ന്യൂഡൽഹി: ഹജ്ജ് കർമങ്ങൾ ചെയ്യാനായി സ്ത്രീകൾക്ക് ഒറ്റയ്ക്കു പോകാനായി അവസരം ഒരുക്കിയത് സൗദിയാണെന്നും മോദിയല്ലെന്നും അസാദുദ്ദീൻ ഒവൈസി. സൗദി ഹജ്ജ് അധികൃതർ 45 വയസുള്ള, ഏതുരാജ്യത്തെ സ്ത്രീകൾക്കും പുരുഷ തുണയില്ലാതെ ഹജ്ജ് കർമങ്ങൾ ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. വിദേശ സർക്കാരുകൾ ചെയ്യുന്നതിനെ ബഹുമതി തട്ടിയെടുക്കുന്നത് പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് ഒവൈസി പറഞ്ഞു.

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പുരുഷതുണയില്ലാതെ സ്ത്രീകൾക്കു ഹജ്ജിനു പോകാനാവില്ലെന്ന നിയമം തിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. പുരുഷതുണയില്ലാതെ സ്ത്രീകൾക്കു ഹജ്ജിനു പോകാനാവില്ലെന്ന നിയമം വിവേചനപരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹജ്ജിനു പോകുന്ന മുസ്ലിം സ്ത്രീകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും അതിനായി യാഥാസ്ഥിതികമായ നിയമങ്ങളിൽ സർ ക്കാർ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുരുഷതുണയില്ലാതെ സ്ത്രീകൾക്കു ഹജ്ജിനു പോകാനാവില്ലെന്ന നിയമ വ്യവസ്ഥ സ്വാതന്ത്ര്യം കിട്ടി 70 വർഷം പിന്നിട്ടിട്ടും തുടരുന്നത് അനീതിയാണ്. സർക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു പിന്നാലെ ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ട നടപടിയെടുത്തിട്ടുണ്ട്. ഈ നിയന്ത്രണം എടുത്തുകളഞ്ഞു കഴിഞ്ഞു.

ഇത്തവണ ഏകദേശം 1300 സ്ത്രീകൾ ഒറ്റയ്ക്കു ഹജ്ജിനു പോകുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഒറ്റയ്ക്കു പോകാൻ ആഗ്രഹമുള്ള സ്ത്രീകൾ അപേക്ഷ നൽകിയാൽ അതു പ്രത്യേകം പരിഗണിക്കണമെന്നും അവരെ ഹജ്ജ് കമ്മിറ്റി നടത്തുന്ന നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കണമെന്നും ന്യൂനപക്ഷകാര്യ മന്ത്രാലയ ത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.