- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ കാലത്ത് വീട്ടിൽ ചുമ്മാ ഇരുന്നില്ല; സ്വന്തമായി വിമാനം നിർമ്മിച്ച് ആലപ്പുഴക്കാരൻ കുടുംബത്തോടൊപ്പം യൂറോപ്പിൽ ചുറ്റിയടിക്കുന്നു; നാല് സീറ്റുള്ള വിമാനം ഉണ്ടാക്കിയത് എ വി താമരാക്ഷന്റെ മകൻ അശോക്; ലണ്ടനിൽ ഫോർഡ് കമ്പനി ജീവനക്കാരന് ഇത് സ്വപ്ന സാക്ഷാത്കാരം
ലണ്ടൻ: കോവിഡ് ലോക്ഡൗൺ കാലത്ത് തോന്നിയ ഐഡിയയാണ്. ഇപ്പോൾ നാല് സീറ്റുള്ള വിമാനമായി ആ ഐഡിയ യാഥാർത്ഥ്യമായിരിക്കുന്നു. ആലപ്പുഴക്കാരൻ അശോക് അലിശേരിൽ താമരാക്ഷൻ ചില്ലറക്കാരനല്ല. ഇപ്പോൾ, വീട്ടിലുണ്ടാക്കിയ വിമാനത്തിൽ കുടുംബത്തോടൊപ്പം യൂറോപ്പ് ചുറ്റുകയാണ് അശോക്. ലണ്ടൻ കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം. മുൻ എംഎൽഎ എ വി താമരാക്ഷന്റെ മകൻ കൂടിയാണ് 38 കാരനായ അശോക്.
18 മാസമെടുത്തു വിമാനം നിർമ്മിക്കാൻ. സ്ലിങ് ടിഎസ്‌ഐ മോഡലിന്റെ പേര് ജി-ദിയ എന്നാണ്. അശോകിന്റെ ഇളയ മകളുടെ പേരാണ് ദിയ. പാലക്കാട് എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, മാസ്റ്റർ ബിരുദം നേടാനായി 2006 ലാണ് അശോക് ലണ്ടനിലേക്ക് പറന്നത്. ഇപ്പോൾ ഫോർഡ് മോട്ടോർ കമ്പനിയിലാണ് ജോലി. പൈലറ്റ് ലൈസൻസ് ഉള്ളതുകൊണ്ട് കുടുംബത്തോടൊപ്പം ലോകം ചുറ്റാൻ വിഷമമില്ല. ജർമനി, ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, ഇവിടെയെല്ലാം അശോകും കുടുംബവും സന്ദർശിച്ചുകഴിഞ്ഞു.
ഐഡിയ ഉദിച്ചത് ഇങ്ങനെ
2018 ലാണ് അശോകിന് പൈലറ്റ് ലൈസൻസ് കിട്ടിയത്. അന്നൊക്കെ യാത്രകൾക്കായി രണ്ടുസീറ്റുള്ള വിമാനം വാടകയ്ക്ക് എടുത്തിരുന്നു. ഭാര്യയും, രണ്ടുപെൺമക്കളും ഉള്ളതുകൊണ്ട് നാലു സീറ്റുള്ള വിമാനം വേണ്ടിയിരുന്നു. അവ അന്ന് എണ്ണത്തിൽ കുറവായിരുന്നു. കിട്ടിയാൽ തന്നെ വളരെ പഴക്കം ചെന്നവയും. അങ്ങനെയാണ് സ്വന്തമായി നാല് സീറ്റ് വിമാനം ഉണ്ടാക്കിയാലോ എന്ന് ആലോചിച്ചത്. ഇതിന് വേണ്ടി വിപുലമായ ഗവേഷണം നടത്തി.
2018 ൽ ജോഹന്നസ്ബർഗിലെ ഒരു കമ്പനി സ്ലിങ് ടിഎസ്‌ഐ പുതിയ വിമാനം പുറത്തിറക്കുന്നുവെന്ന് അറിഞ്ഞിരുന്നു. ഫാക്ടറി സ്ന്ദർശിക്കുകയായിരുന്നു ആദ്യ ചുവട് വയ്പ്. തുടർന്ന് അശോക് സ്വന്തമായി വിമാനം നിർമ്മിക്കാൻ കിറ്റിന് ഓർഡർ കൊടുത്തു. ലോക്ഡൗണായതോടെ ചെയ്യാൻ മറ്റുപണിയൊന്നുമില്ല. ഇഷ്ടം പോലെ സമയം. ഇക്കാലത്ത് സ്വരുക്കൂട്ടിയ പണവും ചേർത്ത് വിമാന നിർമ്മാണം തുടങ്ങുകയായിരുന്നു. 1.8 കോടിയാണ് വിമാനം നിർമ്മിക്കാൻ ഉണ്ടായ ചെലവ്.
'പുതിയ ഒരു കളിപ്പാട്ടം കിട്ടുന്നത് പോലെയാണ് ഇത്. കുറെ കൂടി ആവേശം ഉണ്ടെന്ന് മാത്രം. ആദ്യ ലോക് ഡൗൺ കാലത്താണ് ഇതിന് വേണ്ടി പണം സമ്പാദിക്കാൻ തുടങ്ങിയത്. സ്വന്തമായി വിമാനം വേണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് ഇതിന് വേണ്ടി പണം നീക്കി വച്ചത്', ദി സണ്ണിന് നൽകിയ അഭിമുഖത്തിൽ അശോക് പറഞ്ഞു.
'കഴിഞ്ഞ രണ്ടുവർഷമായി അദ്ഭുതകരമായ രീതിയിലാണ് അശോക് ഇതിന് വേണ്ടി പണിയെടുത്തത്. ഇപ്പോൾ നമ്മുടെ സ്വപ്‌നം യാഥാർത്ഥ്യമായിരിക്കുന്നു', ഭാര്യ അഭിലാഷ പറഞ്ഞു. കൂട്ടുകാർക്കൊപ്പവും അശോക് വിമാനത്തിൽ ചില യാത്രകൾ പോയി.
വീട്ടിൽ തന്നെ ഉണ്ടാക്കിയ വിമാനത്തിന് ഇന്ത്യൻ നിയമങ്ങളും അനുമതി നൽകുമെന്നാണ് അശോകിന്റെ പ്രതീക്ഷ. അവധിക്ക് വിമാനത്തിൽ നാട്ടിലേക്ക് വരണമെന്നുണ്ട്. അച്ഛൻ പൈലറ്റായ വിമാനത്തിൽ യാത്ര ചെയ്യാൻ മക്കൾക്കും പെരുത്ത് സന്തോഷം.
മറുനാടന് മലയാളി ബ്യൂറോ