- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരട്ടിവഴിക്കു വരുത്താമെന്നതു തെറ്റിദ്ധാരണ; ഒ. രാജഗോപാലിനെപ്പോലെ ശ്രേഷ്ഠനായ വ്യക്തിയുള്ള പാർട്ടിക്ക് ചേർന്നതല്ല ബഹിഷ്ക്കരണം: ബിജെപി സംസ്ഥാന നേതൃത്വത്തിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം: ബിജെപിക്ക് എതിരായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ബഹിഷ്‌ക്കരിക്കാനുള്ള പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് മറുപടിയുമായി ചാനൽ രംഗത്തെത്തി. ബഹിഷ്‌ക്കരണമെന്ന വിരട്ടുകൊണ്ട് കാര്യം നേടാൻ സാധിക്കില്ലെന്നും തെറ്റായ നടപടകളെ ഇനിയും ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി ശക്തമായ ഭാഷയ
തിരുവനന്തപുരം: ബിജെപിക്ക് എതിരായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ബഹിഷ്‌ക്കരിക്കാനുള്ള പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് മറുപടിയുമായി ചാനൽ രംഗത്തെത്തി. ബഹിഷ്‌ക്കരണമെന്ന വിരട്ടുകൊണ്ട് കാര്യം നേടാൻ സാധിക്കില്ലെന്നും തെറ്റായ നടപടകളെ ഇനിയും ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി ശക്തമായ ഭാഷയിലാണ് ഏഷ്യാനെറ്റ് ന്യൂസ് അധികൃതർ ബിജെപിക്ക് മറുപടി നൽകിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വൈബ്‌സൈറ്റിലൂടെയാണ് ചാനൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. വിമർശനങ്ങൾ ചാനലിന് പുത്തരിയല്ലെന്നും ഒ രാജഗോപാലിനെ പോലൊരു ശ്രേഷ്ഠനായ നേതാവുള്ള പാർട്ടിക്ക് ചേർന്നതല്ല ബഹിഷ്‌ക്കരണമെന്നും ചാനൽ എഡിറ്റോറിയൽ ടീമിന്റെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്റെ വിശദീകരണ കുറുപ്പിന്റെ പൂർണ്ണരൂപം ചുവടേ:
ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാനുള്ള ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം സമസ്ത ജനാധിപത്യ വിശ്വാസികളെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയെയും ബിജെപിയെയും അവഗണിക്കുന്നു, അവഹേളിക്കുന്നു എന്നൊക്കെയാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണങ്ങൾ. സത്യാവസ്ഥ എന്തെന്നു പരിശോധിക്കാം.
പ്രധാനമന്ത്രിയുടെ മാഡിസൺസ് സ്‌ക്വയറിലെ പ്രസംഗം ഏഷ്യാനെറ്റ് ന്യൂസ് വേണ്ടത്ര ഭംഗിയായി കവർ ചെയ്തില്ലെന്നതാണു ബിജെപിയുടെ യുവ നേതാവ് ബഹിഷ്‌കരണത്തിനു കാരണമായി ഫേസ്‌ബുക്കിൽ കുറിച്ചിട്ടത്. എങ്കിൽ ഞങ്ങൾ അന്നു കൊടുത്ത വാർത്ത ശ്രദ്ധിക്കുക.
പിന്നെ ചില വാർത്താധിഷ്ഠിത പരിപാടികളിൽ മോദി സർക്കാറിന്റെ വീഴ്ചകളെ പർവതീകരിച്ചുകൊടുത്തുവെന്നും ബിജെപി നേതാവ് ആരോപണമുന്നയിക്കുന്നു. ശരിയാണ്, ജനദ്രോഹകരമെന്ന് ഏവരും കരുതുന്ന നീക്കങ്ങളെ വിമർശിച്ചിട്ടുണ്ട്. അത് ഇനിയും !ഞങ്ങൾ തുടരും. കാരണം, മാദ്ധ്യമ ധർമമാണത്. പാചകവാതക വില നിർണയവും മരുന്നുകൾക്കുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതും അതിൽപ്പെടും. ഈ രംഗത്തെ വിദഗ്ദ്ധർതന്നെ അതു ശരിവയ്ക്കുന്നുമുണ്ട്.
ആഗോളീകരണത്തിന്റെ കാലത്ത് സമ്പദ്ഘടനയെ സർക്കാരുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും വികസന മോഡലുകളുടെ പിന്നാമ്പുറക്കാഴ്ചകൾ എന്തെന്നതും ജനങ്ങളെ അറിയിക്കാനുള്ള പരമമായ കടമയാണു മാദ്ധ്യമപ്രവർത്തകർ ചെയ്യുന്നത്. വിമർശനങ്ങളെ വിരോധത്തിന്റെ തട്ടകങ്ങളിലേക്കു മാറ്റുന്നത് അതുകൊണ്ടുതന്നെ ജനാധിപത്യ വിരുദ്ധവുമാണ്.
ഒരു അംഗീകൃത ദേശീയ പാർട്ടിയുടെ, ഭരണകക്ഷിയുടെ സംസ്ഥാന ഘടകം ഒരു മാദ്ധ്യമത്തെ ബഹിഷ്‌കരിക്കുകയെന്നതു ജനാധിപത്യ സംസ്‌കാരത്തിന് അനുയോജ്യമാണോയെന്ന് അവർ പരിശോധിക്കണം. ഏഷ്യാനെറ്റ് ന്യൂസിനെ പല ഘട്ടങ്ങളിലായി പല രാഷ്ട്രീയ പാർട്ടികളും വിമർശിച്ചിട്ടുണ്ട്. പക്ഷേ, ഈ ബഹിഷ്‌കരണം പുതിയ രൂപത്തിലുള്ള ഒരുതരം സെൻസറിങ് ആണ്.
അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു തീർത്തും ഭൂഷണമല്ലിത്. മാദ്ധ്യമങ്ങൾക്കു കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥയിലെ പോരാളികളെ സ്മരിക്കുന്നതിനും ആദരിക്കുന്നതിനും വിളിച്ചു ചേർത്ത ഒരു പൊതുപരിപാടിയിൽനിന്ന് ഒരു മാദ്ധ്യമ സംഘത്തെ ഇറക്കി വിടുന്നതിലെത്തി ബിജെപിയിലെ ചില നേതാക്കളുടെ ജനാധിപത്യ ബോധം.
പ്രധാനമന്ത്രി പദത്തെ, മോദിയെന്ന വ്യക്തിപ്രഭാവത്തെ ചെളിവാരിയെറിയാൻ മാത്രം മൂഢന്മാരല്ല ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകരെന്ന് ബിജെപി നേതാക്കൾ മനസിലാക്കണം. ബിജെപിയിലെ ജനാധിപത്യ വാദികൾതന്നെ ഇതിനു മറുപടികൊടുക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഈ ജനാധിപത്യ ധ്വംസകരെ ഓർമിപ്പിക്കട്ടെ. മാദ്ധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി ഇത്തരം കുത്സിത നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വിമർശിക്കപ്പെടുന്നത് ഇതാദ്യമല്ല. കാലാകാലങ്ങളിൽ ഭരണത്തിലിരുന്നവരും പ്രതിപക്ഷത്തിരുന്നവരുമൊക്കെ ഞങ്ങളെ വിമർശിച്ചിട്ടുണ്ട്. പക്ഷേ, മാദ്ധ്യമപ്രവർത്തകന്റെ പ്രവർത്തന സ്വാതന്ത്ര്യത്തെ, തെറ്റുകൾ കണ്ടാൽ ചോദ്യംചെയ്യാനും തിരുത്താനുമുള്ള സ്വാതന്ത്ര്യത്തെ അവരാരും തടഞ്ഞിരുന്നില്ല. മാദ്ധ്യമങ്ങളെ വിരട്ടി വഴിക്കുവരുത്താമെന്നതു തെറ്റായ ധാരണയാണ്. കെ.ജി. മാരാർ കെട്ടിപ്പടുത്ത, നേതൃനിരയിൽ ഒ. രാജഗോപാലിനെപ്പോലെ ശ്രേഷ്ഠനായ വ്യക്തിയുള്ള തീർത്തും ചേർന്നതല്ല ഈ ബഹിഷ്‌കരണം...