മേരിക്കൻ രഹസ്യങ്ങൾ ചോർത്തി വിക്കിലീക്ക്‌സിന്റെ സ്ഥാപനകൻ ജൂലിയാൻ അസാഞ്ജ് അഞ്ചുവർഷമായി കഴിയുന്നത് ലണ്ടനിലെ ഇക്വഡോർ എംബസ്സിയിലാണ്. പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യപ്പെടുകയും അമേരിക്കയിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യുമെന്ന നിലയിൽ, ഇക്വഡോറിന്റെ ഔദാര്യം പറ്റി എംബസ്സിക്കുള്ളിൽ കഴിയുകയാണ് ഇദ്ദേഹം. എന്നാൽ, തനിക്ക് സംരക്ഷണം നൽകിയ ഇക്വഡോർ പ്രസിഡന്റിനെയും വെറുതെവിടാൻ അസാഞ്ജ് തയ്യാറല്ല. പ്രസിഡന്റിനും അദ്ദേഹത്തിന്റെ സഖ്യകക്ഷികൾക്കുമെതിരെ അസാഞ്ജിന്റെ തുടർച്ചയായ ട്വിറ്ററുകൾ തലവേദനയായതോടെ, എംബസ്സിയിൽനിന്നും ഇദ്ദേഹത്തെ എങ്ങനെ ഇറക്കിവിടാമെന്ന ആലോചനയിലാണ് തെക്കേയമേരിക്കൻ രാജ്യം.

അലാഞ്ജിനെ അമേരിക്കയുടെ കണ്ണിൽപ്പെടാതെ പുറത്തിറക്കുന്നതിന് ബ്രിട്ടനുമായി ചർച്ചചെയ്യാൻ പറ്റിയ ഒരു മധ്യസ്ഥനെയാണ് ഇപ്പോൾ ഇക്വഡോർ തേടുന്നത്. അഞ്ചുവർഷമായി അസാഞ്ജിനെ പേറുന്നത് ഇക്വഡോറാണെന്നും ഇനിയതിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാജ്യത്തിന്റെ വിദേശകാര്യമന്ത്രി മരിയ ഫെർനാൻഡ എസ്‌പിനോസ പറഞ്ഞു. ബ്രിട്ടന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സഹകരണംകൂടാതെ അതാർജിക്കാനാവില്ലെന്നും ക്വിറ്റോയിൽ മാധ്യമപ്രവർത്തകരോടായി അവർ പറഞ്ഞു.

എന്നാൽ, അസാഞ്ജിനെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിയമവിഭാഗം ആരോപിക്കുന്നത്. അസാഞ്ജിനെ പിടികൂടാനുള്ള ഡൊണാൽഡ് ട്രംപിന്റെ ഉത്തരവുകൾക്ക് വഴിയൊരുക്കരുതെന്നും ബ്രിട്ടനോട് അവർ ആവശ്യപ്പെടുന്നു. അസാഞ്ജിനെ എംബസ്സിയിൽനിന്ന് പുറത്തിറക്കുകയും നിയമനടപടികൾക്ക് വിധേയനാവുകയുമാണ് വേണ്ടതെന്ന് ഇക്വഡോറിനറിയാമെന്നും അതവർ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടീഷ് അധികൃതരും പറയുന്നു.

ട്വിറ്ററിലൂടെ ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറേനോയക്കും അദ്ദേഹത്തിന്റെ സഖ്യകക്ഷികൾക്കുമെതിരെ അസാഞ്ജ് ഏതാനും മാസം മുമ്പ് നടത്തിയ പ്രസ്താവനകളാണ് രംഗം വളഷാക്കിയത്. ഇത്തരം രാഷ്ട്രീയ പ്രസ്താവനകൾ നടത്തരുതെന്ന് മൊറേനോ തന്നെ അസാഞ്ജിനോട് ആവശ്യപ്പെട്ടിരുന്നു. സ്‌പെയിനിലെ കാറ്റലൻ സ്വാതന്ത്ര്യപ്രക്ഷോഭത്തെ പിന്തുണച്ചും അസാഞ്ജ് ട്വീറ്റ് ചെയ്തു. സ്പാനിഷ് വിഷയത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും വിവാദ പ്രസ്താവനകൾ നടത്തരുതെന്നും അപ്പോഴും മൊറേനോ ആവശ്യപ്പെട്ടിരുന്നു.

സ്വീഡനിൽ ബലാൽസംഗക്കുറ്റമുൾപ്പെടെയുള്ള കേസുകൾ അസാഞ്ജിനെതിരേയുണ്ട്. അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അഞ്ചരവർഷമായി ഇക്വഡോർ എംബസ്സിയിൽ അസാഞ്ജ് രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത്. സ്വീഡനിലെ കേസുകളിൽ ഇപ്പോൾ അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും, അമേരിക്ക അസാഞ്ജിന്റെ പിന്നാലെതന്നെയുണ്ട്. എംബസ്സിക്ക് പുറത്തിറങ്ങിയാൽ അസാഞ്ജിനെ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയാണവർ.