തിരുവനന്തപുരം: ചാനൽ ചർച്ചകളുടെ സ്വഭാവമാണ് പൊതുസമൂഹത്തിൽ മാദ്ധ്യമപ്രവർത്തകരുടെ വിലയിടിയാൻ കാരണമെന്ന ആക്ഷേപം പൊതുസമൂഹത്തിനിടെ ശക്തമാണ്. ചാനൽ സ്റ്റുഡിയോയിൽ കണ്ടുമടുത്ത മുഖങ്ങളും ഒരു പരിധിവരെ ചർച്ചകൾ ബോറാകാൻ ഇടയാക്കിയിട്ടുണ്ട്.

മിക്ക ചാനലിനും സ്ഥിരമായി ചർച്ച നയിക്കാൻ പാനൽ പോലുമുണ്ട്. ഈ സാഹചര്യത്തിൽ മാറ്റത്തിന്റെ പാതയിലാണ് ഏതാനും ദിവസങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. സോഷ്യൽ മീഡിയാ കാലത്ത് കൂടുതൽ സോഷ്യലാകുകയാണ് നല്ലതെന്ന തിരിച്ചറിവിൽ അത്തരത്തിലൊരു മുഖം മിനുക്കലിലാണ് ചാനൽ.

രാഷ്ട്രീയക്കാർക്കും വിദഗ്ദ്ധർക്കുമൊപ്പം പ്രേക്ഷകർക്കും അഭിപ്രായം പറയാൻ സാധിക്കുന്ന വിധത്തിലുള്ള പരിഷ്‌ക്കാരമാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ കൊണ്ടുവന്നത്. ചാനലിൽ വിളിച്ച് നേരിട്ട് അഭിപ്രായം അറിയാക്കം എന്നതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലൂടെയും പ്രതികരണം അറിയിക്കാമെന്ന വിധത്തിലേക്കാണ് ഏഷ്യാനെറ്റ് ചർച്ച പരിഷ്ടക്കരിച്ചത്.

ഇതിന്റെ പരീക്ഷണമെന്നോണം കെ എം മാണി എൽഡിഎഫിലേക്ക് വരുമ്പോൾ ബാർകോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എന്തു പറയും എന്ന ചോദ്യമായിരുന്നു ഉന്നയിച്ചത്. അഭിപ്രായം പറയാൻ ചാനലിലെ സ്ഥിരം മുഖങ്ങളൊന്നും ചർച്ചയിൽ ഉണ്ടായിരുന്നില്ല. പ്രേക്ഷകർക്ക് അഭിപ്രായം പറയുകയും ചെയ്യാമെന്ന രീതി അവലംബിച്ചത് ഒരു പരിധിവരെ വിജയകരമാകുകയും ചെയ്തു.

ന്യൂസ് അവറിലേക്ക് തൽസമയം വിളിച്ച് പ്രതികരിക്കാൻ അവസരമൊരുക്കിയ ചർച്ചയിൽ കെഎം മാണി എൽഡിഎഫിൽ ചേരുമോ എന്ന വിഷയത്തിലാണ് പ്രേക്ഷകരുടെ അഭിപ്രായം തേടിയത്. പതിവായി ചർച്ചയ്ക്ക് മൂന്നോനാലോ പേരെ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും വിളിച്ചിരുത്തി പരസ്പരം പോരടിക്കുന്ന തലത്തിൽ നിന്ന് ഭിന്നമായിരുന്നു ഈ ചർച്ച. ഇടഞ്ഞ മാണി ഇടത്തേക്കോ എന്ന ചോദ്യത്തിനോട് ഓരോ രാഷ്ട്രീയ നേതാക്കൾ നേരത്തെ പ്രതികരിച്ചതിന്റെ വിഷ്വലുകൾക്കൊപ്പമാണ് പ്രേക്ഷകരുടേയും പ്രതികരണം ഉൾപ്പെടുത്തിയത്.

യഥാർത്ഥത്തിൽ ജനവികാരം അറിയാനുള്ള ഉപാധിയായി ചർച്ച മാറി. സിപിഐ(എം) മാണിയെ സ്വീകരിക്കാൻ ആലോചിക്കുന്നതിനെതിരെ ശക്തമായാണ് സിപിഐ(എം) പ്രവർത്തകരുൾപ്പെടെ ചർച്ചയ്ക്കിടെ വിളിച്ച മിക്കവരും പ്രതികരിച്ചത്. മാണിയെ തള്ളിപ്പറയാത്തത് എന്തുകൊണ്ടെന്നും ഇക്കാര്യത്തിൽ മാണിയെ സിപിഐ(എം) സംരക്ഷിക്കരുതെന്നും വിഎസിന്റെ നിലപാടാണ് ശരിയെന്നുമെല്ലാം വിളിച്ച സഖാക്കൾ അഭിപ്രായം രേഖപ്പെടുത്തിയതോടെ മാണിയുടെ ഇടതുമുന്നണി പ്രവേശത്തിലെ ജനവികാരം പ്രകടമാകുകയും ചെയ്തു. കോഴക്കേസിൽ നിന്ന് മാണിയെ ഇടതുമുന്നണി രക്ഷപ്പെടുത്തുമോ എന്ന ആശങ്കയും ചിലർ പങ്കുവച്ചു.

സമാനമായ രീതിയിൽ ചർച്ചകളുടെ പാനൽ അംഗങ്ങളിൽ പുതിയ മുഖങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷകർക്ക് കൂടുതൽ അവസരം നൽകാനുമാണ് ഏഷ്യാനെറ്റിന്റെ ആലോചന. പലപ്പോഴും ചാനൽ ചർച്ചകൾ ഏകപക്ഷീയമായാണ് നടക്കുന്നതെന്ന ആക്ഷേപം പൊതുജനങ്ങൾക്കുണ്ട്. അഭിഭാഷകരുമായുള്ള തർക്കം കൂടിയായപ്പോൾ ഈ ആക്ഷേപം കൂടുതൽ ശക്തമായി. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തരത്തിലൊരു മാറ്റത്തിലേക്ക് ചാനൽ അധികൃതർ നീങ്ങിയതും. അതേസമയം, എല്ലാ ദിവസവും ഇത്തരത്തിലുള്ള ചർച്ചകളായിരിക്കില്ലെന്നും ചില പ്രത്യേക വിഷയങ്ങളിൽ ജനവികാരമറിയാൻ ഇത്തരം ചർച്ചകൾ സംഘടിപ്പിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.