- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമം പിടിക്കാനുള്ള കോൺഗ്രസിന്റെ അതികായൻ ഉമ്മൻ ചാണ്ടി തന്നെ? പുതുപ്പള്ളിക്ക് പുറമെ രണ്ടാം മണ്ഡലമായി പരിഗണനയിൽ; സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചെന്ന് സൂചന; നിർബന്ധിക്കില്ലെന്നും സ്വയം തീരുമാനിക്കാമെന്നും രാഹുൽ; അണികളുടെ 'തടവിൽ' പുതുപ്പള്ളിയും ഉറപ്പിച്ച് നേമത്ത് ഒസി മാസ് എൻട്രി നടത്തുമെന്ന പ്രതീക്ഷയിൽ പ്രവർത്തകർ; മാനം കാക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി നേതൃത്വവും
ന്യൂഡൽഹി: ബിജെപിക്ക് പ്രാതിനിധ്യമുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായ നേമം തിരിച്ചുപിടിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ മത്സര രംഗത്ത് ഇറങ്ങിയേക്കും. നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെ സന്നദ്ധതയ അറിയിച്ചതായാണ് പുറത്ത് വരുന്ന വിവരം. നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കില്ലെന്നും സ്വയം തീരുമാനിക്കാമെന്നും രാഹുൽ ഗാന്ധി നിലപാടെടുത്തതായാണ് വിവരം.
നേമത്തിന് പുറമെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മൻ ചാണ്ടി മത്സരിക്കും.ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാർത്ഥി വേണമെന്ന് ഹൈക്കമാൻഡ് നേരത്തെ നിർദ്ദേശിച്ചിരുന്നു. നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മൻ ചാണ്ടിയോടും വട്ടിയൂർക്കാവിലേക്ക് മാറാമോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാൻഡ് ചോദിച്ചിരുന്നു. ഏറ്റവും മികച്ച , ജനസമ്മിതിയുള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്നാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നത്.
ഇന്ന് രാവിലത്തെ വൈകാരിക പ്രകടനങ്ങൾക്ക് നടുവിൽ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാമെന്നും മണ്ഡലം മാറില്ലെന്നും ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടി മറുപടി പറഞ്ഞില്ല. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. പുതുപ്പള്ളി വിടില്ലെന്ന് മാത്രമായിരുന്നു ചിരിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ മറുപടി.
തിരുവനന്തപുരം കോർപ്പറേഷനിലെ 22 വാർഡുകൾ ഉൾപ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. 2016ലെ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി സംസ്ഥാനത്ത് നിയമസഭാ അക്കൗണ്ട് തുറന്നതോടെയാണ് ഇരുമുന്നണികൾക്കും നേമം അഭിമാന പോരാട്ടമാകുന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജഗോപാൽ ആദ്യമായി നിയമസഭയിലെത്തുന്നത്.
സ്ഥാനാർത്ഥി നിർണയ ചർച്ചകൾ മുറുകിയതോടെയാണ് കോൺഗ്രസിൽ നേമം അഭിമാനപ്രശ്നമായി ഉയർന്നുവന്നത്. ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ കുന്തമുനയാക്കി നേമത്തെ ചിത്രീകരിച്ചതിന് പിന്നാലെ കരുത്തനായ നേതാവ് മത്സര രംഗത്ത് എത്തുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതോടെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരടക്കം പ്രമുഖ നേതാക്കളുടെ പേരുകൾ ഉയർന്നുകേട്ടിരുന്നു.
ആദ്യം കെ. മുരളീധരനിൽ ആ വി.ഐ.പിയെ തേടി. പക്ഷേ, മുരളി ഓകെ പറഞ്ഞതോടെ മുഖ്യമന്ത്രി എന്ന ക്ലെയിം കൂടി അതിൽ വന്നേക്കാമെന്ന് തിരിച്ചറിഞ്ഞ് തുടക്കത്തിലെ ആ പേര് വെട്ടി. പിന്നെ വി എം. സുധീരൻ, മുല്ലപ്പള്ളി, കെ.സി. വേണുഗോപാൽ എന്നിവരിലേക്ക് ആ അന്വേഷണം എത്തി. പക്ഷേ പ്രതീക്ഷിച്ച ആ യേസ് കിട്ടിയില്ല. അതോടെ ഉമ്മൻ ചാണ്ടി എന്ന പേരിലേക്ക് തിരിഞ്ഞു. ചർച്ച ആ വഴിതിരിഞ്ഞതോടെ നേമത്തെ ആ ഒന്നാമൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. അതോടെ ചെന്നിത്തലയും യേസ് പറഞ്ഞെന്നായി വാർത്തകൾ.
ആ റിസ്‌ക് ഉമ്മൻ ചാണ്ടി ഏറ്റെടുക്കുമെന്ന പ്രചാരണം വ്യാപകമായതോടെ ഒഴിയാൻ വഴി തേടി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലേക്ക് വച്ചുപിടിച്ചു. അണികളുടെ 'തടവിൽ' ഉമ്മൻ ചാണ്ടി പ്രവർത്തകർക്ക് മുന്നിൽ പുതുപ്പള്ളിയിലെ നാമനിർദ്ദേശവും പ്രഖ്യാപിച്ചു. അണികളുടെ പ്രകടനമില്ലെങ്കിലും ചെന്നിത്തലയാകട്ടെ ഹരിപ്പാട് തനിക്ക് അമ്മയെ പോലെയെന്ന് പ്രഖ്യാപിച്ച് അതിന് മാറ്റ് കൂട്ടി.
ചർച്ചകൾ മുറുകിയതോടെ ഒരു പ്രാദേശിക നേതാവിനെ അവതരിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും നേതൃത്വം ഭയന്നു. അത് ഇടതുപക്ഷത്തിനും ബിജെപിക്കും ഒരു പോലെ ആയുധവുമാക്കുമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഒടുവിൽ ഉമ്മൻ ചാണ്ടിയെ തന്നെ മത്സര രംഗത്തിറക്കാൻ കോൺഗ്രസ് ഹൈക്കമാന്റ് നേരിട്ട് ഇടപെട്ടത്. ഒടുവിൽ സുരക്ഷിതമായ പുതുപ്പള്ളിക്ക് ഒപ്പം നേമത്തും ഉമ്മൻ ചാണ്ടിയെ നിർത്തി പോരാട്ടവീര്യം അഭിമാനം കാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.