കൊല്ലം: പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലും തെരഞ്ഞെടുപ്പു വേദിയിൽ താരങ്ങളുടെ ഒഴുക്കിന് കുറവില്ല. മോഹൻലാലിനും ദിലീപിനും പിന്നാലെ പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ഗണേശ്‌കുമാറിന് പിന്തുണയുമായി നടൻ അശോകനെത്തി.

പട്ടാഴിയിലാണ് അശോകൻ എത്തിയത്. സിനിമാ വകുപ്പ് മന്ത്രി എന്ന നിലയിൽ മലയാള സിനിമയുടെ പുരോഗതിക്ക് ഒരുപാട് സഹായം ചെയ്ത ആളാണ് ഗണേശെന്നും അങ്ങനെയൊരാൾക്കെതിരേ സിനിമാ ലോകത്ത് നിന്നുതന്നെ മറ്റൊരാൾ മത്സരിക്കാൻ തയ്യാറായത് ധാർമ്മികത ഇല്ലാത്ത നടപടിയാണെന്നും അശോകൻ പറഞ്ഞു. പത്തനാപുരത്ത് താൻ എത്തിയതിനെ രാഷ്ട്രീയമായി കാണേണ്ടെന്നും അത് സ്നേഹബന്ധം കൊണ്ടും സിനിമയ്ക്കായി അദ്ദേഹം ചെയ്ത കാര്യങ്ങളോടുള്ള കടപ്പാട് കൊണ്ടാണെന്നും അശോകൻ പറഞ്ഞു.

ഇന്നലെ ഗണേശ് കുമാറിന്റെ പ്രചരണവേദിയിൽ മോഹൻലാൽ എത്തിയതിനെത്തുടർന്ന് സിനിമാരംഗം ഈ വിഷയത്തിൽ രണ്ട് ചേരിയായി തിരിഞ്ഞിരുന്നു. അമ്മ വൈസ് പ്രസിഡന്റായ മോഹൻലാൽ ഗണേശന്റെ പ്രചരണത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് സലിം കുമാർ സംഘടനയിൽ നിന്ന് രാജിവച്ചിരുന്നു. ദിലീപ്, പ്രിയദർശൻ, നാദിർഷ തുടങ്ങിയവരും ഇന്നലെ ഗണേശന് വേണ്ടി പത്തനാപുരത്തെത്തിയിരുന്നു.

അതിനിടെയാണു യു.ഡി.എഫ്. സ്ഥാനാർത്ഥി അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന വനിതാ കൂട്ടായ്മകളിൽ സജീവമായി നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയും പങ്കെടുത്തത്. ആമ്പല്ലൂർ പഞ്ചായത്തിൽ പുതുവാശേരിയിൽ നടന്ന വനിതാസംഗമത്തിൽ മുഖ്യപ്രഭാഷക ശ്രീലക്ഷ്മിയായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പിതാവിനെ കാണാൻ ബന്ധുക്കൾ അനുവദിക്കാതിരുന്നപ്പോൾ മുഖ്യമന്ത്രിയുടെ സഹായം കൊണ്ടാണ് തങ്ങൾക്ക് അത് സാധിച്ചതെന്നു ശ്രീലക്ഷ്മി പറഞ്ഞു. എം.ജി. സർവകലാശാല സെനറ്റ് അംഗം കൂടിയായ ശ്രീലക്ഷ്മി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫിനുവേണ്ടി പ്രചാരണത്തിനെത്തുന്നുണ്ട്. അന്തരിച്ച ടി.എം. ജേക്കബും ജഗതി ശ്രീകുമാറും വിദ്യാഭ്യാസകാലം മുതൽ സുഹൃത്തുക്കളായിരുന്നെന്നും ആ ബന്ധം മൂലമാണ് അദ്ദേഹത്തിന്റെ മകൻ അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പുവേദിയിൽ വന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു.