തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് ഏഷ്യനെറ്റ് ന്യൂസ് ഒരുക്കിയ സ്ത്രീശസക്തി പുരസ്‌ക്കാര ജേകാക്കളായി പി യു ചിത്രയും ടി വി അനുപമയും. ഇവരുൾപ്പടെ അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സംഗീതം കൃഷി കായികം ശാസ്ത്രസാങ്കേതികം സിവിൽ സർവീസ് എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ജൂറി തെരഞ്ഞെടുത്ത അഞ്ച് കരുത്തുറ്റ വനിതകൾക്കാണ് പുരസ്‌കാരം. കായിക വിഭാഗത്തലെ പുരസ്‌ക്കാരമാണ് പി യു ചിത്രക്ക് ലഭിച്ചത്. സംഗീത വിഭാഗത്തിൽ പ്രസീദ ചാലക്കുടിയും ശാസ്ത്ര സാങ്കേതികത്തിൽ ബിന്ദു സുനിൽ കുമാറിനും അവാർഡ് ലഭിച്ചു. കാർഷിക വിഭാഗത്തിലാണ് ജ്യോതി പ്രകാശിന് അവാർഡ് ലഭിച്ചത്. സിവിൽ സർവീസ് വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങളാണ് ആലപ്പുഴ ജില്ലാ കലക്ടറായ ടി വി അനുപമയെ അവാർഡിന് അർഹയാക്കിയത്.

പത്മശ്രീ അവാർഡ് ജേതാവ് കെ ലക്ഷ്മിക്കുട്ടിയമ്മയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. അവാർഡുകൾ മാർച്ച് 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്ത്രീ ശക്തി പുരസ്‌കാര ജേതാക്കളിൽനിന്ന് പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന ആൾക്ക് സ്ത്രീ 2018 പ്രത്യേക പുരസ്‌കാരവും ഇതേ ചടങ്ങിൽ സമ്മാനിക്കും.

സ്‌കൂൾ അത്‌ലറ്റിക്‌സിൽ നിന്ന് രാജ്യാന്തര വേദിയിലേക്ക് ഉയർന്ന യുവ പ്രതിഭയാണ് പി യു ചിത്ര. ഇല്ലായ്മകളിൽ നിന്ന് പടപൊരുതി നേടിയ ചിത്രയുടെ വിജയങ്ങൾക്ക് സുവർണ നിളക്കമുണ്ട്. ഇന്ത്യൻ വനിതാ ബാസ്‌കറ്റ്‌ബോൾ ടീം അംഗമായ പിഎസ് ജീന, ലോഗ് ജന്പ് താരം വീ നീന എന്നിവരെ പിന്തള്ളിയാണ് ചിത്ര പുരസ്‌കാരം സ്വന്തമാക്കിയത്.

കേരളത്തിലെ 2000ത്തോളം വരുന്ന നാടൻപാട്ട് കലാകാരിൽ വ്യത്യസ്തമായ ശബ്ദത്തിനുടമയായാണ് സംഗീത വിഭാദത്തിൽ പുരസ്‌കാരം സ്വന്തമാക്കിയ പ്രസീദ ചാലക്കുടി. . നാടൻ കലകളിൽ ഗവേഷകയായ പ്രസീദ തനത് സംഗീതത്തിന്റെ പ്രയോക്താവ് കൂടിയാണ്. കേരളത്തിലും പുറത്തുമായിനിരവധി സംഗീത പരിപാടികൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിലും ചലച്ചിത്ര പിന്നണിഗാന രംഗത്തും കഴിവ് തെളിയിച്ച ഗായിക ഗായത്രി അശോകൻ, കർണാടക സംഗീതത്തിലൂടെ കേരള തമിഴ്‌നാട് കർണാടക സർക്കാരുകളുടേത് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ എൻ ജെ നന്ദിനി എന്നിവരെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്.

കൃഷി വിഭാഗത്തിൽ കേരളത്തിലെ അറിയപ്പെടുന്ന നെൽകർഷകയാണ് ജ്യോതി പ്രകാശ്. നൂതന ആശയങ്ങളിലൂടെ കൃഷിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന ജ്യോതി പ്രകാശ് കാർഷിക അഭിവയോധികിക്കായി തന്റെ ജീവിതംതന്നെ ഉഴിഞ്ഞു വച്ച വനിതയാണ്. സമ്മിശ്ര കൃഷിരീതിയിലൂടെ ശ്രദ്ധേയയായ ഷൈല ബഷീർ, മത്സ്യ കൃഷി രംഗത്ത് കേരളത്തിൽ ഏറ്റവും ശ്രദ്ധേയയായ സൗമ്യ ബിനോയ് എന്നിവരാണ് ഈ വിഭാഗത്തിൽ പരിഗണിക്കപ്പെട്ടിരുന്ന സ്ത്രീ രത്‌നങ്ങൾ.

പാവപ്പെട്ടവന്റെ വിശപ്പടക്കുന്നതിനു വേണ്ടി തന്റെ ഗവേഷണം സമർപ്പിച്ച ശാസ്ത്രജ്ഞ ബിന്ദു സുനിൽകുമാറിനാണ് ശാസ്ത്ര സാങ്കേതിക വിഭാഗതത്തിൽനിന്നുള്ള 2018ലെ ഏഷ്യാനെറ്റ് സ്ത്രീ ശക്തി പുരസ്‌കാരം . പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങളും രോഗങ്ങളും തടയാൻ സഹായിക്കുന്ന വിഷയത്തിലാണ് സ്വീഡനിലെ പ്രമുഖ സർവകലാശാലയിൽ നിന്ന് ബിന്ദു പിഎച്ച്ഡി നേടിയത്. കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്ന് ഇറാസ്മസ് സ്‌കോളർഷിപ്പ് നേടിയാണ് ബിന്ദു സ്വീഡനിലെത്തിയത്.

ബിന്ദുവിന് പുറമെ നിലവിൽ മൈക്രോസോഫ്റ്റിൽ ഓർഡിയൻസ് ഇവാൻജലിസ്റ്റായ ടെക് ലോകത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വനിതാ രത്‌നം ആനി മാത്യു, വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലിംഗനീതി ലക്ഷ്യമിട്ട് തുടങ്ങിയ സംഘടനയായ പെഹിയ ഗ്രൂപ്പ് എന്നിവരും അവാർഡ് പരിഗണനാ പട്ടികയിൽ ഇടംനേടിയത്. കോളേജ് വിദ്യാർത്ഥിനികളായ എൻഫാ റോസ് ജോർജ്, ശ്രീപ്രിയ രാധാകൃഷ്ണൻ എന്നിവരാണ് പെഹിയ ഗ്രൂപ്പിന് പിന്നിൽ

സിവിൽ സർവീസ് വിഭാഗത്തിൽ ടി വി അനുപമ ഐഎഎസ് 2018 ലെ ഏഷ്യാനെറ്റ് സ്ത്രീ ശക്തി പുരസ്‌കാരം സ്വന്തമാക്കി. കേരളത്തിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥരിൽ പ്രമുഖയായ അനുപമയ്ക്ക് ഭക്ഷ്യ സുരക്ഷ കമ്മീഷണറായിരുന്നപ്പോൾ എടുത്ത ശക്തമായ നടപടികളിലൂടെ ജനശ്രദ്ധയിൽ എത്താൻ സർവീസിന്റെ ആദ്യകാലത്ത് തന്നെ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. നിലവിൽ ആലപ്പുഴ ജില്ലാ കളക്ടറാണ് .