ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. ആലപ്പുഴയും അമ്പലപ്പുഴയും പൊളിറ്റിക്കൽ മണ്ഡലങ്ങളല്ല. സീറ്റ് നിഷേധിച്ച കാര്യം പുനഃപരിശോധിക്കണം. വിജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എന്നാൽ രണ്ട് ടേം നിബന്ധന ആലപ്പുഴയ്ക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

വ്യക്തിപ്രഭാവം കൊണ്ട് നേടുന്ന വോട്ടുകളാണ് വിജയത്തിലേക്ക് എത്തിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും മണ്ഡലങ്ങളിൽ സിപിഐഎമ്മിന് ഭൂരിപക്ഷം നേടാനായിട്ടില്ല. മന്ത്രിമാരെ മാറ്റി നിർത്താനുള്ള തീരുമാനം തുടർ ഭരണ സാധ്യതക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

മന്ത്രിമാരായ ജി.സുധാകരനെയും തോമസ് ഐസകിനെയും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് ശരിയായില്ലെന്ന വികാരമാണ് ശനിയാഴ്ച ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും എല്ലാവരും പങ്കുവെച്ചത്. എന്നാൽ ഈ തീരുമാനം ശക്തമായി അടിച്ചേൽപ്പിക്കരുതെന്ന ഗൗരവമായ നിലപാടല്ല ജില്ല കമ്മിറ്റി സ്വീകരിച്ചത്. മറിച്ച് ഇവരെ മത്സരിപ്പിക്കുന്നില്ലെന്ന വിഷമം പങ്കുവെക്കുക മാത്രമായിരുന്നു.

അതേസമയം, തോമസ് ഐസക്കും സുധാകരനും പട്ടികയിലില്ലെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയും സമ്മതിച്ചു. അവർ മാത്രമല്ല, മറ്റു പല മന്ത്രിമാരും പട്ടികയില്ലല്ലോയെന്നും ആലപ്പുഴയ്ക്കു മാത്രമായി പ്രത്യേകതയുണ്ടോയെന്നുമാണ് അദ്ദേഹം ചോദിച്ചത്.

തീരുമാനം ആലപ്പുഴക്ക് വേണ്ടി മാത്രമല്ലെന്ന് പാർട്ടി സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. രണ്ടു ടേം നിബന്ധന സംസ്ഥാന തലത്തിലുള്ള നയമാണെന്നും വിജയരാഘവൻ പറഞ്ഞു. അതിനാൽ തന്നെ ഐസക്കിനെയും ജി.സുധാകരനെയും മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ജില്ലാകമ്മിറ്റിയിൽ എ.വിജയരാഘവൻ വ്യക്തമാക്കി.

ദലീമ ജോജോയുടെ സ്ഥാനാർത്ഥിത്വത്തിലും ജില്ലാ കമ്മറ്റിയിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഏത് മാനദണ്ഡത്തിന്റ അടിസ്ഥാനത്തിലാണ് ദലീമ ജോജോയ്ക്ക് പരിഗണന നൽകിയതെന്ന് അംഗങ്ങൾ ചോദിച്ചു. ദലീമക്ക് പിന്തുണ നൽകിയത് അരൂർ ഏരിയാ കമ്മറ്റിക്കും എഎം ആരിഫും മാത്രമാണ്.

സംസ്ഥാനസമിതിയുടെ പട്ടിക ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ അതാത് മണ്ഡലങ്ങളിൽ ഈ സ്ഥാനാർത്ഥി പട്ടിക റിപ്പോർട്ട് ചെയ്യുക എന്നുള്ളതാണ് ഇനിയുള്ള സാങ്കേതിക നടപടി. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ വിവിധ മണ്ഡലങ്ങളിൽ ഇത്തരത്തിലുള്ള കമ്മിറ്റികൾ നടക്കും. എട്ടാം തീയതി നടക്കുന്ന സംസ്ഥാനസമിതിയിൽ അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.