ഇപ്പോ: അസ്ലൻ ഷാ ഹോക്കി ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഇന്ത്യയ്ക്ക് യോഗ്യതയില്ല. നിർണായക ലീഗ് മൽസരത്തിൽ ആതിഥേയരായ മലേഷ്യ എകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യ മൂന്നു ക്വാർട്ടറുകളും ഗോൾരഹിതമായിരുന്ന മൽസരത്തിന്റെ അവസാന പത്ത് മിനിട്ടിലാണ് മലേഷ്യ സ്‌കോർ ചെയ്തത്.

ലഭിച്ച അവസരങ്ങളെല്ലാം തുലച്ചു കളഞ്ഞാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ലഭിച്ച നാല് പെനാൽറ്റി കോർണറുകളും ഇന്ത്യ തുലച്ചുകളയുന്നതാണ് നിർണായക മത്സരത്തിൽ കണ്ടത്. ഇന്ത്യ തോറ്റതോടെ ബ്രിട്ടൻ 23 വർഷത്തിനുശേഷം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇന്ത്യയ്ക്ക് ഇനി മൂന്നാം സ്ഥാനത്തിന് ന്യൂസീലൻഡിനെതിരെ പ്ലേ ഓഫ് കളിക്കണം.

കളി തീരാൻ ഒൻപത് മിനിറ്റ് മാത്രം ശേഷിക്കെ സാബായാണ് ഇന്ത്യയ്ക്കെതിരെ വിജയം നിർണയിച്ച ഗോൾ നേടിയത്. പകുതി സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനിലയിലായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യ മലേഷ്യയെ ഒന്നിനെതിരെ ആറ് ഗോളിന് തകർത്തിരുന്നു.