തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണർ ആയാതെ ഋഷിരാജ് സിംഗിനെ എല്ലാവർക്കും പേടിയാണ്. ബിയർ-വൈൻ പാർലറുകാരുടെ കാര്യമാണ് കട്ടപ്പുക. എന്തിനും ഏതിനും പിന്നാലെയെത്തി ഋഷിരാജ് ബുദ്ധിമുട്ടിക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. ഷാപ്പുകാരുടെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. സിങ്കത്തിന്റെ വേട്ടകൾ പലപ്പോഴും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതാണ് ആക്ഷേപം. എന്തായാലും പാവപ്പെട്ടവരുടെ മേൽ കുതിര കയറുമ്പോഴും ഋഷിരാജ് സിങ് വമ്പന്മാരെ തൊടുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.

തലസ്ഥാനത്തെ പ്രമുഖ ക്ലബ്ബുകളിൽ അടക്കം സിങ്കം പരിശോധന നടത്തിയില്ലെന്നായിരുന്നു ആക്ഷേപം. ഈ ആക്ഷേപം ഉയരാൻ പ്രധാന കാരണം തിരുവനന്തപുരം പ്രസ്‌ക്ലബ് തന്നെയായിരുന്നു. തലസ്ഥാനത്തെ പ്രസ്‌ക്ലബ്ബിൽ അനധികൃത മദ്യവിൽപ്പന നടക്കുന്ന ബാർ പ്രവർത്തിക്കുന്നുവെന്ന കാര്യം നാട്ടിൽ പാട്ടായിട്ടും ഇതിനെതിരെ പല കോണുകളിൽ നിന്നും എതിർപ്പുയർന്നിട്ടും യാതൊരു വിധത്തിലും നടപടികൾ ഉണ്ടായില്ല. അത്യാവശ്യം പബ്ലിസിറ്റിയിൽ താൽപ്പര്യമുള്ള ആളായതിനാൽ ഋഷിരാജ് സിങ് പത്രക്കാരുടെ സങ്കേതത്തെ തൊടാതിരിക്കുകയായിരുന്നു എന്നതാണ് ആക്ഷേപം ഉണ്ടായത്. എന്തായാലും പത്രപ്രവർത്തന ലോകത്തു നിന്നു തന്നെ ഈ വിഷയത്തിൽ സിങ്കത്തിനെതിരെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനായ വിനു വി ജോണാണ് പത്രക്കാരുടെ സങ്കേതത്തിന് എതിരെ രംഗത്തെത്തിയത്. ലോകം മുഴുവൻ റെയ്ഡുമായി നടക്കുന്ന ഋഷിരാജ് സങ്കേതത്തെ തൊടാൻ മടിക്കുന്നത് എന്തുകൊണ്ട് എന്നാണ് വിനുവിന്റെ ചോദ്യം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിനും ഈ ചോദ്യം ഉയർത്തിയത്. ഷെയിം ഓൺയു സിങ്കം! നിങ്ങൾ വിചാരിച്ചാലും തലസ്ഥാനത്തെ പത്രക്കാരുടെ അനധികൃത മദ്യവിൽപ്പന തടയാൻ കഴിയില്ല..! എന്നു പറഞ്ഞു കൊണ്ടാണ് വിനുവിന്റെ ട്വീറ്റ.

ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ പ്രസ് ക്ലബിൽ ബാർ പ്രവർത്തിക്കുന്നതിന് എതിരെ പത്രക്കാർക്കിടയിൽ തന്നെ കടുത്ത അമർഷമുണ്ട് എന്നതിന്റെ തെളിവാണ് വിനുവിന്റെ ട്വീറ്റ്. സങ്കേതത്തെ തൊടാൻ മടിക്കുന്നു സിങ്കം എന്ന് ഒരു മാദ്ധ്യമപ്രവർത്തകൻ തന്നെ പറഞ്ഞകാര്യം പത്രക്കാർക്കിടയിൽ സജീവ ചർച്ചയായിട്ടുണ്ട്. അനീതിക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ സമരം ചെയ്യുന്നു എന്നു പറയുന്ന സിങ്കം പോലും പത്രക്കാരെ തൊടാൻ എന്തിനാണ് ഭയക്കുന്നത് എന്ന ചോദ്യമാണ് ഇതോടെ പൊതുവായി ഉയർന്നിരിക്കുന്നത്.

എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റെടുത്തശേഷം ഋഷിരാജ് സിങ് സങ്കേതം പൂട്ടിക്കുമെന്നുതന്നെയായിരുന്നു കുടിയന്മാരല്ലാത്ത മാദ്ധ്യമപ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷ പതിയെ തെറ്റുകയായിരുന്നു. അധികാരം ഏറ്റെടുത്ത് രണ്ടാമത്തെ ആഴ്ച സങ്കേതത്തിന് തൊട്ടടുത്തുള്ള രണ്ടു ക്ലബ്ബുകളിൽ സിങ്കമെത്തി. ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഈ രണ്ടു ക്ലബ്ബുകളിലും നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച അദ്ദേഹം ഉടൻ സങ്കേതത്തിൽ കയറുമെന്ന് കരുതിയവർക്കും കണക്കൂകൂട്ടൽ തെറ്റുകയാണ് ഉണ്ടായത്. ബാർ ഉണ്ടെന്ന് അറിഞ്ഞിട്ടും ആ ഭാഗത്തേക്ക് ഋഷിരാജ് തിരുഞ്ഞു നോക്കാതെ സ്ഥലം വിടുകയാണ് ഉണ്ടായത്.

സങ്കേതത്തിലിരുന്ന് സ്ഥിര മദ്യപാനികളായി കുടിച്ചുകുടിച്ച് മരിച്ചവരും രോഗികളായവരുമായ മാദ്ധ്യമപ്രവർത്തകർ നിരവധിയാണ്. രാവിലെ മുതൽ ഇവിടിരുന്ന് കുടിച്ച് കുടുംബം നോക്കാതെ നടക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ ഭാര്യമാർ പരാതികളുമായി ഭാരവാഹികളെ തേടിയെത്തിയ സംഭവം പോലുമുണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും രണ്ടുസർക്കാരിലും പിടിപാടുള്ള പത്രക്കാരും ഏതാനും ചില ഉന്നത ഉദ്യോഗസ്ഥരും ഈ ബാറിൽനിന്ന് മദ്യം കഴിക്കുന്നവരാണ്.

എന്നാൽ സങ്കേതത്തിന് എതിരെ ആരെങ്കിലും പ്രതികരിച്ചാൽ ഒരു കൂട്ടം മാദ്ധ്യമപ്രവർത്തകർ ചേർന്ന് അവരെ തെറിവിളിക്കുന്ന സാഹചര്യമായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. സങ്കേതതത്തിന് എതിരെ വാർത്ത നൽകിയതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തക സുനിത ദേവദാസിനെതിരെ തലസ്ഥാനത്തെ ഒരുവിഭാഗം പത്രക്കാർ കൂട്ടത്തോടെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സങ്കേതത്തിലെ മാദ്ധ്യമപ്രവർത്തകരുടെ മദ്യപാനം വാർത്തയാക്കിയതിന്റെ പേരിൽ മറുനാടൻ മലയാളിക്കെതിരെയും കടുത്ത ആക്രമണങ്ങൾ ഉണ്ടായിരുന്നു. മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കി നടന്ന മാദ്ധ്യമപ്രവർത്തകർ വരെയുണ്ടായിരുന്നു.

സങ്കേതവുമായി ബന്ധപ്പെട്ട് നിരന്തരമായി സുനിത ദേവദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളും ഇവിടുത്തെ കുടിയന്മാരായ മാദ്ധ്യമപ്രവർത്തകരെ വിവാദത്തിലാക്കിയിരുന്നു. അനധികൃതമായി ബാർ പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബിന്റെ കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകയായ സുനിത ദേവദാസ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് കേരള പത്രപ്രവർത്തക യൂണിയൻ മാദ്ധ്യമപ്രവർത്തകർക്കായി ഒരുക്കിയ സൗജന്യ കരൾ പരിശോധനയുടെ കാര്യം ചൂണ്ടിക്കാട്ടിയുള്ള സുനിതയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ അണ്ടർഗ്രൗണ്ടിലാണ് സങ്കേതം പ്രവർത്തിക്കുന്നത്. അരണ്ട വെളിച്ചവും സീറ്റ് അറേഞ്ച്മെന്റുകളും ഉള്ള സങ്കേത്തിലെ സൗകര്യങ്ങൾപോലും അടുത്തിടെ വീണ്ടും മെച്ചപ്പെടുത്തിയിരുന്നു. ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഇവിടം സാധാരണ ബാറിന്റെ അതേ നിലയിൽ തന്നെയായിരുന്നു പ്രവർത്തിച്ചത്. പ്രസ് ക്ലബ്ബിൽ അംഗത്വം ഉള്ള ആർക്കും ഇവിടെ കയറി മദ്യം കഴിക്കവുന്ന സാഹചര്യമായിരുന്നു സങ്കേതത്തിൽ.

പത്രപ്രവർത്തകൻ എന്ന ആനുകൂല്യം കൈപ്പറ്റാനും അക്രഡിറ്റേഷനും മറ്റും സംഘടിപ്പിക്കാനും മാത്രമായി തല്ലിക്കൂട്ടി ഉണ്ടായക്കിയിട്ടുള്ള ചില പ്രാദേശികസായാഹ്ന പത്രങ്ങളുടെ പ്രതിനിധികൾ എല്ലാ സമയത്തും ഈ ബാറിൽ തന്നെയാണ് കഴിയുന്നത് എന്ന ആരോപണവും ഉണ്ട്. ഇവരിൽ ചിലർ മദ്യപിച്ച ശേഷം പ്രസ് ക്ലബ് ഹാളിൽ വന്നിരിക്കുന്നത് അസൗകര്യം ഉണ്ടാക്കുന്നു എന്നു ചില ജേർണലിസ്റ്റ് വിദ്യാർത്ഥികൾ മുമ്പ് തന്നെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ ഋഷിരാജ് സിങ് വന്നിട്ടു പോലും സങ്കേതത്തിനെതിരെ ചെറുവിരൽ അനക്കാൻ തയ്യാറാകാത്തതാണ് വിനു വി ജോണിനെ പോലുള്ള മാദ്ധ്യമപ്രവർത്തകരെയും ചൊടിപ്പിച്ചിരിക്കുന്നത്.