ലോകത്തൊട്ടാകെ ഭീകരത വിതക്കുകയും കൊയ്യുകയും ചെയ്തു കൊണ്ടിരിക്കുന്ന കൊടും തീവ്രവാദി സംഘമായ അൽഖ്വയ്ദ തങ്ങളുടെ ദക്ഷിണേഷ്യൻ തലവനായി പുതുതായി നിയമിച്ച അസിം ഉമർ പാക്കിസ്ഥാൻ പൗരനാണ്. താരതമ്യേന ലളിത ജീവിതം നയിക്കുന്ന ഈ അൽഖയ്ദ ബുദ്ധി ജീവിയാണ് മാനവരാശിക്കെതിരെ പോരിനിറങ്ങാനുള്ള ഈ ഭീകര സംഘത്തിന്റെ ഓൺലൈൻ ആഹ്വാനങ്ങൾക്കു പിന്നിൽ. ഇന്ത്യയിലും ബംഗ്ലദേശിലും മ്യാന്മറിലും ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്ന് അൽഖയ്ദ മേധാവി അയ്മൻ അൽ സവാഹിരി പുറത്തു വിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

അൽഖയ്ദയും തെഹ്രീകെ താലിബാൻ പാക്കിസ്ഥാനും പുറത്തു വിട്ട പല ഓൺലൈൻ വീഡിയോകളിലും കറുത്ത ടർബൻ ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ആളാണ് അസിം. പാക്കിസ്ഥാനെതിരെ 2007 മുതൽ രക്തരൂക്ഷിത യുദ്ധം നടത്തിവരുന്ന സംഘമാണിവർ. അൽഖായ്ദയുമായി ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ് പാക്കിസ്ഥാനിലെ ജനസംഖ്യ ഏറിയ പഞ്ചാബ് പ്രവിശ്യയിലെ പഞ്ചാബി താലിബാനിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്ന് അഫ്ഗാൻ താലിബാൻ വൃത്തങ്ങൾ പറയുന്നു. 'ഭീകരപ്രവർത്തനങ്ങൾക്ക് ആളെകൂട്ടുന്നതിനുള്ള ലേഖനങ്ങളെഴുതിയും പശ്തൂ ഭാഷയിലുള്ളവ ഉർദുവിലേക്ക് മൊഴിമാറ്റം ചെയ്തുമാണ് ഇദ്ദേഹം പ്രവർത്തിച്ചു തുടങ്ങിയത്,' ഒരു താലിബാനി പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

അസിം പാക് താലിബാനിനും അൽഖയ്ദയ്ക്കും ഒരു ബൗദ്ധിക സ്വത്താണെന്നാണ് പാക് വിദഗ്ധനായ അമിർ റാണ പറയുന്നത്. ഒരു കമാൻഡറായുള്ള ചുമതല ഇദ്ദേഹം ഇതുവരെ വഹിച്ചതായി തെളിവൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പരമ്പരാഗതമായി പക്വതയുള്ള മുസ്ലിം ജനസംഖ്യയുള്ള ഇന്ത്യയിലും ബംഗ്ലാദേശിലും പുതിയ അൽഖയ്ദയ്ക്ക് കാലുറപ്പിക്കാനാകില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇക്കാര്യം കഴിഞ്ഞ വർഷം അൽഖയ്ദ പുറത്തു വിട്ട ഒരു വീഡിയോയിൽ അസിം തന്നെ പറയുന്നുണ്ട്. ഉപഭൂഖണ്ഡത്തിൽ ഇസ്ലാമിക ഭരണം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു ആ വീഡിയോ.

എന്തു കൊണ്ടാണ് ഇന്ത്യൻ മുസ്ലിംകൾ ജിഹാദിനിറങ്ങാത്തത്? ഉണരൂ, അമേരിക്കയെ തകർത്തെറിയൂ എന്നൊക്കെ ആഹ്വാനം ചെയ്തിരുന്നെങ്കിലും ഇതൊന്നും ഇന്ത്യയിൽ അനുരണനങ്ങളൊന്നും ഉണ്ടാക്കിയില്ല. ഭീകര പ്രവർത്തനങ്ങൾക്കിറങ്ങുന്നവർ ആരെയും നിർബന്ധിച്ച് മത പരിവർത്തനം നടത്തരുതെന്ന തീവ്രവാദികളിൽ നിന്ന് കേൾക്കാത്ത അസാധാരണ ആഹ്വാനവും ഇതിലുണ്ടായിരുന്നു. ഇത് ഇവരുടെ രീതിക്ക് നേർ വിപരീതമാണ്. സ്ഥിരീകരിക്കാനാകില്ലെങ്കിലും അസിം ഈയിടെ സിറിയ സന്ദർശിച്ചിരുന്നതായും ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറയുന്നു.