മലപ്പുറം: മുസ്ലിം ലീഗ് കോട്ടയായ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പിടിച്ചെടുക്കാൻ മലപ്പുറം മുനിസിപ്പൽ മുൻ ചെയർമാനും ട്രേഡ് യൂണിയൻ നേതാവുമായ കെ. പി. മുഹമ്മദ് മുസ്തഫയെ രംഗത്തിറക്കി സിപിഎം. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മുഹമ്മദ് മുസ്തഫ ഇത്തവണ മത്സരിക്കുക.

കഴിഞ്ഞ തവണ നിലമ്പൂരിലും, താനൂരിലും എൽ.ഡി.എഫ് നേടിയ അട്ടിമറി വിജയം പെരിന്തൽമണ്ണയിലും നേടാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

കഴിഞ്ഞ തവണത്തെ നിലമ്പൂരിലെ സ്ഥാനാർത്ഥി പി.വി.അൻവറും, താനൂരിലെ സ്ഥാനാർത്ഥി വി.അബ്ദുറഹിമാനും പഴയ കോൺഗ്രസുകാരും പണച്ചാക്കുകളുമായിരുന്നു. ഇതിന് സമാനമായി ഇത്തവണ ലീഗിലെ പണച്ചാക്കിനെ ഒപ്പം ചേർത്താണ് എൽ.ഡി.എഫ് കരുക്കൾ നീക്കുന്നത്.

2005-10 കാലത്ത് മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് മലപ്പുറം മുനിസിപ്പാലിറ്റിയിലെ വലിയങ്ങാടി വാർഡ് കൗൺസിലറായും 2010-15 കാലത്ത് മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാനായും മുഹമ്മദ് മുസ്തഫ പ്രവർത്തിച്ചിട്ടുണ്ട്.

അതേ സമയം പണച്ചാക്ക് സ്ഥാനാർത്ഥിയായ മുസ്തഫയെ എൽ.ഡി.എഫ് മത്സരിപ്പിക്കുന്നത് കോടികൾ വാങ്ങിയാണെന്ന ആരോപണവുമായി മുസ്ലിംലീഗ് രംഗത്തെത്തി.

പൗരപ്രമുഖനും വ്യവസായിയുമായ മലപ്പുറത്തെ കെ. പി. മുഹമ്മദാലി ഹാജിയുടേയും കദീജയുടേയും നാലാമത്തെ മകനാണ് മുസ്തഫയെന്ന ഈ അമ്പത്തിരണ്ടുകാരൻ. കോഴിക്കോട് മീഞ്ചന്ത എൻ. എസ്. എസ്. സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസവും ഫാറൂഖ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനവും ചെന്നൈ അണ്ണ യൂണിവേഴ്സിറ്റിയിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദവും നേടിയ മുഹമ്മദ് മുസ്തഫ നിരവധി ബിസിനസുകളുടെ സംരംഭകൻ കൂടിയാണ്. കെ. പി. എം, ട്രിപ്പന്റെ ഗ്രൂപ്പ് ഹോട്ടലുകളുടെ മാനേജിങ് ഡയരക്ടറും കെ. പി. എം സാനിറ്റേഷൻസ്, അഗ്രോ ഫുഡ്സ് എന്നിവയുടെ ഡയരക്ടറുമാണ്.

സ്വതന്ത്രമോട്ടോർ തൊഴിലാളിയൂണിയൻ ( എസ്. എം. ടി. യു.) മലപ്പുറം ജില്ലാപ്രസിഡണ്ട്, മലപ്പുറം മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്, എന്നീ നിലകളിൽ പ്രവർത്തിച്ചു. സാമൂഹിക സേവന രംഗത്തും സന്നദ്ധ പ്രവർത്തന മേഖലയിലും സജീവമാണ്. ഭാര്യ: ആസ്യ. മക്കൾ കദീജ നസ്മി, ഫാത്തിമ നസ്ലി, ആയിശ നസ്വ, റസിയ നൗറ, നാസിൽ മുഹമ്മദലി.