തിരുവനന്തപുരം: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാമത്തേതാണ് നേമം. എന്ത് വിലകൊടുത്തും നിലനിർത്താൻ ബിജെപി നേതൃത്വം ആഗ്രഹിക്കുന്ന മണ്ഡലം. ഉമ്മൻ ചാണ്ടി നിർത്തി കേരളത്തിലെ ബിജെപിയുടെ ഏകമണ്ഡലം തിരികെപ്പിടിക്കാമെന്ന കണക്കുകൂട്ടലുമായി കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തിയതോടെ നേമത്ത് കടുത്ത പോരാട്ടം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം. 

ഹൈക്കമാൻഡ് നിർദ്ദേശത്തിന് പിന്നാലെ ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന് റിപ്പോർട്ടും പുറത്തുവന്നെങ്കിലും അദ്ദേഹം തീർത്തു പറഞ്ഞിട്ടില്ല. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിപ്പിക്കാനാണ് ധാരണ ഉണ്ടാക്കിയത്. രമേശ് ചെന്നിത്തല, കെ മുരളീധരൻ, ഉമ്മൻ ചാണ്ടി എന്നിവരിൽ ആരെങ്കിലും ഒരാൾ മത്സരിക്കണമെന്നായിരുന്നു സ്‌ക്രീനിങ് കമ്മിറ്റിയിൽ ഉയർന്നത്.

ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള നിർദ്ദേശം വച്ചത് ഹൈക്കമാൻഡാണ്. ഇത് കേരളത്തിൽ ഉടനീളം പ്രതിഫലിക്കുമെന്ന നിലപാടിലാണ് ഹൈക്കമാൻഡ് പറയുന്നത്. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ പൂർണ സമ്മതം അറിയിച്ചിട്ടില്ല. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം.

ബിജെപിയുടെ ഗുജറാത്തായ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയോ, കെ മുരളീധരനോ തയ്യാറായാൽ കുമ്മനം രാജശേഖരനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള തീരുമാനം ബിജെപി മാറ്റിയേക്കുമെന്നാണ് സൂചന. മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി വി.ശിവൻകുട്ടി പ്രഖ്യാപിച്ച സിപിഎം പ്രചരണം ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസിൽ നിന്നും കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. അതിനാൽ കോൺഗ്രസ്സ് പട്ടിക വന്ന ശേഷമേ കുമ്മനത്തെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം ബിജെപി എടുക്കൂ.

വി.ശിവൻകുട്ടി 2011ൽ വിജയിക്കും മുമ്പ് നേമം കോൺഗ്രസ്സിനൊപ്പമായിരുന്നു. ഘടകകക്ഷിയായ ജനതാദളിന് സീറ്റ് നൽകിയതോടെ മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും അലംഭാവം കാണിക്കുകയായിരുന്നു. കേരളത്തിൽ കോൺഗ്രസ്സിന്റെ വളർച്ചയ്ക്ക് തടയിടാൻ ശ്രമിക്കുന്നതിൽ ഒന്നാമനാണ് ബിജെപി. അതിനാൽ എന്ത് വിലകൊടുത്തും നേമം മണ്ഡലം പിടിച്ചെടുക്കണമെന്നും പ്രമുഖനേതാക്കളെ അവിടെ മത്സരിപ്പിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും മത്സരിക്കാമോ എന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ ചോദിക്കുകയും ചെയ്തിരുന്നു.

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാമത്തേതാണ് നേമം. എന്ത് വിലകൊടുത്തും അത് നിലനിർത്താനാണ് അവരുടെ ശ്രമം. പാർട്ടി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലം എന്ന പ്രത്യേകതകൂടിയുണ്ട്. ഇത്തവണ പരാജയപ്പെട്ടാൽ വലിയ തിരിച്ചടിയായിരിക്കും സംഭവിക്കുക. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ പാർട്ടി കുമ്മനത്തിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ഉമ്മൻ ചാണ്ടിയോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രമുഖ നേതാക്കളോ നേമത്ത് സ്ഥാനാർത്ഥിയായാൽ കുമ്മനം വട്ടിയൂർക്കാവിലേക്ക് മാറാനാണ് സാധ്യത. ഇവിടെ സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം മത്സരിക്കാൻ വലിയ താൽപര്യം കാണിക്കുന്നില്ല. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കുമ്മനം വട്ടിയൂർക്കാവിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

തൃശ്ശൂരിലും തിരുവനന്തപുരം സെൻട്രലിലും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് സൂചന.സ്ഥാനാർത്ഥി പട്ടികയിൽ വി മുരളീധരന്റെ പേര് ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക. മെട്രോ മാൻ ഇ ശ്രീധരൻ പാലക്കാട്ട് മത്സരിക്കും.

കോന്നിയിലെ ഒന്നാം പേരാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെത്്. നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരൻ വട്ടിയൂർകാവ് മണ്ഡലത്തിലെ സാധ്യതാ പട്ടികയിലും ഉണ്ടെന്നതും ശ്രദ്ധേയമാണ്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കുറിച്ച് അന്തിമ തീരുമാനം ആയില്ല.

കോഴിക്കോട് നോർത്ത് എംടി രമേശും കോവളത്ത് എസ് സുരേഷും മത്സരിക്കുമെന്നാണ് സാധ്യത. കാട്ടാക്കടയിൽ പികെ കൃഷ്ണദാസിനെ സ്ഥാനാർത്ഥിയാക്കും. മലമ്പുഴ സി കൃഷ്ണ കുമാർ മത്സര രംഗത്ത് ഉണ്ടാകുമെന്നും ഉറപ്പായി. സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്

അതിനിടെ കേന്ദ്ര മന്ത്രിമാർ തൃശൂർ അതിരൂപതാ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിപ്രഹ്‌ളാദ് ജോഷിയും വി മുരളീധരനുമാണ് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തിയത്. .പ്രഭാരി സി പി രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയം സംസാരിച്ചില്ലെന്നും പൊതു കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്നുമാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു കൂട്ടരും പ്രതികരിച്ചത്.