മലമ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 20 20 കേരള. മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെയാണ് 20 ട്വന്റി കേരള പ്രഖ്യാപിച്ചത്. ഭിക്ഷാടന നിർമ്മാർജ്ജന പദ്ധതിയുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമായ റഹിം ഒലവക്കോടാണ് 20 ട്വന്റി കേരളയുടെ സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മാറ്റുരയ്ക്കുക.

നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 20 ഇന കർമ പദ്ധതികളും പ്രസിദ്ധപ്പെടുത്തിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ സൂപ്പർ മാർക്കറ്റുകൾ സ്ഥാപിക്കും എന്നതാണ് പ്രധാനപ്പെട്ട പ്രഖ്യാപനം.

ജില്ലയിൽ 200ലേറെ ഭിക്ഷാടകരെ റഹിമിന്റെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ചിരുന്നു. ഇതിനെ തകർക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുവെന്നുവെന്നും തന്നെ കേസിൽ കുടുക്കുകയും ചെയ്തുവെന്ന് റഹിം ആരോപിച്ചു. തന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് വഴിവച്ചതിന് കാരണം ഇത്തരം രാഷ്ട്രീയ ഇടപെടലുകളാണ് എന്നാണ് റഹിം പറയുന്നു.

വിദ്യാലയങ്ങളിൽ ഉൾപ്പെടെ ലഹരിവിമുക്ത യുവത്വം, സമ്പൂർണ ഭിക്ഷാടന നിർമ്മാർജനം, പ്രവാസി ഉന്നമനം, എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസം, റസിഡൻഷ്യൽ കോളനികളിൽ കർഷിക വിപ്ലവം, ജലാശയ നവീകരണം, എസ് സി എസ് ടി വിഭാഗക്കാർക്ക് പൊതുശ്മശാനം, സ്വയം തൊഴിൽ, പി എസ് സി പരിശീലനം തുടങ്ങി വിവിധ പദ്ധതികളാണ് 20 ട്വന്റി കേരള മുന്നോട്ട് വയ്ക്കുന്നത്. 

ഭവന പദ്ധതി, ആരോഗ്യ സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, അഴിമതി രഹിത ഭരണം, മെഡിക്കൽ സഹായങ്ങൾ, സ്ത്രീ ശാക്തീകരണം, കലാ കായിക പ്രോത്സാഹന പദ്ധതികൾ, വ്യവസായികൾക്കുള്ള പ്രത്യേക പരിരക്ഷ എന്നിവയും 20 ട്വന്റി കേരളയുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ ആദ്യമായി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിത്വമാണ് റഹിമിന്റേത്.