- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനലുകൾക്കു നൽകിയ വിഡിയോ കോൺഫറൻസ് ലിങ്കിലേക്കു വാർത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി; ബിനീഷിന്റെ അറസ്റ്റും സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള വാർത്ത സർക്കാർ പരിപാടിയിൽ കേട്ട് അസ്വസ്ഥനായി പിണറായി; എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്ന കാലമാണിതെന്നും പറഞ്ഞു കേട്ടതെല്ലാം അസംബന്ധമാണെന്നും വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗവും; 'മികവിന്റെ കേന്ദ്രം' ഉദ്ഘാടനത്തിൽ കല്ലുകടിയുണ്ടാക്കിയത് വിക്ടേഴ്സിന്റെ പിഴവ്
കോഴിക്കോട്: 'മികവിന്റെ കേന്ദ്രം' പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ സ്കൂളുകളെക്കുറിച്ചുള്ള വിഡിയോക്ക് പകരം പ്രദർശിപ്പിച്ചത് സ്വപ്ന സുരേഷിനെയും സ്വർണക്കടത്തിനെയും വടക്കാഞ്ചേരി ഫ്ളാറ്റിനെയും കുറിച്ച വാർത്തകളുടെ ശബ്ദസന്ദേശം. ഏഷ്യാനെറ്റ് ന്യൂസിലെ തൽസമയ വാർത്തയാണ് സർക്കാർ പരിപാടിക്കിടെ ലൈവായി എത്തിയത്. ഇത് വമ്പൻ വിവാദമായി. ഇതിൽ അബദ്ധം പിണഞ്ഞത് വിക്ടേഴ്സ് ചാനലിലെ സംപ്രേഷണത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എല്ലാവരെയും അമ്പരപ്പിച്ച് സർക്കാറിനെതിരായ വാർത്തകൾ സംപ്രേഷണം ചെയ്തത്. സംസ്ഥാനത്തെ 34 സ്കൂളുകളുടെ ഉദ്ഘാടനമാണ് വിഡിയോ കോൺഫറൻസ് വഴി തിരുവനന്തപുരത്ത് വെച്ച് നടത്തിയത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷ പ്രസംഗത്തിനു ശേഷം, മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിനുമുമ്പ് നിർമ്മാണം പൂർത്തിയാക്കിയ സ്കൂളുകളുമായി ബന്ധപ്പെട്ട വിഡിയോ ആയിരുന്നു കാണിക്കേണ്ടിയിരുന്നത്.
വിഡിയോ കാണാൻ വിദ്യാഭ്യാസ മന്ത്രി എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. എന്നാൽ, വിഡിയോക്ക് പകരം ഒരു ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വന്ന വാർത്തകളുടെ പ്രധാന തലക്കെട്ടുകളുടെ ശബ്ദസംപ്രേഷണമാണ് കേട്ടത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റും സ്വപ്നാ സുരേഷിലെ വിവാദവും ലൈഫ് മിഷനിലെ പ്രശ്നങ്ങളുമെല്ലാം തൽസമയം ശബ്ദമായി എത്തി. പരിപാടി തുടങ്ങി ഏഴ് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ഇത്. വിക്ടേഴ്സ് ചാനലിനെ പിസിആറിൽ ഇരുന്നവർക്ക് സംഭവിച്ച സാങ്കേതിക പിഴവാണ് ഇതിന് ഇടയാക്കിയത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം 34 സ്കൂളുകളിലും പ്രത്യേക ചടങ്ങുകൾ തീരുമാനിച്ചിരുന്നു. ഇതിനായി സ്ഥലം എംഎൽഎമാരും നേതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം കാത്തിരിക്കുന്നുണ്ടായിരുന്നു. സർക്കാറിനെതിരായ ശബ്ദസന്ദേശം കണ്ട് എംഎൽഎമാരടക്കം പലയിടത്തും ക്ഷുഭിതരായി. സ്കൂളുകളിലെ സാങ്കേതിക തകരാർ ആണെന്ന് കരുതി അദ്ധ്യാപകരും ആശങ്കയിലായി. പിന്നീട് സംഭവിച്ചത് വലിയ സാങ്കേതിക പിഴവാണെന്ന് തിരിച്ചറിഞ്ഞു. അന്വേഷണവും പ്രഖ്യാപിച്ചു.
വിവാദ ലൈവിൽ അഞ്ച് മിനിറ്റിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിലെ ശബ്ദസന്ദേശം അവസാനിച്ചു. അതേസമയം പിന്നീടാണ് ആരോ ഹാക്ക് ചെയ്തു ചിലർ ന്യായീകരിക്കുന്നത്. എന്നാൽ, വിക്ടേഴ്സ് ചാനലിന്റെ സാങ്കേതിക വിഭാഗത്തിലെ പിഴവായിുന്നു ഇതെന്നാണ് മനസ്സിലായത്. വിദ്യാഭ്യാസ വകുപ്പിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ് 'മികവിന്റെ കേന്ദ്രം' പദ്ധതി.
സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള ചാനൽ വാർത്തയുടെ ശബ്ദം കയറിവന്നത്. ഒന്നര മിനിറ്റോളം ഇത് എല്ലാവരും കേട്ടു. ചാനലുകൾക്കു നൽകിയ വിഡിയോ കോൺഫറൻസ് ലിങ്കിലേക്കു വാർത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി വരികയായിരുന്നു. തുടർന്നു മുഖ്യമന്ത്രിയുടെ പരിപാടി നിർത്തിവച്ചു. സാങ്കേതികത്തകരാർ പരിഹരിച്ച ശേഷമാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്ന കാലമാണിതെന്നും പറഞ്ഞു കേട്ടതെല്ലാം അസംബന്ധമാണെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു. പ്രധാന മാധ്യമങ്ങളിലൊന്ന് അപവാദ വ്യവസായത്തിന് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരിപാടിക്കിടെയുണ്ടായ സാങ്കേതികപ്പിഴവിനെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് ചാനലിന്റെ വിശദീകരണം തേടി സർക്കാരിനു റിപ്പോർട്ട് നൽകി. സാങ്കേതികരംഗം ഏറെ വികസിച്ചെങ്കിലും നമ്മുടെ അവസ്ഥ ഇതാണെന്നും എല്ലാ പരിപാടിക്കിടെയും ഇത്തരം തകരാറുകൾ ഉണ്ടാകാറുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് സംഭവിച്ചതും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 34 വിദ്യാലയങ്ങളെ ഹൈടെക് സംവിധാനത്തിലേക്ക് ഉയർത്തുന്നതിന്റെ ഉദ്ഘാടനമാണ് വിവാദത്തിലായത്. സംസ്ഥാന സർക്കാരിന്റെ 100ദിനം .. 100പദ്ധതികൾ എന്നിവയിൽ ഉൾപ്പെട്ട പ്രധാന പദ്ധതിലൊന്നാണ് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്നത്. കോവിഡ് സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൈറ്റ് വിക്ടേർസ് ചാനൽ വഴി ഓൺലൈനായാണ് ഉദ്ഘാടനം നടന്നത്.
പദ്ധതിയുടെ ഭാഗമായി 34 സ്കൂളുകൾ കൂടിയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നത്. 140 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ 34 സ്കൂളുകൾ. നേരത്തെ 17 സ്കൂളുകൾ പദ്ധതി പൂർത്തിയാക്കി കൈമാറിയിരുന്നു. കിഫ്ബിയിൽ നിന്നും 5 കോടി രൂപയാണ് ഓരോ സ്കൂളിനുമായി ചിലവഴിക്കുന്നത്. ജനപ്രതിനിധികളുടെ വികസന ഫണ്ടും, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും, ജനകീയ കൂട്ടായ്മകളിലൂടെ സ്വരൂപിച്ച ഫണ്ടും ചേർത്ത് ആകർഷകമായ വിദ്യാർത്ഥി സൗഹൃദമായ നിർമ്മാണമാണ് നടന്നിരിക്കുന്നത്. ഈ സ്കൂളുകളിൽ മാത്രം 7.55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലായി ഹൈടെക് ക്ലാസ് മുറികൾ, കിച്ചൺ ബ്ലോക്ക്, ഡൈനിങ് ഹാൾ, ടോയിലെറ്റ് ബ്ലോക്കുകൾ, ലബോറട്ടറികൾ, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്കൂളുകളും പൂർത്തിയായി.
ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. മന്ത്രിമാരായ ഡോ. തോമസ് ഐസക് , കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു നന്ദിയും പറഞ്ഞു. അതത് മണ്ഡലങ്ങളിലെ എംഎൽഎ.മാർ ഉൾപ്പെടുന്ന മറ്റ് വിശിഷ്ഠാതിഥികൾ തത്സമയം അതത് സ്കൂളുകളിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി ചടങ്ങിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ