തിരുവനന്തപുരം: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ ഏഷ്യനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്ത നടപടി ദേശീയ തലത്തിലും വാർത്തയായി. വിനു വി ജോൺ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചു കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ദേശീയ തലത്തിൽ മുഹമ്മദ് സുബൈറിനെ ട്വീറ്റിന്റെ പേരിൽ കേസെടുത്തു തുറുങ്കിൽ അടച്ചതിൽ സുപ്രീംകോടതി വിമർശനത്തോടെ ജാമ്യം അനുവദിച്ചത് ഇന്നലെയാണ്. ഇതിനിടെയാണ് കേരളത്തിൽ മലയാളി മാധ്യമപ്രവർത്തകനെതിരെ ഇടതു സർക്കാർ കേസെടുത്തിരിക്കുന്നതും. ഈ വിഷയം ദേശീയ തലത്തിലും വാർത്തയാകുന്നുണ്ട്. ഇടതു സർക്കാറും മാധ്യമ വേട്ട നടത്തുന്നു എന്ന ആരോപണമാണ് ഉന്നയിക്കുന്നത്.

എളമരം കരീം നൽകിയ പരാതിയിൽ ആണ് കേസ്. ടി വി ചാനൽ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂർവ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോൺ പ്രവർത്തിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. അതേസമയം രാഷ്ട്രീയ സമ്മർദ്ദാത്താലാണ് പൊലീസ് നടപടി എന്നാണ് ഉയർന്നിരിക്കുന്ന വിമർശനം. വിനു ഇതറിയുന്നത് പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസ് നിരസിച്ചപ്പോഴാണ്. അഖിലേന്ത്യാ പണിമുടക്കിനോടുനുബന്ധിച്ച് കേരളത്തിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് വൈകീട്ടത്തെ ന്യൂസ് അവർ അവതരിപ്പിച്ചപ്പോൾ സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറിയായ ഇളമരം കരീമിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് കേസ്.

അതേസമയം വിനു വി ജോണിനെതിരായ നടപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് നേതാവ് ചെന്നിത്തലയും രംഗത്തുവന്നു. സർക്കാറിന് നേരെ വിരൽ ചൂണ്ടുന്നവർക്കെതിരെ കള്ളക്കേസിൽ കുടുക്കു, പൊലീസിനെ ഉപയോഗിച്ചു വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാനുള്ള നീക്കത്തിൽ നിന്നും പൊലീസും സർക്കാറും പിന്മാറണമെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനും സെക്രട്ടറി എച്ച് ഹണിയും പറഞ്ഞു. അതേസമയം ഈ വിഷയത്തിൽ കേരളാ പത്രപ്രവർത്തക യൂണിയൻ പ്രതികരിച്ചിട്ടില്ല.

അതേസമയം മുതിർന്ന മാധ്യമപ്രവർത്തകൻ വിനു വി. ജോണിനെതിരെ കേസെടുത്തതിനു പിന്നിൽ അസഹിഷ്ണുതയാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സത്യം പറയുന്നവരുടെ വായ് മൂടികെട്ടുന്ന സംഘ് പരിവാർ സർക്കാരിന്റെ അതേ നയമാണു പിണറായിയും പിന്തുടരുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. ഇത് കേരളമാണെന്ന കാര്യം അദ്ദേഹം മറന്നു പോകുന്നു.ഇതുകൊണ്ടൊന്നും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാമെന്ന് കരുതേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

വിമാനസംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞു. തനിക്കെതിരായി ഉണ്ടായ സംഭവത്തിൽ എന്തെല്ലാം തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. തുടക്കം മുതലേ സർക്കാരും ആഭ്യന്തരവകുപ്പും ഇക്കാര്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളി ദിനംപ്രതി ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീഴുകയാണ്. എന്തൊരു നാണക്കേടാണ് ഇക്കാര്യത്തിൽ പൊലീസ് വരുത്തിവെച്ചത്. ഇന്നലെ നടന്ന സംഭവങ്ങൾ ആകെ പൊലീസിനെ നാണം കെടുത്തുന്നതും വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്നതുമായിരുന്നു. ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത രാഷ്ട്രീയ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊലീസിലെ ഇടത് അനുഭാവ അസോസിയേഷന്റെ നിയന്ത്രണത്തിലാണ് പൊലീസെന്ന ആരോപണം വളരെ ഗൗരവമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മാർച്ച് 28 ന് രാത്രി എട്ടിനും ഒമ്പതിനും ഇടക്കാണ് ഈ ' കുറ്റകൃത്യം' നടന്നതെന്നും പരാതി ലഭിച്ചത് ഏപ്രിൽ മാസം 28 ന് രാവിലെ പത്തരക്കാണെന്നും വിനു വി ജോണിനെതിരെ ഇട്ട എഫ് ഐ ആറിൽ കന്റോൺമെന്റ് പൊലീസ് പറയുന്നു. തിരുരിൽ രോഗിയുമായി പോയ ഓട്ടോ ഡ്രൈവറായ യാസറിനെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി പണിമുടക്ക് അനുകൂലികൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിനെക്കുറിച്ച് ഇളമരം കരീമിന്റെ പ്രതികരണമിതായിരുന്നു. മാസങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരന്നു ഇത്. അന്ന് റോട്ടിലിറങ്ങിയിട്ട് എന്നെ പിച്ചി മാന്തി എന്നൊക്ക പറഞ്ഞുവരികയാണ് .

ഇതിനെക്കുറിച്ച് അന്നത്തെ ന്യൂസ് അവറിൽ വിനു വി ജോൺ പറഞ്ഞത് ഇങ്ങനെയായിരുന്നു: എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണം ആയിരുന്നു എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു, അപ്പോൾ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ'. ഇതിന് പിന്നാലെ വിനു വി ജോണിനെതിരെ വ്യാപകമായി രീതിയിൽ പോസ്റ്ററുകൾ അദ്ദേഹത്തിന്റെ വീടിനമുന്നിലും തിരുവനന്തപുരം നഗരത്തിലും പ്രത്യക്ഷപ്പെടുകയും ഏഷ്യാനെറ്റിലേക്ക് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ തനിക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്ത വിവരം വിനു വി ജോൺ അറിയുന്നത് തന്റ പാസ് പോർട്ട് പുതുക്കി നൽകാനുള്ള അപേക്ഷ നൽകിയപ്പോഴായിരുന്നു. കേസുള്ളതുകൊണ്ട് പാസ് പോർട്ടു പുതുക്കി നൽകാൻ പറ്റില്ലന്നായിരുന്നു പൊലീസ് പറഞ്ഞത്. ഐപിസിയിലെ 107, 118, 504, 506 എന്നീ വകുപ്പുകളും കെപി ആക്ടിലെ 120 ഒയും ചേർത്താണ് കേസെടുത്തിരിക്കുന്നത്്. ഇതിൽ ചിലത് ജാമ്യം തന്നെ നിഷേധിക്കാൻ കഴിയുന്ന വകുപ്പുകളാണ്. എന്നിട്ടും പ്രതിയായ താൻ വിഷയം അറിയുന്നത് പാസ്‌പോർട്ട് പുതുക്കുന്നതിന് അനുമതി നിഷേധിച്ചപ്പോൾ ആണെന്നും വിനു വി ജോൺ പറയുന്നു.