വിക്കി ലീക്‌സ് സ്ഥാപകൻ ജുലിയാൻ അസാഞ്്ജിനെ ലോകത്തിന് മുഴുവൻ പേടിയാണോ? പ്രസിഡന്റിനെ വിമർശിച്ചിനും കാറ്റലോണിയ വിഷയത്തിൽ പ്രതികരിച്ചതിനും അസാഞ്ജിനെ ശാസിച്ച ഇക്വഡോർ, എംബസിയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ദിവസം കഴിയുംമുന്നെ അസാഞ്ജിന് പൗരത്വം നൽകി. സ്വീഡനിൽ അസാഞ്ജിനെതിരേ ചുമത്തിയിരുന്ന ബലാൽസംഗ കേസിൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

അഞ്ചരവർഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയിരിക്കുകയാണ് അസാഞ്ജ്. എംബസ്സിക്ക് പുറത്തിറങ്ങിയാൽ അസാഞ്ജിനെ അറസ്റ്റ് ചെയ്യാൻ കാത്ത് അമേരിക്കൻ അധികൃതർ നിൽപ്പുണ്ട്. അതിനിടെയാണ് ഇക്വഡോർ അദ്ദേഹത്തെ സ്വന്തം പൗരനായി അംഗീകരിച്ചത്. ഇക്വഡോർ പാസ്‌പോർട്ട് അസാഞ്ജിന് ലഭിച്ചത് ഡിസംബർ 21-നാണെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പേര് ഇക്വഡോറിയൻ ഇന്റേണൽ റവന്യൂ സർവീസിസിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറേനോയെ തുടർച്ചയായി വിമർശിക്കുകയും സഖ്യരാജ്യമായ സ്‌പെയിനെതിരെ കാറ്റലോണിയ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തുകയും ചെയ്ത അസാഞ്ജിനെ ലണ്ടനിലെ എംബസിയിൽ തുടരാൻ അനുവദിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഇന്നലെയാണ് ഇക്വഡോർ വിദേശകാര്യമന്ത്രി മരിയ ഫെർനാൻഡോ എസ്‌പിനോസ അഭിപ്രായപ്പെട്ടത്. അസാഞ്ജിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ബ്രിട്ടീഷ് അധികൃതർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞമാസമാണ് സ്വീഡിഷ് അധികൃതർ അസാഞ്ജിനെതിരായ ബലാൽസംഗക്കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കേസിൽ അസാഞ്ജിന് നോട്ടീസ് നൽകാൻ സാധിക്കാതെ വന്നതോടെയാണിത്. എ്ന്നാൽ, കോടതിയിൽ ഹാജരാകണമെന്ന ഉത്തരവ് പാലിക്കാതിരുന്ന അസാഞ്ജിനെതിരെ കോടതിയലക്ഷ്യ കേസ് തുടരാൻ സ്വീഡിഷ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 2010 ഓഗസ്റ്റിലാണ് ബലാൽസംഗത്തിനും മാനഭംഗത്തിനുമായി രണ്ട് കേസുകൾ അസാഞ്ജിനെതിരെ ചുമത്തപ്പെടുന്നതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും.

2011 ഫെബ്രുവരിയിൽ അസാഞ്ജിനെ സ്വീഡനിലേക്ക് നാടുകടത്താൻ കോടതി ഇത്തരവിട്ടു. ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അതും പരാജയപ്പെട്ടു. ഇതോടെ അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ 2012 ജൂൺ 19-ന് ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ അസാഞ്ജ് രാഷ്ട്രീയ അഭയം തേടുകയായിരുന്നു. ഓഗസ്റ്റ് 16-ന് ഇക്വഡോർ അതനുവദിക്കുകയും ചെയ്തതോടെ, അസാഞ്ജ് സുരക്ഷിതനായി. അന്നുമുതൽക്ക് ഇക്വഡോർ എംബസ്സിൽ തുടരുകയാണ് 46-കാരനായ അസാഞ്ജ്.