കൊല്ലം: റെയിൽവേ സ്റ്റേഷനിൽ വർത്തമാനം ന്യൂസ് എഡിറ്റർ അസ്‌കർ അലിയെ മർദിക്കുകയും മൊബൈൽ ഫോൺ തല്ലിത്തകർക്കുകയും ചെയ്തുവെന്ന ആരോപണം നിഷേധിച്ച് റെയിൽവേ പൊലീസ്. മോക്ഡ്രില്ലിന്റെ ഭാഗമായി നടന്ന പരിശോധനയിൽ അസ്‌കർ അലിയോട് തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ അയാൾ പൊലീസുകാരനോട് തട്ടിക്കയറുകയായിരുന്നു. മോക്ഡ്രിൽ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് അയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. മുഖ്യമന്ത്രി ഒപ്പിട്ടു തന്ന ഐഡന്റിറ്റി കാർഡ് കൈവശമുള്ള മാധ്യമ പ്രവർത്തകനായ തന്നെ ചോദ്യം ചെയ്യാൻ ഒരു സാധാരണ കോൺസ്റ്റബിൾ ആരാണെന്ന ഈഗോ പ്രശ്നം മാത്രമാണ് അവിടെയുണ്ടായതെന്നും പൊലീസ് വിശദീകരിക്കുന്നു.

കേരളാ പൊലീസും റെയിൽവേ പൊലീസും തീരസുരക്ഷാ സേനയും ചേർന്ന് സാഗർ കവച് എന്ന പേരിൽ ഒരു മോക്ഡ്രിൽ അവതരിപ്പിക്കാൻ തീരസുരക്ഷാ ഐജിയുടെ നിർദ്ദേശം ഉണ്ടായിരുന്നു. മെയ്‌ 10 ന് രാവിലെ എട്ടു മുതൽ 11 ന് വൈകിട്ട് ആറു വരെ 34 മണിക്കൂറായിരുന്നു ഇതിന്റെ ദൈർഘ്യം. കോസ്റ്റൽ പൊലീസ്, റെയിൽവേ പൊലീസ്, ആർപിഎഫ്, ബിഎസ്എഫ്, റിസർവ് ബറ്റാലിയൻസ്, ഇന്റലിജൻസ് ബ്യൂറോ, മറൈൻ എൻഫോഴ്സ്മെന്റ് വിങ്, വിജിലൻസ് വിങ് അടക്കം ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, ഡയറക്ടർ ഓഫ് പോർട്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കസ്റ്റംസ്, ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ലാമ്പ്സ്, പോർട്ട് ഡിപ്പാർട്ട്മെന്റ്, ഇമിഗ്രേഷൻ ആൻഡ് എസ്ബിസിഐഡി എന്നിവർ സാഗർ കവചിൽ പങ്കാളികളായിരുന്നു. ദേശവിരുദ്ധരിലും തീവ്രാദികളിലും നിന്നുമുള്ള ഭീഷണി നേരിടുന്നത് സംസ്ഥാന പൊലീസിനെ പ്രത്യേകിച്ച് കോസ്റ്റൽ പൊലീസിനെ സജ്ജരാക്കുക എന്നതായിരുന്നു സാഗർ കവചിന്റെ ലക്ഷ്യം.

മോക്ഡ്രില്ലിന്റെ ഭാഗമായി റെഡ് ഫോഴ്സ് എന്ന പേരിൽ ആക്രമണകാരികളുടെ ഒരു സംയത്തെ നേവി/കോസ്റ്റഗാർഡ് സേനയിൽ നിന്ന് സൃഷ്ടിച്ചു. ഇവർ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തും. ഇവർക്ക് സ്വന്തം ഐഡന്റിറ്റി കാർഡിന് പുറമേ അറ്റാക്കിങ് ഫോഴ്സിൽ തങ്ങളുടെ ചുമതല എന്താണെന്ന് വ്യക്തമാകുന്ന മറ്റൊരു തിരിച്ചറിയ്യ കാർഡ് കൂടി നൽകും. ഒരു ആയുധവും ഇതിനായി ഉപയോഗിക്കില്ല. ബലപ്രയോഗവും ഉണ്ടാക്കില്ല.

ഈ റെഡ് ഫോഴ്സിന്റെ അറ്റാക്കിങ് കേന്ദ്രങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തതുകൊല്ലം റെയിൽവേ സ്റ്റേഷനെ ആയിരുന്നു. മോക്ഡ്രില്ലിന് അനുവദിച്ചിരിക്കുന്ന 34 മണിക്കൂറിൽ എപ്പോഴെങ്കിലും അറ്റാക്കിങ് ഫോഴ്സിലെ ആരെങ്കിലും സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ ഒരിടത്ത് ബോംബ് വയ്ക്കും. ഇങ്ങനെ ബോംബ് വയ്ക്കുന്നത് സുരക്ഷാ സേനയ്ക്ക് കണ്ടെത്താൻ കഴിയാതെ വരികയോ ബോംബുമായി വരുന്നയാളെ പിടികൂടാൻ കഴിയാതിരിക്കുകയോ ചെയ്താൽ അത് സുരക്ഷാ വീഴ്ചയായി കണക്കാക്കും.

റെഡ് ഫോഴ്സ് അംഗങ്ങളെ തടയുന്നതിന് വേണ്ടിയുള്ള അലെർട്ടിലായിരുന്നു കൊല്ലം റെയിൽവേ പൊലീസ്. മാന്യമായി വസ്ത്രം ധരിച്ച് കൈയിൽ ബാഗുമായി ആർക്കും സംശയം തോന്നാത്ത രീതിയിൽ വരുന്നവരെ പരിശോധിക്കാനായിരുന്നു റെയിൽവേ പൊലീസിന് കൊടുത്തിരുന്ന നിർദ്ദേശം. ഈ സമയത്താണ് അസ്‌കർ അലി വരുന്നത്. റെഡ് ഫോഴ്സിലെ അംഗമാകുമോ എന്ന സംശയത്തിലാണ് പൊലീസുകാരനായ വി.ജി. വിശാഖ് അസ്‌കർ അലിയെ തടഞ്ഞത്. മോക്ഡ്രിൽ പ്രോട്ടോക്കോൾ പ്രകാരം ഇങ്ങനെ തടയുന്നവരിൽ നിന്ന് തിരിച്ചറിയൽ കാർഡ് ചോദിക്കണം. റെഡ് ഫോഴ്സ് അംഗമാണെങ്കിൽ അയാൾ തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പ്രത്യേക തരം തിരിച്ചറിയൽ കാർഡ് കാണിക്കുകയും വേണം.

ഇവിടെ പൊലീസുകാരൻ അസ്‌കർ അലിയോട് തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ തട്ടിക്കയറുകയായിരുന്നുവെന്ന് പറയുന്നു. മറ്റാരോടും ചോദിക്കാതെ തന്നോട് മാത്രം ചോദിച്ചത് എന്തിനെന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. പൊലീസുകാരനോട് അസ്‌കർ തട്ടിക്കയറിയപ്പോൾ അയാൾ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അസ്‌കർ അലിയെ സ്റ്റേഷനിലേക്ക് കൊണ്ടു ചെല്ലാൻ എസ്ഐ ആർഎസ് രഞ്ജു ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം സ്റ്റേഷനിലേക്ക് വരുന്ന വഴി തന്നെ അസ്‌കർ അലിയെ കണ്ടു. തന്നെ ചോദ്യം ചെയ്യാൻ ഒരു കോൺസ്റ്റബിൾ ആരാണെന്നതായിരുന്നു അസ്‌കറിന്റെ പ്രധാന പ്രശ്നമെന്ന് എസ്ഐ പറയുന്നു. മുഖ്യമന്ത്രി ഒപ്പിട്ടു തന്ന തിരിച്ചറിയൽ കാർഡ് തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അക്രഡിറ്റേഷൻ കാർഡാണിതെന്ന് പൊലീസിന് മനസിലായി. പത്രപ്രവർത്തകനായ തന്നെ മാത്രം തെരഞ്ഞു പിടിച്ച് പരിശോധിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. അതും ഒരു കോൺസ്റ്റബിൾ തിരിച്ചറിയൽ കാർഡ് ചോദിച്ചു.

എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണം രേഖകൾ ചോദിക്കാനെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, അത് വാഹന പരിശോധനയ്ക്കാണെന്നും സുരക്ഷാ പരിശോധനയ്ക്കിടയിൽ സംശയം തോന്നിയാൽ പൊലീസുകാരനും തിരിച്ചറിയൽ കാർഡ് ചോദിക്കാമെന്നും എസ്ഐ വിശദീകരിച്ചു. ഇതിനിടെ മൊബൈൽ ഫോണിൽ സ്റ്റേഷൻ രംഗങ്ങൾ പകർത്തിയപ്പോൾ താൻ അതു പിടിച്ചു വാങ്ങിയെന്ന് എസ്ഐ രഞ്ജു സമ്മതിക്കുന്നുണ്ട്. ആയുധങ്ങൾ അടക്കം നിരവധി കാര്യങ്ങൾ സ്റ്റേഷന് ഉള്ളിലുണ്ട്. ഇത് അനുവാദം കൂടാതെ ഷൂട്ട് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയത്. മാധ്യമപ്രവർത്തകനാണെന്ന് മനസിലായപ്പോൾ പോകാൻ അനുവദിച്ചു.

ഇത്രയും ബഹളമുണ്ടാക്കിയ സ്ഥിതിക്ക് പിന്നീട് പ്രശ്നം വരരുതെന്ന് കണ്ടാണ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽ എൻട്രി ഇട്ട് വിടാൻ പറഞ്ഞത്. അസ്‌കർ അലിയെ മർദിച്ചുവെന്നും അസഭ്യം വിളിച്ചുവെന്നും കൈ പിടിച്ചൊടിച്ചുവെന്നും ഫോൺ എറിഞ്ഞു തകർത്തുവെന്നുമുള്ള ആരോപണം പൊലീസ് നിഷേധിച്ചു. സ്റ്റേഷനിലെ സിസിടിവിയിൽ എല്ലാം പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.