പാകിസ്താനിൽനിന്നും അഫ്ഗാനിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നുമെത്തുന്ന ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്‌സി വംശജർക്ക് പൗരത്വം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ ആസാമിൽ പ്രക്ഷോഭമൊരുങ്ങുന്നു. മറ്റു രാജ്യങ്ങളിൽനിന്നെത്തുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതോടെ, ആസാമിലെ ഗോത്രവർഗക്കാർ വീണ്ടും ന്യൂനപക്ഷമാകുമെന്ന ആശങ്കയാണ് അവിടെയുള്ള രാഷ്ട്രീയപാർട്ടികളും വിദ്യാർത്ഥി സംഘടനകളുമുയർത്തുന്നത്.

2016-ലെ പൗരത്വ ഭേദഗതി ബില്ലാണ് മറ്റു രാജ്യങ്ങളിൽനിന്ന് കുടിയേറുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ നിർദ്ദേശിച്ചിട്ടുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ യഥാർഥ ആസാമികളാകും കൂടുതൽ കഷ്ടപ്പെടുകയെന്ന് ഓൾ ആസാം സ്റ്റുഡന്റ്‌സ് യൂണിയൻ ഉപദേഷ്ടാവ് സമുജ്ജാൽ ഭട്ടാചാര്യ പറയുന്നു. ഇപ്പോൾത്തന്നെ ദശാബ്ദങ്ങളായി ബംഗ്ലാദേശിൽനിന്ന് കുടിയേറിയ ഹിന്ദുക്കൾ ആസാമിലുണ്ട്. അവർ പൗരത്വം നേടുന്നതോടെ, ആസാമിലെ ഗോത്രവർഗക്കാർ ന്യൂനപക്ഷമായി മാറുമെന്ന് അദ്ദേഹം പറയുന്നു.

ആസാമിലെ 28 വിദ്യാർത്ഥി സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് ആസൂ. പൗരത്വ ബില്ലിന് കേന്ദ്രം അംഗീകാരം നൽകിയാൽ ആസാമിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആസു മുന്നറിയിപ്പ് നൽകുന്നു. അയൽരാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന്റെ കഷ്ടതകൾ ഇപ്പോൾത്തന്നെ ആസാം നേരിട്ടുകൊണ്ടിരിക്കുകയാണ്. ആസാമിലെ ഗോത്രവർഗങ്ങളുടെ അസ്തിത്വം സംരക്ഷിക്കുമെന്ന ഉറപ്പിലാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയെന്നും സമുജ്ജാൽ പറയുന്നു.

പൗരത്വബിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം 2016-ൽ സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിച്ചിരുനനു. സമിതി ഒരിക്കൽപ്പോലും ആസാമിൽവരികയോ ജനങ്ങളുടെ പരാതികേൾക്കുകയോ ചെയ്തിട്ടെല്ലും സമുജ്ജാൽ പറയുന്നു. ആസുവിന്റെ പ്രതികരണം ആരാഞ്ഞിരുന്നെങ്കിലും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയോ പൗരന്മാരുടെയോ അഭിപ്രായം ചോദിക്കുകയോ വിഷയം ചർച്ച ചെയ്യുകയോ ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

ബിജപിയുടെ സഖ്യകക്ഷിയായ ആസാം ഗണ പരിഷത്തും ബില്ലിനെതിരാണ്. ബിൽ നിയമമാകുന്നതോടെ ആസാം കരാർ അപ്രസക്തമാകുമെന്നും അത് ആസാമിലെ ജനങ്ങളെ നേരിട്ട് ബാധിക്കുെന്നും എജിപി പ്രസിഡന്റ് അതുൽ ബോറ പറയുന്നു. സംസ്ഥാന മന്ത്രിസഭാംഗം കൂടിയായ അതുൽ ബോറയുടെ എതിർപ്പ് ബിജെപിക്ക് കാണാതിരിക്കാനാവില്ല. ബിൽ പാസാവുകയാണെങ്കിൽ ആസാം കത്തുമെന്ന് എജിപിയുടെ യുവജനസംഘടനയായ ആസാം യുവ പരിഷത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.