- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജി. സുധാകരന് പകരം എസ്.ഡി.പി.ഐക്കാരൻ സലാമോ'; അമ്പലപ്പുഴയിൽ സാധ്യത പട്ടികയിലുള്ള സിഐ.ടി.യു ജില്ല പ്രസിഡന്റിനെ എസ്.ഡി.പി.ഐക്കാരനെന്ന് മുദ്രകുത്തി പോസ്റ്ററുകൾ; അപകീർത്തിപ്പെടുത്തുന്നവർ എരപ്പാളികളെന്ന് സിപിഎം ജില്ല സെക്രട്ടറി; പോസ്റ്റർ വിവാദം കത്തുന്നു
ആലപ്പുഴ: അമ്പലപ്പുഴയിൽ മന്ത്രി ജി. സുധാകരന് പകരം സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ ഇടംപിടിച്ച സിഐ.ടി.യു ജില്ല പ്രസിഡന്റിനെ എസ്.ഡി.പി.ഐക്കാരനെന്ന് മുദ്രകുത്തി പോസ്റ്റർ പ്രചാരണം. ജി. സുധാകരനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പതിച്ച പോസ്റ്ററുകളിലാണ് സിഐ.ടി.യു ജില്ല പ്രസിഡന്റ് എച്ച്. സലാമിനെതിരെ ആക്ഷേപമുന്നയിച്ചത്.
'ജി യെ മാറ്റിയാൽ മണ്ഡലം തോൽക്കും. ജി. സുധാകരന് പകരം എസ്.ഡി.പി.ഐക്കാരൻ സലാമോ' എന്ന് ചോദിക്കുന്ന പോസ്റ്ററുകളാണ് വ്യാപകമായി പതിച്ചത്. പാർട്ടിയിലെ മുതിർന്ന അംഗത്തെ തന്നെ ഇത്തരത്തിൽ വിശേഷിപ്പിച്ചത് വൻ വിവാദത്തിനാണ് തിരികൊളുത്തിയത്.
അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന എച്ച്. സലാമിനെ അധിക്ഷേപിക്കും വിധമുള്ള പോസ്റ്ററുകളിലെ പരാമർശങ്ങൾ പാർട്ടിക്ക് ക്ഷീണമായി. ഇതിനെ ജില്ല സെക്രട്ടറി ആർ. നാസർ തള്ളിക്കളഞ്ഞു.
ചാനലുകളിൽ വാർത്തവരുത്താൻ സാമൂഹിക വിരുദ്ധരായിരിക്കും ഇപ്രകാരം പ്രവർത്തിച്ചതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, സലാമിനെ അപകീർത്തിപ്പെടുത്താൻ ഇപ്രകാരം പ്രവർത്തിച്ചവരെ എരപ്പാളികളെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര പറവൂർ ജങ്ഷനിൽ സുധാകരനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നു.
പേരും മതവും നോക്കി എസ്.ഡി.പി.ഐക്കാരനാക്കുന്ന പ്രവണതക്കെതിരെ രൂക്ഷവിമർശനവും പലകോണുകളിൽനിന്ന് ഉയർന്നു. വലിയ ചുടുകാട്ടിലാണ് പാർട്ടിവിരുദ്ധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പുന്നപ്ര -വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്ന വലിയചുടുകാട്ടിലെ, തലമുതിർന്ന നേതാവായ പി.കെ. ചന്ദ്രാനന്ദന്റെ സ്മൃതിമണ്ഡപത്തിലടക്കം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
ജി. ഇല്ലാതെ എന്ത് ഉറപ്പ്, ജി. സുധാകരനു പകരം എസ്.ഡി.പി.ഐക്കാരൻ സലാമോ എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മണ്ഡപത്തിലുള്ളത്. 'ജി.യെ മാറ്റിയാൽ മണ്ഡലം തോൽക്കും, പാർട്ടിക്ക് തുടർഭരണം വേണ്ടേ എന്നിങ്ങനെയാണ് മറ്റ് ചില പോസ്റ്ററുകൾ. സുധാകരനെ മാറ്റിയാൽ മണ്ഡലം നഷ്ടപ്പെടുമെന്നും ഇടതു മുന്നണിക്ക് തുടർഭരണം ഉണ്ടാകില്ലെന്നും സൂചിപ്പിക്കുന്നതാണ് പോസ്റ്ററുകൾ.
മന്ത്രിമാരായ ഡോ. തോമസ് ഐസക്കിനെയും ജി. സുധാകരനെയും വീണ്ടും മത്സരിപ്പിക്കണമെന്ന വിഷയം ചർച്ചചെയ്യാൻ ശനിയാഴ്ച സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുത്ത സിപിഎം ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങൾ ചേരുന്ന ദിവസം സുധാകരൻ അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പാർട്ടി കേന്ദ്രങ്ങളെ വിഷമസന്ധിയിലാക്കി.