തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങളുടെ ഘോഷയാത്ര തന്നെ അഞ്ച് വർഷത്തിനിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സിപിഎമ്മിലെ വിവാദങ്ങളും വി എസ് - പിണറായി പോരുമൊക്കെ മുറുകി കൊണ്ട് എൽഡിഎഫ് പ്രതിരോധത്തിൽ പോകുന്ന കാഴ്‌ച്ചയാണ് കാണുന്നത്. വിസ്മൃതിയിലാണ്ട ലാവലിൻ കേസും ഉയർന്നു പൊങ്ങി എത്തിയിട്ടുണ്ട്. അതേസമയം മറുവശത്ത് യുഡിഎഫ് സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലുമുണ്ടായ തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടെന്ന പ്രതിച്ഛായ ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെയാണ് മാദ്ധ്യമങ്ങളുടെ ഇടപെടലോടെ വിഎസോ പിണറായിയോ മുഖ്യമന്ത്രിയെന്ന ചോദ്യം ഉയർന്നിരിക്കുന്നത്. ഇതിനിടെയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് സീഫോർ തെരഞ്ഞെടുപ്പ് സർവേയുടെ രണ്ടാഘട്ട ഫലം പുറത്തുവരുന്നത്. എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്ന സർവേയിൽ പക്ഷേ യുഡിഎഫിനും ആശ്വസിക്കാൻ ഏറെ വക നൽകുന്ന കാര്യങ്ങളുണ്ട്.

ഇതിൽ ഒന്നാമത്തെത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള കാര്യങ്ങളാണ്. അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് സർവേയുടെ ഒന്നാം ഘട്ടത്തിൽ വി എസ് ആയിരുന്നു മുന്നിൽ അന്ന് രണ്ടാം സ്ഥാനത്തായിരുന്ന ഉമ്മൻ ചാണ്ടി രണ്ടാം ഘട്ടമായപ്പോഴേക്കും വിഎസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഉമ്മൻ ചാണ്ടി. മാത്രമല്ല, കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നതെന്ന പ്രതീതിയും ഉണ്ടായിട്ടണ്ട്. ആധികാരികമായി എൽഡിഎഫ് വിജയിക്കുമെന്ന് പറയുന്നില്ലെന്നത് ഇടതു നേതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

യുഡിഎഫ് സർക്കാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മദ്യനയവും അവസാവസാന നാളിലെ കടുംവെട്ടും തിരിച്ചടിയാകുമെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. മദ്യനയവു യുഡിഎഫിന് തന്നെ വിനയാകുമെന്നാണ് വ്യക്തമാകുന്നത്. ർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ സോളാർബാർക്കോഴ ആരോപണങ്ങൾ. ഉമ്മൻ ചാണ്ടി-സുധീരൻ ബലാബലത്തിലൂടെ വന്ന സമ്പൂർണമദ്യനിരോധനം. സർവ്വേപ്രകാരം ഇതു രണ്ടും സർക്കാരിനെ തിരിച്ചുകുത്തും. യുഡിഎഫിന്റെ മദ്യനിരോധനമല്ല, ഇടതുമുന്നണിയുടെ മദ്യവർജനമാണ് നല്ലതെന്ന് ഭൂരിഭാഗവും കരുതുന്നുവെന്നാണ് സർവേയിൽ പറയുന്നത്.

സോളാർ കേസിൽ സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് സർവ്വേയിൽ പങ്കെടുത്തവരിൽ 52ശതമാനവും വിശ്വസിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്കാണെന്ന സർക്കാർ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ബാർക്കോഴക്കേസിലെ ഇരട്ടത്താപ്പിന് സർക്കാർ തന്നെയാണ് കുറ്റക്കാർ എന്നും കൂടുതൽ പേർ പറയുന്നു.

ആരോപണവിധേയർക്ക് സീറ്റ് നിഷേധിക്കരുതെന്ന് ഉമ്മൻ ചാണ്ടി വാശിപിടിച്ചത് മറ്റൊരു തിരിച്ചടിയായേക്കും. 55ശതമാനം ആളുകളാണ് ഉമ്മൻ ചാണ്ടിയുടെ ഈ നിലപാടിനെ എതിർക്കുന്നത്. ഏതുമുന്നിണിയിലായാലും അഴിമതി ആരോപണങ്ങളിൽപ്പെട്ടവർ മത്സരിക്കണ്ട എന്നാണ് ജന വികാരം. ാനാർത്ഥി നിർണയ സമയത്തെ ഉമ്മൻ ചാണ്ടി-സുധീരൻ തർക്കവും വിനയാകാം. സർക്കാർ പോകുന്ന പോക്കിൽ നടത്തിയ തിരക്കിട്ട ഭൂമിഇടപാടുകളിൽ അഴിമതി ഉണ്ട്.എന്നാൽഅധികാരത്തിൽ വന്നാൽ എൽഡിഎഫ് ഈ ഉത്തരവുകൾ പിൻവലിക്കുംമെന്ന വിശ്വാസം ആളുകൾക്കില്ലെന്നും സർവ്വേഫലം വ്യക്തമാക്കുന്നു.

ഇത്രയേറെ ആരോപണങ്ങൾ ഉണ്ടെങ്കിലും നൂറ് സീറ്റ് വരെ എൽഡിഎഫിന് കിട്ടുമെന്ന പ്രതീക്ഷയില്ല. മറിച്ച് 81 സീറ്റുകൾ വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്, സി ഫോർ സർവ്വേ ഫലം വ്യക്തമാക്കുന്നത്. അതേസമയം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസത്തിന് വക നൽകുന്നതാണ്ഫലം. ചരിത്രത്തിലാദ്യമായി എൻഡിഎ നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. അഞ്ച് സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.

ഫെബ്രുവരി 17 ന് പുറത്തുവിട്ട ആദ്യഘട്ട തെരഞ്ഞെടുപ്പ് അഭിപ്രായ സർവ്വേയോട് ചേർന്നുനിൽക്കുന്ന ഫലമാണ് രണ്ടാംഘട്ട അഭിപ്രായ സർവ്വേയിലും പുറത്തുവരുന്നത്. ഭരണത്തുടർച്ചയ്ക്കല്ല, ഭരണമാറ്റത്തിന് തന്നെയാണ് സാധ്യത. ഇടതുമുന്നണി അധികാരത്തിലെത്തും. 40 ശതമാനം വോട്ട് നേടി, 75 മുതൽ 81 വരെ സീറ്റുകളിൽ വിജയം ഇടതിനൊപ്പം എന്നാണ് സർവ്വേഫലം. ഇതിന് മുന്പത്തെ സർവ്വേയിൽ 77 മുതൽ 82 വരെ സീറ്റാണ് എൽഡിഎഫിന് പ്രവചിച്ചിരുന്നത്. കഴിഞ്ഞ സർവ്വേയിൽ 60 സീറ്റ് വരെ പ്രതീക്ഷിച്ചിരുന്ന യുഡിഎഫ്, നില മെച്ചപ്പെടുത്തി 56 മുതൽ 62 സീറ്റ് വരെ നേടുമെന്നാണ് പുതിയ പ്രവനം. ബിജെപി മുന്നണി 3 മുതൽ 5 സീറ്റ് വരെ നേടും. കഴിഞ്ഞ സർവ്വേയിലും ബിജെപി ഇതേ നിലയിൽ തന്നെ ആയിരുന്നു. കേരളത്തെ മൂന്ന് മേഖലകളാക്കി തിരിച്ചാൽ, മലബാറിലെ 49 നിയമസഭാ മണ്ഡലങ്ങളിൽ എൽ!ഡിഎഫ് 29 സീറ്റുകൾ വരെ നേടാം. എൻഡിഎക്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്നത് മലബാറിലാണെന്നും അഭിപ്രായ സർവ്വേ പ്രവചിക്കുന്നു. ഇവിടെ മുന്നണി രണ്ട് മുതൽ മൂന്ന് സീറ്റുകൾ വരെ നേടും.

മധ്യകേരളത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം അവകാശപ്പെടാം. ആകെയുള്ള 44 സീറ്റുകളിൽ 24 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. ഇടതുമുന്നണിക്ക് 20 മുതൽ 22 വരെ സീറ്റ് . എൻഡിഎക്ക് ഒരു സീറ്റ് കിട്ടിയേക്കാം. തിരുവിതാംകൂറിലാണ് എൽഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നത്. ആകെയുള്ള 47 ൽ 31 സീറ്റും ഇടതുമുന്നണി നേടും. യുഡിഎഫിന് 17 സീറ്റുകൾ വരെ മാത്രമേ കിട്ടാനിടയുള്ളൂ എന്നാണ് പ്രവചനം. ബിജെപി മുന്നണിക്ക് രണ്ട് സീറ്റുവരെ ലഭിച്ചേക്കാം. എന്നാൽ ബിഡിജെഎസ് കാര്യമായ സ്വാധീനമുണ്ടാക്കില്ല എന്നും സർവ്വേ പ്രവചിക്കുന്നു.

യുഡിഎഫ് തോൽക്കുമെന്ന് അഭിപ്രായപ്പെട്ട ഭൂരിപക്ഷം പേരും പക്ഷെ അടുത്ത മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നത് ഉമ്മൻ ചാണ്ടിയെ ആണ്. 29 ശതമാനം. വി എസിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കുന്നത് 26 ശതമാനം പേർ മാത്രം. പിണറായിക്കും കുമ്മനത്തിനും 16 ശതമാനം പേരുടെ പിന്തുണയുണ്ട്. ഏപ്രിൽ 7 മുതൽ 18 വരെ കേരളത്തിലെ അരക്കോടിയോളം വോട്ടർമാരെ നേരിൽ കണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ്, സി ഫോർ സർവ്വേ നടത്തിയത്.

അതേസമയം ഏഷ്യാനെറ്റിന്റെ സർവേയെ തള്ളിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നത്. സർവേയിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ബിജെപിക്ക് സർവേ പ്രവചിക്കുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കിയത്.