ തീരുമാനമെടുത്തുവെന്നും പ്രീതി ശരൺ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം റിപബ്ലിക് ദിന പരേഡിൽ ആസിയാൻ രാഷ്ട്രത്തലവന്മാർ പങ്കെടുത്തത് നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പത്ത് ആസിയാൻ രാജ്യങ്ങളിലെ പത്ത് ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന 21 ദിനപത്രങ്ങളിൽ എഴുതിയ ഒപ്പീനിയൻ എഡിറ്റോറിയലിലാണ് (ഓപ്-എഡ്) പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യം ഇന്ന് ആഘോഷിച്ച 69-ാമത് റിപബ്ലിക് ദിനാഘോഷത്തിൽ ആസിയാൻ രാഷ്ട്രത്തലവന്മാർ പങ്കെടുത്തതിനെയാണ് പ്രധാനമന്ത്രി ഇപ്രകാരം വിശേഷിപ്പിച്ചത്.

വലുപ്പ ചെറുപ്പമില്ലാതെ എല്ലാ ആസിയാൻ രാഷ്ട്രങ്ങളുടേയും പരമാധികാര തുല്യതയിൽ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വതന്ത്ര വാണിജ്യത്തിന്റേയും സഹകരണത്തിന്റേയും പാത തുറക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ആസിയാൻ രാജ്യങ്ങളായ തായ്ലൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ, മ്യാന്മർ, കംബോഡിയ, ലാവോസ്, ബ്രൂണൈ എന്നീ രാജ്യങ്ങളിലെ പത്രങ്ങളിലാണ് പ്രധാനമന്ത്രിയുടെ ഒപ്പീനിയൻ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്.

ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഊന്നിയാണ് മോദിയുടെ ദീർമായ ഓപ്-എഡ്. ആസിയാൻ-ഇന്ത്യ ബന്ധത്തിന്റെ 25-ാം വാർഷികം പ്രമാണിച്ചാണ് റിപബ്ലിക് ദിന പരേഡിൽ ആസിയാൻ രാഷ്ട്രത്തലവന്മാരെ അതിഥികളായി പങ്കെടുപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ആസിയാൻ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വികാസം പ്രാപിക്കുന്ന നയതന്ത്ര, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ പങ്കാളിത്തമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ആസിയാൻ. ആസിയാന്റെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.