തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫ് 73 മുതൽ 77 വരെ സീറ്റ് നേടാമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ സർവേയിലെ പ്രവചനം. എൽഡിഎഫ് 61 മുതൽ 65 വരെ സീറ്റ് നേടും. ബിജെപി അക്കൗണ്ട് തുറക്കുമെന്നും മൂന്നുമുതൽ അഞ്ചുവരെ സീറ്റ് നേടാമെന്നും പ്രവചിക്കുന്ന സർവേ മറ്റുള്ളവർക്ക് ഒരു സീറ്റും നൽകുന്നു. അതായത് മോദി ഇഫക്ടിൽ ബിജെപി നേട്ടമുണ്ടാക്കുന്നുവെന്നും യിഡിഎഫ് ഭരണം നിലനിർത്തുമെന്നുമാണ് ഏഷ്യാനെര്‌റ് പ്രവചനം.

യുഡിഎഫ് (43%), എൽഡിഎഫ് (39%), ബിജെപി (14%), മറ്റുള്ളവർ (4%) എന്നിങ്ങനെയാണ് വോട്ട് ശതമാനം പ്രവചിക്കുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 72, എൽഡിഎഫ് 68 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

സർവ്വേയുടെ വിശദാംശങ്ങൾ

യുഡിഎഫിന് പ്രതീക്ഷ നൽകുന്നത് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ അഭിപ്രായ സർവെ ഫലം. സംസ്ഥാനത്തു ബിജെപി അക്കൗണ്ട് തുറക്കുമെന്നും സർവെ പറയുന്നു. 'അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം കേരളം എങ്ങോട്ട്' എന്ന വിഷയത്തിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുള്ള 60 നഗര കേന്ദ്രങ്ങളിലും 140 ഗ്രാമ കേന്ദ്രങ്ങളിലും വോട്ടർമാരെ നേരിട്ടു കണ്ടാണു സി ഫോർ സർവെ നടത്തിയത്. ജൂലായ് രണ്ടാം വാരമായിരുന്നു സർവെ.

നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിന് 73 മുതൽ 77 വരെ സീറ്റുകൾ ലഭിക്കാമെന്നു സർവെയിൽ പറയുന്നു. എൽഡിഎഫിന് 61 മുതൽ 65 വരെയും സീറ്റുകൾ കിട്ടിയേക്കാം. മൂന്നു മുതൽ അഞ്ചു വരെ സീറ്റുകളുമായി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധ്യതയുണ്ട്.

ആകെ വോട്ടിന്റെ 43 ശതമാനവും യുഡിഎഫിനു ലഭിക്കുമെന്നു സർവെ പറയുന്നു. എൽഡിഎഫിന് 39 ശതമാനവും ബിജെപിക്ക് 14 ശതമാനവും വോട്ട് ലഭിക്കാമെന്നു സർവെ പറയുന്നു.

വോട്ടിങ് താത്പര്യം യുഡിഎഫിനോട്

വിവിധ വിഭാഗങ്ങളിലുള്ളവരുടെ വോട്ടിങ് താത്പര്യം പരിശോധിച്ചതിൽ ഭൂരിഭാഗം പേരും യുഡിഎഫിന് അനുകൂലമായാണു പ്രതികരിച്ചത്. നഗരങ്ങളിലും ഗ്രാമങ്ങളിലും യഥാക്രമം 43%, 46% പേർ യുഡിഎഫിനെ അനുകൂലിക്കുന്നു. എൽഡിഎഫ് അധികാരത്തിലെത്തണെന്നു നഗരങ്ങളിൽ 36 ശതമാനം പേരും ഗ്രാമങ്ങളിൽ 41 ശതമാനം പേരും താത്പര്യപ്പെടുന്നു. ബിജെപിക്ക് ഇതു യഥാക്രമം 18%, 11% വീതമാണ്.

പുരുഷന്മാരിൽ 41 ശതമാനം പേർ യുഡിഎഫിനും 38 ശതമാനം പേർ എൽഡിഎഫിനും 18 ശതമാനം പേർ ബിജെപിക്കും അനുകൂലമായി ചിന്തിക്കുന്നു. സ്ത്രീകളിലാകട്ടെ 45 ശതമാനം പേരുടെ വോട്ട് യുഡിഎഫിനും 40 ശതമാനം പേരുടെ വോട്ട് എൽഡിഎഫിനും ഒമ്പതു ശതമാനം പേരുട വോട്ട് ബിജെപിക്കും നൽകുമെന്നു പറയുന്നു.

യുവാക്കളിൽ ഏറെ പേരും യുഡിഎഫിന് അനുകൂലമായാണു പ്രതികരിച്ചത്.

യുഡിഎഫ് സർക്കാർ ശരാശരി

യുഡിഎഫ് സർക്കാറിന്റെ പ്രവർത്തനം ശരാശരിയാണെന്നാണു സർവെയിൽ പങ്കെടുത്ത 43 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. നല്ലതെന്ന് 20 ശതമാനം പേരും മോശമെന്ന് 17 ശതമാനം പേരും അഭിപ്രായപ്പെടുന്നു. വളരെ മോശമെന്ന് അഭിപ്രായപ്പെടുന്നവർ 16 ശതമാനമാണ്. നാലു ശതമാനം പേർ യുഡിഎഫ് സർക്കാറിന്റെ പ്രവർത്തനം വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടു.

അഴിമതി യുഡിഎഫിന്റെ പ്രധാന പ്രശ്‌നം

കേരളത്തിൽ യുഡിഎഫ് നേരിടുന്ന പ്രധാന പ്രശ്‌നം അഴിമതിയാണെന്ന് സർവെയിൽ പങ്കെടുത്ത 49 ശതമാനം പേർ അഭിപ്രായപ്പെട്ടു. കുടുംബ വാഴ്ചയും വാഗ്ദാനങ്ങൾ പാലിക്കുന്നതിലെ പരാജയവും മറ്റു പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഡിഎഫിന്റെ സാമുദായിക പ്രീണനം അവർക്കു തിരിച്ചടിയാകുന്നതായി 17 ശതമാനം പേർ അഭിപ്രായപ്പെട്ടു.

എൽഡിഎഫിനു തലവേദന വിഭാഗീയത

വിഭാഗീയതയാണ് എൽഡിഎഫ് നേരിടുന്ന പ്രധാന പ്രശ്‌നമെന്നു സർവെയിൽ പങ്കെടുത്ത 54 ശതമാനം പേർ അഭിപ്രായപ്പെട്ടു. വികസന കാഴ്ചപ്പാടിന്റെ കുറവും തിരിച്ചടിയാണ്. അഴിമതി പ്രശ്‌നമായി 13 ശതമാനം പേർ ചൂണ്ടിക്കാട്ടുമ്പോൾ നാലു ശതമാനം പേർ മാത്രമേ സാമുദായിക പ്രീണനം എന്ന പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നുള്ളൂ.

കോൺഗ്രസിന്റെ എതിരാളി ബിജെപിയോ?

അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം കോൺഗ്രസിന് ബിജെപി മുഖ്യ എതിരാളിയാകുന്നുവെന്ന സൂചന നൽകുന്നതാണെന്നു സർവെയിൽ പങ്കെടുത്ത 45 ശതമാനം പേരുടെ അഭിപ്രായം. ജി. കാർത്തികേയന്റെ മകനു വോട്ട് ചെയ്തതുകൊണ്ടാണു യുഡിഎഫ് ജയിച്ചതെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ ഇടതു മുന്നണിയുടെ വീഴ്ചയാണ് അരുവിക്കരയിൽ കണ്ടതെന്ന് 20 ശതമാനം പേർ പറയുന്നു.